സഹകരണ ബാങ്കുകൾക്ക് പൊതുസോഫ്റ്റ്‌വെയർ; ടെൻഡറിൽ അട്ടിമറി, കരാർ സിപിഎം നിയന്ത്രണത്തിലുള്ള ദിനേശിന് - Kerala Times    

സഹകരണ ബാങ്കുകൾക്ക് പൊതുസോഫ്റ്റ്‌വെയർ; ടെൻഡറിൽ അട്ടിമറി, കരാർ സിപിഎം നിയന്ത്രണത്തിലുള്ള ദിനേശിന്

February 20, 2026
file 000000003838720881ec190d8dd8c1e8

തിരുവനന്തപുരം> സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിനുമുൻപ്‌ സഹകരണ ബാങ്കുകളിൽ ഏകീകൃത സോഫ്റ്റ്‌വേർ സ്ഥാപിക്കാനുള്ള കരാർ സി.പി.എം. നിയന്ത്രണത്തിലുള്ള ദിനേശ് സഹകരണ സംഘത്തിന് നൽകാൻ വഴിവിട്ട നീക്കം. 4400 ബാങ്ക് ശാഖകൾക്ക് സോഫ്റ്റ്‌വേർ സ്ഥാപിക്കാനാണ് ടെൻഡർ വിളിച്ചത്. എന്നാൽ, ദിനേശ് 280 ശാഖകൾക്കുള്ള ചെലവാണ് ടെൻഡറിൽ കാണിച്ചത്. ഇതനുസരിച്ച് കുറഞ്ഞ തുക ക്വാട്ട് ചെയ്ത ദിനേശിന് കരാർ നൽകാനാണ് ധാരണ. 280 ശാഖകൾക്കു മാത്രമാണോ, 1612 സഹകരണ ബാങ്കുകളുടെ 4400 ശാഖകളിലാണോ കോമൺ സോഫ്റ്റ്‌വേർ സ്ഥാപിക്കേണ്ടതെന്ന് ടെൻഡറിൽ പങ്കെടുത്ത മറ്റുള്ളവർ ആവർത്തിച്ച് ചോദിച്ചിട്ടും രജിസ്ട്രാർ മിണ്ടിയിട്ടില്ല. ഇതോടെ മറ്റു കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

സഹകരണബാങ്കുകളിലെ പൊതുസോഫ്റ്റ്‌വേർ പദ്ധതിക്ക് നേരത്തേ ടി.സി.എസിന് കരാർ നൽകിയതായിരുന്നു. 280 കോടിക്കായിരുന്നു കരാർ. എന്നാൽ, ഇതിൽനിന്ന് ടി.സി.എസ്. പിന്മാറി. ടെൻഡറില്ലാതെ ദിനേശിന് കരാർ നൽകാൻ സഹകരണ വകുപ്പ് ആലോചിച്ചിരുന്നു. മന്ത്രി വി.എൻ. വാസവൻ ഇവരുമായി ചർച്ചനടത്തുകയും ചെയ്തു. എന്നാൽ, ടെൻഡർ വിളിക്കാതെ കരാർ നൽകിയാൽ പ്രശ്നമാകുമെന്ന നിലപാട് ഉദ്യോഗസ്ഥർ സ്വീകരിച്ചു. സഹകരണസംഘങ്ങളിൽ പരിശോധനയ്ക്ക് സിംസ് (കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ഷൻ മാനേജ്‌മെന്റ് സിസ്റ്റം) എന്ന ഒരു ആപ്പ് ടെൻഡറില്ലാതെ ദിനേശാണ് തയ്യാറാക്കിയത്. അതിനെതിരേ പല പരാതികളും നിലനിൽക്കുന്നുണ്ട്. എന്നാൽ, കരാർ ദിനേശിന് കിട്ടുന്നവിധത്തിൽ ടെൻഡർ വ്യവസ്ഥകൾ അട്ടിമറിച്ചെന്നാണ് ഇപ്പോഴത്തെ പരാതി.

കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളിൽ സോഫ്റ്റ്‌വേർ ചെയ്ത് പരിചയമുള്ള കമ്പനികൾക്ക് കൺസോർഷ്യം രൂപവത്കരിച്ച് ടെൻഡറിൽ പങ്കെടുക്കാമെന്നായിരുന്നു പുതിയ വ്യവസ്ഥ. സഹകരണ സംഘങ്ങളായ ദിനേശിന്റെയും മിറ്റ്‌കോയുടെയും നേതൃത്വത്തിൽ രണ്ട് കൺസോർഷ്യമാണ് ടെൻഡറിൽ പങ്കെടുത്തത്. 280 ശാഖകൾക്ക് സോഫ്റ്റ്‌വേർ സ്ഥാപിക്കുന്നതിനുള്ള 50 കോടിയാണ് ടെൻഡറിൽ ദിനേശ് നൽകിയത്. മിറ്റ്‌കോ 4400 ശാഖകൾക്കായി 231 കോടി ടെൻഡറിൽ കാണിച്ചു.

ഐ.പി. ലൈസൻസ് ദിനേശിനില്ല

ദിനേശ് രണ്ട് സോഫ്റ്റ്‌വേറാണ് നൽകിയത്. ഇതിൽ ഒന്ന് സാങ്കേതിക പരിശോധനയിൽ തള്ളിപ്പോയി. രണ്ടാമത്തേത്, ഒരു സ്വകാര്യ കമ്പനിയുടെ സോഫ്റ്റ്‌വേറിൽ മാറ്റംവരുത്തി ദിനേശ് സമർപ്പിച്ചതാണ്. ഇതിന് ടെക്‌നിക്കൽ കമ്മിറ്റിയുടെ അംഗീകാരം കിട്ടിയെങ്കിലും സോഫ്റ്റ്‌വേറിന്റെ ഐ.പി. ലൈസൻസ് ദിനേശിനില്ല. ഈ വീഴ്ചയും മറച്ചുവെച്ചാണ് ‘റിവേഴ്‌സ് ബിഡ്’ നടത്തിയത്. 280 ശാഖകൾക്കാണ് സോഫ്റ്റ്‌വേർ ചെയ്യേണ്ടതെങ്കിൽ 45.60 കോടിക്ക് ചെയ്യാമെന്നുകാണിച്ച് മിറ്റ്‌കോ രജിസ്ട്രാർക്ക് കത്തുനൽകി. എന്നാൽ, കത്ത് പരിഗണിക്കേണ്ടതില്ലെന്നാണ് സഹകരണവകുപ്പിന്റെ നിലപാട്.

Latest from Blog

error: Content is protected !!