സി.പി.എമ്മിനെ ഞെട്ടിച്ച തോൽവി; സെക്രട്ടേറിയറ്റില്‍ ഇടതിന് പ്രഹരം; സ്റ്റാഫ് ഹൗസിങ് സൊസൈറ്റി പിടിച്ചെടുത്ത് കോണ്‍ഗ്രസ്; പിണറായി സര്‍ക്കാരിനെതിരെ ജീവനക്കാരുടെ 'വോട്ട് ഷോക്ക് - Kerala Times    

സി.പി.എമ്മിനെ ഞെട്ടിച്ച തോൽവി; സെക്രട്ടേറിയറ്റില്‍ ഇടതിന് പ്രഹരം; സ്റ്റാഫ് ഹൗസിങ് സൊസൈറ്റി പിടിച്ചെടുത്ത് കോണ്‍ഗ്രസ്; പിണറായി സര്‍ക്കാരിനെതിരെ ജീവനക്കാരുടെ ‘വോട്ട് ഷോക്ക്

March 8, 2026
images 2026 03 08T102706.848

തിരുവനന്തപുരം> സംസ്ഥാന ഭരണത്തിന്റെ സിരാകേന്ദ്രമായ സെക്രട്ടട്ടേറിയറ്റിലെ സ്റ്റാഫ് ഹൗസിങ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന് കനത്ത തിരിച്ചടി. അപ്രതീക്ഷിത തിരിച്ചടിയാണ് ഉണ്ടായത്. എകെജി സെന്ററിലെ ചില കേന്ദ്രങ്ങള്‍ നേരിട്ട് വിജയം ഉറപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയും വമ്പന്‍ തോല്‍വി സിപിഎമ്മിനുണ്ടായി. യു.ഡി.എഫ് അനുകൂല പാനലായ സഹകരണ ജനാധിപത്യ മുന്നണി ചരിത്രത്തിലില്ലാത്ത വന്‍ ഭൂരിപക്ഷത്തോടെ മുഴുവന്‍ സീറ്റുകളും തൂത്തുവാരി. കഴിഞ്ഞ തവണ കേവലം 49 വോട്ടുകള്‍ക്ക് വിജയിച്ച സ്ഥാനത്ത് ഇത്തവണ 2000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് അനുകൂലികള്‍ വിജയം ഉറപ്പിച്ചത്. ഡി.എ കുടിശികയും ശമ്പള പരിഷ്‌കരണവും വൈകുന്നതില്‍ ജീവനക്കാര്‍ക്കിടയിലുള്ള കടുത്ത അതൃപ്തിയാണ് ഈ ജനവിധിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

സൊസൈറ്റിയിലെ 11 സീറ്റുകളിലും കോണ്‍ഗ്രസ് പാനല്‍ വന്‍ വിജയം നേടി. ധനകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി സജിത്ത് സി.സി ക്കാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് (3479 വോട്ടുകള്‍). മൂന്നര വര്‍ഷത്തെ അഡ്മിനിസ്ട്രേറ്റീവ് ഭരണകാലത്ത് സി.പി.എം അനുകൂലികള്‍ മെമ്പര്‍ഷിപ്പ് നല്‍കിയ ബൂത്തുകളില്‍ പോലും കോണ്‍ഗ്രസ് പാനല്‍ ലീഡ് നേടിയത് ഇടത് സംഘടനകളെ ഞെട്ടിച്ചിട്ടുണ്ട്. പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിന് പിന്നാലെ എത്തിയ ഈ വിജയവാര്‍ത്ത യു.ഡി.എഫ് ക്യാമ്പുകളില്‍ വലിയ ആവേശം പടര്‍ത്തി.

ഡി.എ കുടിശിക നിഷേധിച്ചതും, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കാത്തതും ജീവനക്കാരെ സര്‍ക്കാരിനെതിരെ തിരിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ വിജയമെന്ന് ജീവനക്കാര്‍ പറയുന്നു. സി.പി.എം അനുകൂലികളായ ജീവനക്കാരില്‍ വലിയൊരു വിഭാഗം ഭരണപക്ഷത്തിന് എതിരെ വോട്ട് ചെയ്തതായാണ് സൂചന. പിണറായി യുഗത്തിന് തിരശീല വീണു എന്ന പ്രഖ്യാപനമാണ് ഈ ഫലമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ അവകാശപ്പെടുന്നു.

തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കാണിച്ച കൃത്യത വിജയത്തില്‍ നിര്‍ണ്ണായകമായി. പുതുയുഗ യാത്രയുടെ തിരക്കുകള്‍ക്കിടയിലും തെരഞ്ഞെടുപ്പില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നേതാക്കള്‍ക്ക് അദ്ദേഹം നല്‍കിയ നിര്‍ദ്ദേശം ഫലം കണ്ടു. വിജയികളെ വി.ഡി സതീശന്‍ നേരിട്ട് അഭിനന്ദിച്ചു. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Latest from Blog

error: Content is protected !!