ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’! - Kerala Times    

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

March 12, 2026
FB IMG 1773295268985

പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നതിനിടെ ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഭാരതത്തിന്റെ നയതന്ത്ര വിജയം. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ അനുമതി നൽകി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയും തമ്മിൽ നടത്തിയ നിർണ്ണായക ചർച്ചകൾക്ക് പിന്നാലെയാണ് ഈ തീരുമാനം. അമേരിക്ക, യൂറോപ്പ്, ഇസ്രയേൽ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ ഇറാൻ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുമ്പോഴാണ് ഭാരതത്തിന് മാത്രം ഈ പ്രത്യേക പരിഗണന ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ രാജ്യത്തെ ഇന്ധന-പാചകവാതക വിതരണത്തിൽ നിലനിന്നിരുന്ന ആശങ്കകൾക്ക് വലിയൊരളവിൽ പരിഹാരമായി.

ഇറാൻ പരമോന്നത നേതാവ് അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമായതോടെയാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഹോർമുസ് കടലിടുക്ക് അടച്ചത്. ഇത് ഇന്ത്യയിലേക്കുള്ള എൽപിജി വിതരണത്തെ സാരമായി ബാധിച്ചിരുന്നു. മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ വാണിജ്യ സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം നേരിടുകയും ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാവുകയും ചെയ്തിരുന്നു. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായും ഫ്രഞ്ച് പ്രതിനിധികളുമായും ജയശങ്കർ നിരന്തരം ആശയവിനിമയം നടത്തി ഭാരതത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയായിരുന്നു. ലോകം മുഴുവൻ ഊർജ്ജ പ്രതിസന്ധിയിൽ ഉഴലുമ്പോഴും നവഭാരതത്തിന്റെ നയതന്ത്ര ശക്തി കൊണ്ട് സ്വന്തം പൗരന്മാരുടെ സുരക്ഷയും ആവശ്യങ്ങളും ഉറപ്പാക്കാൻ മോദി സർക്കാരിന് കഴിഞ്ഞു.

അതേസമയം, പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തുന്ന തെറ്റായ പ്രചാരണങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കർശന നിർദ്ദേശം നൽകി. ആഗോള വിപണിയിലെ മാറ്റങ്ങൾ കാരണം ഉണ്ടായ താല്കാലിക പ്രതിസന്ധിയെ രാഷ്ട്രീയ ലാഭത്തിനായി ചിലർ ഉപയോഗിക്കുകയാണെന്നും ഇതിനെ ശക്തമായി നേരിടണമെന്നും കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ വഴി പരിഭ്രാന്തി പടർത്താൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണം. പാചകവാതകത്തിന് കരിഞ്ചന്തയിൽ ഉയർന്ന വില ഈടാക്കുന്നതിനെതിരെയും കർശന നടപടിയുണ്ടാകും. ഹോർമുസ് കടലിടുക്ക് തുറന്നതോടെ വരും ദിവസങ്ങളിൽ വിതരണം സാധാരണ നിലയിലാകുമെന്നും ഭാരതത്തിന്റെ ഇന്ധന സുരക്ഷ സുരക്ഷിതമായ കരങ്ങളിലാണെന്നും സർക്കാർ ഉറപ്പുനൽകുന്നു.

Latest from Blog

error: Content is protected !!