ഇറാനിൽ ഭരണകൂടത്തിനുള്ളിൽ ഭിന്നത രൂക്ഷം; അതിനിർണായകമായ യോഗം, സുപ്രധാനമായ തീരുമാനം ഇന്ന്? പ്രതികാരം ചെയ്യണമെന്ന് ഒരുവിഭാഗം - Kerala Times    

ഇറാനിൽ ഭരണകൂടത്തിനുള്ളിൽ ഭിന്നത രൂക്ഷം; അതിനിർണായകമായ യോഗം, സുപ്രധാനമായ തീരുമാനം ഇന്ന്? പ്രതികാരം ചെയ്യണമെന്ന് ഒരുവിഭാഗം

March 8, 2026
Screenshot 2026 03 08 09 39 30 46 40deb401b9ffe8e1df2f1cc5ba480b12

ടെഹ്‌റാൻ > ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ഇറാൻ ഭരണകൂടത്തിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നതായി സൂചന. ശനിയാഴ്ച ഇറാനിയൻ ഉദ്യോഗസ്ഥർ നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ഭരണസിരാകേന്ദ്രത്തിലെ അനിശ്ചിതത്വമാണ് പുറത്തുകൊണ്ടുവരുന്നത്. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പരസ്യമായി ക്ഷമാപണം നടത്തിയെങ്കിലും, കടുത്ത നിലപാടുള്ള മറ്റ് നേതാക്കളുടെ സമ്മർദ്ദത്തെത്തുടർന്ന് ഉടൻ തന്നെ അദ്ദേഹം പ്രസ്താവന തിരുത്തി.

ഇറാനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. ഭരണകൂടത്തിൽ ഭിന്നതകളില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം, യുദ്ധത്തിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. ഖമേനിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനായി ഇറാനിലെ ‘അസംബ്ലി ഓഫ് എക്സ്പെർട്സ്’ അടുത്ത 24 മണിക്കൂറിനുള്ളിൽ യോഗം ചേരും. പുതിയ നേതാവിനെ കണ്ടെത്തുന്നത് ഭരണകൂടം തകർന്നിട്ടില്ലെന്ന് ലോകത്തെയും ജനങ്ങളെയും ബോധ്യപ്പെടുത്താനാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഖമേനിയുടെ അഭാവത്തിൽ രാജ്യത്തെ പ്രധാന തന്ത്രപ്രധാന തീരുമാനങ്ങൾ എടുക്കുന്നത് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആണ്. പുതിയ നേതാവിനെ നിശ്ചയിക്കുന്നതിലും യുദ്ധതന്ത്രങ്ങൾ മെനയുന്നതിലും ഇവരുടെ തീരുമാനമാണ് അന്തിമം. പ്രതികാരം വേണമെന്ന് ആഗ്രഹിക്കുന്ന തീവ്രവാദ വിഭാഗവും, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം തേടുന്ന പ്രായോഗികവാദികളും തമ്മിലുള്ള വടംവലി ഇറാനിൽ ശക്തമാണ്. രാജ്യത്ത് തുടരുന്ന ജനകീയ പ്രതിഷേധങ്ങളും ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ്. ഞായറാഴ്ച പുലർച്ചെയും ഗൾഫ് മേഖലയിൽ ഇറാന്‍റെ മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചിട്ടതായി റിപ്പോർട്ടുകളുണ്ട്. ഖമേനിയുടെ വധത്തോടെ ഇറാന്‍റെ രാഷ്ട്രീയ ഭാവിയെന്താകുമെന്ന ആകാംക്ഷയിലാണ് ലോകരാജ്യങ്ങൾ.

Latest from Blog

error: Content is protected !!