ഖമനേയിയുടെ മരണം ഇറാനെ ഒറ്റക്കെട്ടാക്കുന്നു; ഇറാന്‍ ജനത വിചാരിക്കാതെ ഇറാനെ തോല്‍പ്പിക്കാന്‍ കഴിയില്ല; ആറ് ലക്ഷം സൈനികരെ കരയുദ്ധത്തില്‍ നേരിടുക അസാധ്യം! - ജിതിന്‍ കെ ജേക്കബ് - Kerala Times    

ഖമനേയിയുടെ മരണം ഇറാനെ ഒറ്റക്കെട്ടാക്കുന്നു; ഇറാന്‍ ജനത വിചാരിക്കാതെ ഇറാനെ തോല്‍പ്പിക്കാന്‍ കഴിയില്ല; ആറ് ലക്ഷം സൈനികരെ കരയുദ്ധത്തില്‍ നേരിടുക അസാധ്യം! – ജിതിന്‍ കെ ജേക്കബ്

March 3, 2026
file 00000000f57c71fa9ecd7dc69aff22f4

ലോകത്തിലെ ഏറ്റവും religious ആയ വിഭാഗം ആരാണ് എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അത് ഷിയാ മുസ്ലിങ്ങള്‍ ആണെന്ന്. രണ്ട് വര്‍ഷം ഷിയാ ഭൂരിപക്ഷ മേഖലയില്‍ ജീവിച്ചതിന്റെ അനുഭവത്തില്‍ ആണ് ഇത് പറയുന്നത്. ആയത്തുല്ല അലി ഖമനയി ക്രൂരനും, മതഭ്രാന്തനും ഒക്കെ ആയിരിക്കാം, പക്ഷെ ലോകമെമ്പാടുമുള്ള ഷിയാ മുസ്ലിങ്ങള്‍ക്ക് അദ്ദേഹം ദൈവ തുല്യന്‍ ആണ്. ഇറാന്‍ ജനതയുടെ സാമ്പത്തിക – സാമൂഹിക അവസ്ഥ പരിതാപകരം ആണ്. വിലക്കയറ്റവും, ഭരണകൂട അടിച്ചമര്‍ത്തലും ഒക്കെ കൊണ്ട് ജനജീവിതം ദുസ്സഹമാണ്. അവര്‍ക്ക് പരാതികള്‍ ഉണ്ട്, പ്രതിഷേധം ഉണ്ട്. പക്ഷെ ആയത്തുല്ല അലി ഖമനയിയെ ഉന്മൂലനം ചെയ്തത് ഇസ്രായേല്‍ ആണ് എന്ന ഒറ്റക്കാരണം കൊണ്ട് ഇറാന്‍ ജനത ഒറ്റക്കെട്ടായി മാറുകയാണ്. വിദേശത്തു ജീവിക്കുന്ന ഇറാനികള്‍ ആഹ്ലാദ പ്രകടനം നടത്തുന്നു എങ്കിലും അതൊക്കെ ചെറിയ ഗ്രൂപ്പുകള്‍ മാത്രമാണ്.

ഇസ്രായേലും, അമേരിക്കയും വ്യോമ – നാവിക സേനകളെ ഉപയോഗിച്ചുള്ള ആക്രമണം ആണ് നടത്തുന്നത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്യും. പക്ഷെ മതം തലക്ക് പിടിച്ച 6 ലക്ഷത്തോളം വരുന്ന ഇറാനിയന്‍ ആര്‍മിയെ അവിടെ പോയി കര യുദ്ധത്തില്‍ നേരിടാന്‍ കഴിയില്ല. അങ്ങനെ ഒരു മണ്ടന്‍ തീരുമാനം ഇസ്രായേലും, അമേരിക്കയും എടുക്കുകയും ഇല്ല. ഇറാന്റെ കയ്യില്‍ ഉള്ള വന്‍ മിസൈല്‍ ശേഖരമെല്ലാം വ്യോമ ആക്രമണത്തില്‍ നശിപ്പിക്കുക, ഇപ്പോഴത്തെ ഭരണ നേതൃ നിരയെ പൂര്‍ണമായും തുടച്ചു നീക്കുക എന്നത് മാത്രമായിരിക്കും ഇസ്രായേലും, അമേരിക്കയും ശ്രമിക്കുക. അതില്‍ ഏറെക്കുറെ അവര്‍ വിജയിക്കുകയും ചെയ്യും. പക്ഷെ അതൊക്കെ താല്‍ക്കാലികം മാത്രമാണ്.

ഇറാനിലെ ജനങ്ങള്‍ ഭരണകൂടത്തിനെതിരെ രംഗത്ത് വരാതെ ഇറാനില്‍ ഭരണമാറ്റം ഉണ്ടാകില്ല. ഉപരോധം കൊണ്ട് എത്രയൊക്കെ വരിഞ്ഞു മുറുക്കിയാലും കാര്യമില്ല. മതം തലക്ക് പിടിച്ച ജനതക്ക് പുഴുത്ത് ജീവിക്കുന്നതൊന്നും ഒരു പ്രശ്‌നം അല്ല. ഇറാനിലെ ഭരണകൂടത്തിനെതിരെ തെരുവില്‍ ഇറങ്ങാന്‍ ഇറാന്‍ ജനതയോട് അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് ആവര്‍ത്തിച്ചു പറയുന്നതിന് പിന്നില്‍ ഇത് തന്നെയാണ് കാരണവും. ആയത്തുല്ല അലി ഖമനയിയുടെ മരണം ആഗോള ഇസ്ലാമിക നേതാവിന്റെ രക്തസാക്ഷിത്വം ആക്കി മതവികാരം ആളി കത്തിക്കുകയാണ് ഇറാന്‍ ഭരണകൂടം. ഇപ്പോഴത്തെ ഇറാന്‍ ഭരണകൂടത്തെ താഴെ ഇറക്കണം എന്ന് ആഗ്രഹിക്കുന്ന ഇറാനിലെ ജനങ്ങള്‍ക്ക് പോലും നിലവില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. അവസാന സാധ്യത ഇറാന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ ഇപ്പോഴത്തെ ഭരണകൂടത്തിന് എതിരെ അട്ടിമറി ഉണ്ടാകല്‍ ആണ്. അതിന് സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.

വലിയ അത്ഭുതം ഒന്നും സംഭവിച്ചില്ല എങ്കില്‍ രണ്ട് മൂന്ന് ദിവസം കൂടി ഇറാനില്‍ പരമാവധി ബോംബിട്ട ശേഷം ട്രമ്പ് സ്ഥലം കാലി ആക്കും. ഇസ്രായേലും പരമാവധി നാശനഷ്ടം ഇറാനില്‍ ഈ ദിവസങ്ങളില്‍ ഉണ്ടാക്കാന്‍ നോക്കും. യുദ്ധം നീണ്ടു പോയാല്‍ നഷ്ടം അമേരിക്കയ്ക്കും, ഇസ്രായേലിനും, ഗള്‍ഫ് രാജ്യങ്ങള്‍ക്കും മാത്രം ആയിരിക്കും. യുദ്ധത്തില്‍ ആരെയാണ് നേരിടുന്നത് എന്നത് മുഖ്യമാണ്. ആധുനിക ലോകത്ത് ജീവിക്കുന്ന മനുഷ്യര്‍ക്ക് നീണ്ട യുദ്ധം ചെയ്യാന്‍ താല്‍പ്പര്യം ഇല്ല. ചെറിയ സംഘര്‍ഷങ്ങള്‍ പോലും പെട്ടന്ന് അവസാനിപ്പിക്കാന്‍ ആകും ശ്രമിക്കുക. ഉക്രൈന്‍ – റഷ്യ യുദ്ധം പോലും വല്ല കാലത്തും ആണ് നടക്കുന്നത്.

ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നീട്ടികൊണ്ട് പോകാതിരുന്നത് അത് രാജ്യത്തെ സാമ്പത്തികമായി തകര്‍ക്കും എന്നത് കൊണ്ടാണ്. പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പുഴുത്ത് ജീവിക്കുന്നത് ഒന്നും ഒരു പ്രശ്‌നമല്ല. മതം പുഴുങ്ങി കൊടുത്താല്‍ മതി. പക്ഷെ നമ്മുടെ കാര്യം അങ്ങനെ അല്ല. ചൈന 1979 ല്‍ ഫ്രീ മാര്‍ക്കറ്റ് സംവിധാനത്തിലേക്ക് വന്നപ്പോള്‍ ആദ്യം എടുത്ത തീരുമാനം അടുത്ത 50 കൊല്ലം യുദ്ധം ഉണ്ടാകരുത് എന്നതായിരുന്നു. ഇറാന്റെ കാര്യം നോക്കിയാല്‍ അവര്‍ക്ക് വെള്ളം ഇല്ലെങ്കിലും, ഭക്ഷണം ഇല്ല എങ്കിലും, കറന്റ് ഇല്ല എങ്കിലും ഒരു പ്രശ്‌നവും ഇല്ല. മരിച്ചാല്‍ അത് ‘വിശുദ്ധ യുദ്ധത്തില്‍’ മരിച്ചതാണ് എന്ന് അവര്‍ വിശ്വസിക്കുന്നു. അവര്‍ക്ക് ഒന്നും നഷ്ടപ്പെടാന്‍ ഇല്ല.

അതേസമയം ഗള്‍ഫ് രാജ്യങ്ങളെ നോക്കൂ, അവര്‍ ആധുനിക സൗകര്യങ്ങളോടെ ജീവിക്കുന്നവര്‍ ആണ്. ഒന്നാമതായി അവര്‍ക്ക് യുദ്ധം ചെയ്യാന്‍ ഒന്നും അറിയില്ല, രണ്ടാമതായി യുദ്ധം ഉണ്ടായാല്‍ രാജ്യത്തിനു ഉണ്ടാകുന്ന നഷ്ട്ടം അവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടാണ് ഇറാന്‍ ഇത്രയും കയറി ആക്രമണം നടത്തിയിട്ടും ഗള്‍ഫ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത് അല്ലാതെ ഒന്നും ചെയ്യാതെ നോക്കി നില്‍ക്കുന്നത്. 1990 ല്‍ ഇറാഖ് കുവൈറ്റിനെ കീഴടക്കിയത് 12 മണിക്കൂറില്‍ താഴെ സമയം കൊണ്ടാണ് എന്നോര്‍ക്കണം..! യുദ്ധം ചെയ്യാന്‍ പോയാല്‍ പണ്ടത്തേത് പോലെ കടലില്‍ പോയി മുത്ത് പെറുക്കി ജീവിക്കേണ്ടി വരും എന്ന് അവര്‍ക്ക് അറിയാം. അതിന് അവരെ കിട്ടില്ല.

ഇത് എഴുതുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ കഴിഞ്ഞ 36 മണിക്കൂറിനിടെ ഇറാന് 1437 മത്തെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു എന്നോര്‍ക്കണം…

അമേരിക്കയെ ഇത്രയും കാലം വിശ്വസിച്ച ഗള്‍ഫ് രാജ്യങ്ങള്‍ ഇനിയെങ്കിലും പാഠം പഠിക്കും എന്ന് കരുതാം. സ്വയം ശക്തി പ്രാപിച്ചില്ല എങ്കില്‍ എന്ത് സംഭവിക്കും എന്ന് ഇപ്പോള്‍ അവര്‍ക്ക് മനസിലായിക്കാണും. എല്ലാവര്‍ക്കും അവരവരുടെ രാജ്യ താല്‍പ്പര്യങ്ങള്‍ ആണ് വലുത്. അമേരിക്ക ഒരു വശത്ത് ഇറാനില്‍ ബോംബിടുന്നു, മറുവശത്ത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ മിസൈലുകള്‍ പ്രതിരോധിക്കാന്‍ പ്രതിരോധ ഉപകരണങ്ങള്‍ വില്‍ക്കുന്നു.! ചൈന, വ്യോമ പ്രതിരോധ സംവിധാനം എന്ന് പറഞ്ഞ് പാകിസ്താനെ പറ്റിച്ചത് പോലെ ഇറാനെയും പറ്റിച്ച് ഇറാനില്‍ നിന്ന് ആവശ്യത്തിന് എണ്ണ വാങ്ങി. ചൈനയുടെ വ്യോമ പ്രതിരോധ സംവിധാനം ആയിരുന്നു ഇറാന്റെ കയ്യിലും ഉണ്ടായിരുന്നത് കൊണ്ട് അമേരിക്കയും, ഇസ്രായേലും വിട്ട എല്ലാ മിസൈലുകളും ലക്ഷ്യം കണ്ടു.

ചൈനയെ നമ്പിയ ഖമനേയി അപ്പുപ്പന്‍ പടമാകുകയും ചെയ്തു..

ഒടുവില്‍ കേട്ടത് :- യുദ്ധത്തിന്റെ ലൈവ് കാണാന്‍ നമ്മള്‍ TV യുടെ മുന്നില്‍ ഇരിക്കുമ്പോള്‍ യുദ്ധത്തില്‍ ‘തകര്‍ന്ന’ ഗള്‍ഫ് രാജ്യങ്ങളുടെ പുനര്‍നിര്‍മാണത്തിന് വേണ്ട പ്രൊജക്ടുകളുടെ ആലോചനയില്‍ ആണ് കോര്‍പ്പറേറ്റ് ലോകം. അതിന്റെ സാധ്യതകളെ കുറിച്ചാണ് അവിടെ ചര്‍ച്ചകള്‍ നടക്കുന്നത്.

Latest from Blog

error: Content is protected !!