കോതമംഗലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന ഷിബു തെക്കുംപുറം ക്രിമിനൽ കേസിലെ പ്രതി - Kerala Times    

കോതമംഗലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന ഷിബു തെക്കുംപുറം ക്രിമിനൽ കേസിലെ പ്രതി

February 16, 2026
ei 1771248733027 removebg preview 1

കൊച്ചി > കോതമംഗലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന ഷിബു തെക്കുംപുറം ക്രിമിനല്‍ കേസിലെ പ്രതി. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ടിക്കറ്റിലാണ് ഷിബു മത്സരിക്കാന്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസ് ഉന്നത നേതാവിന്റെ ശുപാര്‍ശയില്‍ സീറ്റ് ഏറെക്കുറെ ഉറപ്പാക്കുകയും ചെയ്തിരുന്നു. കോതമംഗലത്ത് ഷിബു തെക്കുംപുറം സ്ഥാനാര്‍ഥി ആകുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം കോണ്‍ഗ്രസില്‍നിന്നും കേരളാ കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഷിബു തെക്കുംപുറം കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ലിമിറ്റഡുമായി (KLM Axiva Finvest Limited) ബന്ധപ്പെട്ട വഞ്ചനാ കേസില്‍ പ്രതിയാണെന്ന വിവരം പുറത്തുവരുന്നത്‌. കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. മുഖ്യധാര മാധ്യമങ്ങൾ മൗനം പാലിച്ചപ്പോൾ കേരള ടൈംസ് അടക്കമുള്ള ചിലഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഇടപെടലാണ് ഈ വിവരം പുറത്തെത്തിച്ചത്.

ഷിബു തെക്കുംപുറം ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് അറിഞ്ഞതോടെ സ്വന്തം പാര്‍ട്ടിയിലും കോണ്‍ഗ്രസില്‍ നിന്നും ശക്തമായ എതിര്‍പ്പുകളാണ് ഉയര്‍ന്നത്. കോതമംഗലം സീറ്റില്‍ മത്സരിക്കുവാന്‍ നിലവില്‍ ജനകീയരായിട്ടുള്ള നേതാക്കള്‍ ആരും ജോസഫ് ഗ്രൂപ്പില്‍ ഇല്ല. അല്ലെങ്കില്‍ മണ്ഡലത്തിന് പുറത്തുനിന്നും സ്ഥാനാര്‍ഥിയെ കണ്ടെത്തണം. ഇത് കനത്ത പരാജയത്തിന് കാരണമാകും. അതിനാല്‍ കോതമംഗലം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നാണ് പുതിയ വിവരം. കേസില്‍ ഷിബു തെക്കുംപുറം ഉള്‍പ്പെടെയുള്ളവര്‍ മുന്‍‌കൂര്‍ ജാമ്യം നേടിയിട്ടുണ്ടെങ്കിലും ഈ കേസ് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് നിയമവിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. 

ഷിബു തെക്കുംപുറം നിയന്ത്രിക്കുന്നതാണ് കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം (KLM Axiva Finvest Limited). ഈ സ്ഥാപനത്തില്‍ നിന്നും ലോണെടുത്ത ആളില്‍ നിന്ന് ലോൺ തുകയും പലിശയും തിരിച്ചടവാക്കി ഈടാക്കുകയും അതിന് പുറമെ വീണ്ടും അധികതുക ആവശ്യപ്പെടുകയും ചെയ്തു വഞ്ചിച്ചെന്നാണ് കേസ്. എറണാകുളം സ്വദേശിയായ ബിസിനസുകാരന്‍ പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനിലാണ് കെ.എല്‍.എം ആക്‌സിവക്കെതിരെ പരാതി നല്കിയതും വഞ്ചനാകുറ്റത്തിന് കേസെടുത്തതും. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് തോന്നിയതിനാല്‍ പരാതിക്കാരൻ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

കെഎല്‍എം ആക്‌സിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഷിബുവിനെ കൂടാതെ ഏഴ് പേരെ പ്രതികളാക്കിയാണ് കേസെടുത്തിരുന്നത്. ഇതില്‍ മുന്‍ അംബാസിഡര്‍ കൂടിയായ വിദേശകാര്യ വിദഗ്ധന്‍ ടി പി ശ്രീനിവാസനും ഉള്‍പ്പെടുന്നു. സ്ഥാപനത്തിന്റെ ചെയര്‍മാനാണ് ടി പി ശ്രീനിവാസന്‍. കെ.എം. കുരിയാക്കോസ് (ഡയറക്ടര്‍), എം.പി. ജോസഫ് (ഡയറക്ടര്‍), ബിജി ഷിബു (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍), മനോജ് രവി (സിഇഒ), അബ്രഹാം തരിയന്‍ (ഡയറക്ടര്‍), അനു മോഹനന്‍ (ബ്രാഞ്ച് മാനേജര്‍) എന്നിവരും കേസില്‍ പ്രതികളാണ്. FIR 1729/2025 പ്രകാരം വഞ്ചനാക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിനിടെ പ്രതികൾ മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്.

ചുരുങ്ങിയ കാലം കൊണ്ട് കേരളത്തില്‍ വളര്‍ന്ന സ്ഥാപനത്തിനെതിരെ പരാതിയുമായി രംഗത്തുവന്നത് മുംബൈയിലും കേരളത്തിലുമായി ബിസിനസ് നടത്തുന്ന വ്യാപാരിയാണ്. കെഎല്‍എം ആക്‌സിവയുടെ കോലഞ്ചേരി ബ്രാഞ്ചില്‍ നിന്ന് 2016ല്‍ അദ്ദേഹം ലോണെടുത്തത് 1.5 കോടി രൂപയാണ്. 2021 ആയപ്പോഴേക്കും പലിശയടക്കം 2.30 കോടി രൂപ കൃത്യമായി തിരിച്ചടച്ചു. അതായത് 80 ലക്ഷം രൂപ പലിശയായി അടച്ചു. ലോണ്‍ തീര്‍ന്നു എന്നു കുരുതി ഇരിക്കവേയാണ് അങ്ങനെയല്ല ലോണ്‍ അടവ് കഴിഞ്ഞിട്ടില്ലെന്ന് സ്ഥാപനം വ്യവസായിയെ അറിയിച്ചത്. ഇനിയും 2 കോടി രൂപ കൂടി അടയ്ക്കണം എന്നായിരുന്നു ആവശ്യം. താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് മനസ്സിലായ വ്യവസായി പണം അടയ്ക്കുന്നത് നിര്‍ത്തി. ഇതോടെ സ്ഥാപനം വിലപേശലിനായി രംഗത്തുവന്നു. ആദ്യം 1.80 കോടി വേണമെന്നായി, പിന്നീട് ഒരു കോടി, അവസാനം 80 ലക്ഷം അടച്ചാല്‍ മതിയെന്നും പറഞ്ഞു.

ഈ തര്‍ക്കം തുടരുന്നതിനിടെയാണ് ബ്ലാങ്ക് ചെക്ക് വെച്ച് കെണിയൊരുക്കിയത്. തര്‍ക്കം തുടരുന്നതിനിടെയാണ് കെഎല്‍എം ആക്‌സിവയുടെ ഞെട്ടിക്കുന്ന ‘അതിബുദ്ധി’ പുറത്തുവരുന്നത്. ലോണിന്റെ സുരക്ഷയ്ക്ക് വേണ്ടി കൊടുത്ത രണ്ട് ബ്ലാങ്ക് ചെക്കുകള്‍, ആ ബ്ലാങ്ക് ചെക്കുകളില്‍ രണ്ടു കോടി വീതം രേഖപ്പെടുത്തി ഇടപാടുകാരനെ വഞ്ചിച്ചുകൊണ്ട് ബാങ്കില്‍ കളക്ഷന്‍ കൊടുക്കുകയാണ് സ്ഥാപന അധികൃതര്‍ ചെയ്തത്. നാലു കോടി രൂപയുടെ ചെക്ക് കൊടുത്തു എന്നാണ് ധനകാര്യ സ്ഥാപനം വാദിച്ചത്. ഇതോടെ ബാങ്കില്‍ നിന്നും ചെക്ക് ബൗണ്‍സ് ആകുന്നു. സ്വാഭാവികമായും സംഭവിക്കുന്നതാണ്. ബാങ്ക് 20,000 രൂപ ഈ ബിസിനസുകാരന് പിഴ അടിക്കുന്നു. ഒരു ചെക്ക് ബൗണ്‍സ് ആയാല്‍ സ്വാഭാവികമായും അങ്ങനെ ഒരു പ്രവര്‍ത്തിയുണ്ട്. വലിയൊരു ചെക്ക് ആയതുകൊണ്ടാണ് 20,000 രൂപ പിഴ വന്നത്. മാത്രമല്ല ഇത് ഈ വ്യക്തിയുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകയും ചെയ്തു.

വാസ്തവത്തില്‍ കെഎല്‍എം ആക്‌സിവ ശ്രമിച്ചത് രണ്ടു കോടി വീതം നാലു കോടിയുടെ രണ്ട് ചെക്ക് മടങ്ങി കഴിയുമ്പോള്‍ ചെക്ക് മടങ്ങിയതിന് കേസ് കൊടുക്കാമെന്നാണ്. എന്നാല്‍ ഈ ബിസിനസുകാരന്‍ ഉടനടി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനില്‍ പോയി വഞ്ചന കേസ് കൊടുക്കുകയാണ് ചെയ്തത്. ഒന്നര കോടി ലോണ്‍ എടുത്തു രണ്ടു കോടി 30 ലക്ഷം രൂപ അടച്ചിട്ടും വീണ്ടും വഞ്ചന നടത്തി നാലു കോടി അടിച്ചു മാറ്റാന്‍ ശ്രമം നടത്തുന്നു എന്ന് പറഞ്ഞാണ് പരാതി കൊടുത്തത്.

പുത്തന്‍കുരിശു പോലീസ് കെഎല്‍എം ആക്‌സിവെയും അതിന്റെ ഡയറക്ടര്‍മാരെയും പ്രതികളാക്കി കേസ് എടുത്തു. വഞ്ചന കേസ് ബിഎന്‍എസ് നിലവില്‍ വരുന്നതിനു മുമ്പ് സംഭവിച്ച വഞ്ചന ആയതുകൊണ്ട് ഐപിസി അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. 406ഉം 420ഉം വകുപ്പുകള്‍ ഇട്ടു. കൂടാതെ ബിഎന്‍എസിലെ 316ഉം 318നും ഇട്ടു. ഈ വകുപ്പുകള്‍ ഗൗരവമറിയ വകുപ്പുകളാണ്.

Latest from Blog

error: Content is protected !!