അയ്യപ്പ സംഗമത്തിന്റെ കണക്കിൽ അടിമുടി പൊരുത്തക്കേട്; ഓഡിറ്ററെ വിളിച്ച് ഹൈക്കോടതി, 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ അന്ത്യശാസനം - Kerala Times    

അയ്യപ്പ സംഗമത്തിന്റെ കണക്കിൽ അടിമുടി പൊരുത്തക്കേട്; ഓഡിറ്ററെ വിളിച്ച് ഹൈക്കോടതി, 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ അന്ത്യശാസനം

March 5, 2026
FB IMG 1772715300304

കൊച്ചി> ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക കണക്കുകളിൽ വൻ പൊരുത്തക്കേടുകൾ ഉണ്ടെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം ഹൈക്കോടതിയെ അറിയിച്ചു. കണക്കുകൾ പരിശോധിക്കുന്നതിൽ ദേവസ്വം ബോർഡ് സഹകരിക്കുന്നില്ലെന്നും ഓഡിറ്റർ കോടതിയിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട കോടതി, ക്രമക്കേടുകൾ പരിഹരിക്കാൻ എന്ത് നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് റിപ്പോർട്ട് നൽകാൻ ഓഡിറ്റർക്ക് നിർദ്ദേശം നൽകി.

അയ്യപ്പ സംഗമം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും കൃത്യമായ കണക്കുകൾ സമർപ്പിക്കാൻ വൈകുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു. കണക്കുകൾ തയ്യാറാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയ ‘വിജയൻ അസോസിയേറ്റിനെ’ കോടതി കക്ഷി ചേർത്തു. എല്ലാ രേഖകളുമായി നേരിട്ട് ഹാജരാകാൻ കോടതി വ്യാഴാഴ്ച നിർദ്ദേശിച്ചിരുന്നു.

നേരത്തെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് തയ്യാറാക്കിയ കണക്കുകൾ സ്പെഷ്യൽ കമ്മീഷണർ വഴി കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഇതിൽ ഗുരുതരമായ പൊരുത്തക്കേടുകൾ കണ്ടെത്തിയതോടെയാണ് കോടതി നേരിട്ട് പരിശോധനയ്ക്ക് ഉത്തരവിട്ടത്. കണക്ക് പരിശോധിക്കാൻ ദേവസ്വം ബോർഡ് പ്രത്യേക കമ്മിറ്റിയെ നിയമിച്ചെങ്കിലും കോടതിക്ക് തൃപ്തികരമായ റിപ്പോർട്ട് നൽകാൻ അവർക്ക് സാധിച്ചില്ല.

തങ്ങൾ ആവശ്യപ്പെട്ട രേഖകൾ ദേവസ്വം ബോർഡ് നൽകുന്നില്ലെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം പരാതിപ്പെട്ടപ്പോൾ, രേഖകളെല്ലാം സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന് കൈമാറി എന്നായിരുന്നു ബോർഡിന്റെ വിശദീകരണം. ഇതോടെയാണ് റിപ്പോർട്ട് സമർപ്പിക്കാൻ ഓഡിറ്റർക്ക് 10 ദിവസത്തെ സമയം കോടതി അനുവദിച്ചത്.

Latest from Blog

error: Content is protected !!