കുടുംബപ്പോര് മുറുകി;'മംഗള'ത്തില്‍ ഇനി 'അഡ്മിനിസ്ട്രേറ്റര്‍' ഭരണം! സഹോദരങ്ങള്‍ തമ്മിലുള്ള നിയമയുദ്ധത്തില്‍ എന്‍.സി.എല്‍.ടിയുടെ ഇടപെടൽ - Kerala Times    

കുടുംബപ്പോര് മുറുകി;’മംഗള’ത്തില്‍ ഇനി ‘അഡ്മിനിസ്ട്രേറ്റര്‍’ ഭരണം! സഹോദരങ്ങള്‍ തമ്മിലുള്ള നിയമയുദ്ധത്തില്‍ എന്‍.സി.എല്‍.ടിയുടെ ഇടപെടൽ

February 21, 2026

കോട്ടയം> പ്രമുഖ മലയാള ദിനപത്രമായ മംഗളത്തിന്റെയും വിവിധ വാരികകളുടെയും പ്രസാധകരായ മംഗളം പബ്ലിക്കേഷന്‍സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഭരണം നിയന്ത്രിക്കാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (NCLT) ഇടക്കാല അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു. കമ്പനിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി കുടുംബാംഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തെത്തുടര്‍ന്നാണ് ഈ നടപടി. ഓഹരി ഉടമകളും മാനേജ്മെന്റും തമ്മിലുള്ള നിരന്തരമായ തര്‍ക്കം കമ്പനിയുടെ ബിസിനസിനെയും ജീവനക്കാരുടെയും മറ്റ് പങ്കാളികളുടെയും താല്‍പ്പര്യങ്ങളെയും ദോഷകരമായി ബാധിക്കുന്നുവെന്ന് ജുഡീഷ്യല്‍ അംഗം വിനയ് ഗോയല്‍ നിരീക്ഷിച്ചു. തര്‍ക്കങ്ങളില്‍ അന്തിമ വിധി വരാന്‍ സമയമെടുക്കുമെന്നതിനാല്‍, കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഒരു ഇടക്കാല അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നത് ഉചിതമാണെന്ന് ട്രൈബ്യൂണല്‍ വിലയിരുത്തി.

മംഗളം ഗ്രൂപ്പ് സ്ഥാപകന്‍ പരേതനായ എം.സി. വര്‍ഗീസിന്റെ കുടുംബാംഗങ്ങള്‍ തമ്മിലാണ് തര്‍ക്കം നടക്കുന്നത്. സാജന്‍ വര്‍ഗീസ്, സാബു വര്‍ഗീസ്, ഡോ. സാജി വര്‍ഗീസ് എന്നിവരടങ്ങുന്ന വിഭാഗമാണ് (ഇവര്‍ക്ക് 74.12% ഓഹരിയുണ്ട്) ഒരുവശത്ത്. മറു വശത്ത് ബിജു വര്‍ഗീസും കുടുംബവും (24.70% ഓഹരി). മാനേജ്മെന്റിലെ കെടുകാര്യസ്ഥതയും പീഡനവും ആരോപിച്ച് ബിജു വര്‍ഗീസിന്റെ മക്കളായ സിനാര വര്‍ഗീസും തോഷ്മ വര്‍ഗീസുമാണ് ട്രൈബ്യൂണലിനെ സമീപിച്ചത്.

ഇതേ തുടര്‍ന്ന് കമ്പനിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു: ഭൂരിപക്ഷ ഡയറക്ടര്‍മാരെ ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് നേരത്തെ ട്രൈബ്യൂണല്‍ തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ബാങ്കുകള്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കി. കമ്പനിയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ സിറിയക് സാജന്‍, ബാബു ജോസഫ് എന്നിവരെ അഡീഷണല്‍ ഡയറക്ടര്‍മാരായി നിയമിക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചെങ്കിലും മറുവിഭാഗം ഇതിനെ എതിര്‍ത്തു. ഇതോടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതും പത്രത്തിന്റെ ദൈനംദിന ചിലവുകള്‍ നടത്തുന്നതും അസാധ്യമായി. ഈ സാഹചര്യത്തിലാണ് സ്ഥാപനം തകരാതിരിക്കാന്‍ ഒരു സ്വതന്ത്ര അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്ന ആവശ്യത്തില്‍ ഇരുവിഭാഗവും യോജിച്ചത്.

ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രാജ്മോഹന്‍ ആര്‍.-നെ ഇടക്കാല അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. ആറ് മാസത്തേക്കോ അല്ലെങ്കില്‍ അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെയോ ആയിരിക്കും ഇദ്ദേഹത്തിന്റെ കാലാവധി. മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ ഉടനടി തുറന്നു നല്‍കാനും അഡ്മിനിസ്ട്രേറ്റര്‍ക്ക് അവ കൈകാര്യം ചെയ്യാന്‍ അനുമതി നല്‍കാനും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നൽകി. അഡ്മിനിസ്ട്രേറ്ററെ സഹായിക്കാന്‍ ഓരോ വിഭാഗത്തില്‍ നിന്നും രണ്ട് പ്രതിനിധികള്‍ വീതമുള്ള ഒരു കണ്‍സള്‍ട്ടേഷന്‍ കമ്മിറ്റി രൂപീകരിക്കും. എന്നാല്‍ ഇവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ ബാധ്യസ്ഥനല്ല.

ഒരുകാലത്ത് കേരളത്തിലെ മിക്ക വീടുകളിലും അവിഭാജ്യ ഘടകമായിരുന്ന മംഗളം വാരികയും പത്രവും ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. പബ്ലിക്കേഷന്‍സിന് കീഴിലുള്ള മംഗളം ദിനപ്പത്രം, മംഗളം വാരിക, കന്യക, സിനിമ മംഗളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെയും ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെയും ഭാവി ഇനി പുതിയ അഡ്മിനിസ്ട്രേറ്ററുടെ നീക്കങ്ങളെ ആശ്രയിച്ചിരിക്കും. കുടുംബതര്‍ക്കം തീര്‍ന്ന് മംഗളം പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമോ അതോ നിയമക്കുരുക്കുകളില്‍ പെട്ട് കൂടുതല്‍ പ്രതിസന്ധിയിലാകുമോ എന്നാണ് മാധ്യമലോകം ഉറ്റുനോക്കുന്നത്.

Latest from Blog

error: Content is protected !!