വാഷിങ്ടൺ> ഇസ്ലാമാബാദിലെ ചർച്ചകൾ വഴിമുട്ടിയെങ്കിലും, രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 21ന് മുൻപായി യുഎസും ഇറാനും തമ്മിൽ പുതിയ റൗണ്ട് ചർച്ചകൾക്ക് സാധ്യത തെളിയുന്നു. ഈ ആഴ്ച അവസാനം ചർച്ചകൾ നടന്നേക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചർച്ച വ്യാഴാഴ്ച നടന്നേക്കുമെന്ന് സൂചനയുണ്ടെങ്കിലും സമയവും സ്ഥലവും ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. ഇസ്ലാമാബാദ് അല്ലെങ്കിൽ ജനീവ എന്നിവയാണ് പരിഗണനയിലുള്ള പ്രധാന വേദികൾ. ആറ് ആഴ്ച നീണ്ട യുദ്ധത്തിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് തിരക്കിട്ട നീക്കങ്ങൾ നടക്കുന്നത്.
ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ പൂർണ പരാജയമായിരുന്നു എന്ന് പറയാനാകില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു. ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായി. ഇറാൻ ഞങ്ങളുടെ നിലപാടുകളിലേക്ക് അൽപം അടുത്തു, പക്ഷേ അത് മതിയാകില്ല. അടുത്ത നീക്കം നടത്തേണ്ടത് ഇറാനാണെന്നും വാൻസ് പറഞ്ഞു. തന്റെ നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ തയാറാണെങ്കിൽ നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇറാൻ ഞങ്ങളെ വിളിച്ചിരുന്നു, അവർക്ക് ഒരു ധാരണയിലെത്താൻ താൽപര്യമുണ്ട് എന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.
അതിനിടെ, ഇറാന്റെ തുറമുഖങ്ങളിലും തീരപ്രദേശങ്ങളിലും ഉപരോധം ഏർപ്പെടുത്തുന്നതിനായി പതിനഞ്ചിൽ അധികംയുദ്ധക്കപ്പലുകൾ വിന്യസിച്ച് യുഎസ്. യുഎസ്എസ് ട്രിപ്പോളി എന്ന ആംഫിയസ് അസോൾട്ട് കപ്പൽ അറബിക്കടലിൽ പ്രവർത്തനം തുടങ്ങി. എഫ്-35ബി ലൈറ്റ്നിംഗ് II സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങളും എംവി-22 ഓസ്പ്രേക യുദ്ധവിമാനങ്ങളും ഇതിലുണ്ട്. പട്ടാളക്കാരെ കരയിലിറക്കാനും നാവിക, വ്യോമസേനകളെ സഹായിക്കാനും ഒരുപോലെ കഴിയുന്നവയാണ് ആംഫിബിയസ് അസോൾട്ട് കപ്പലുകൾ. അറേബ്യൻ ഗൾഫിലെയും ഒമാൻ ഉൾക്കടലിലെയും ഉൾപ്പെടെ ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും അവിടെ നിന്ന് പുറപ്പെടുന്നതും ആയ എല്ലാ കപ്പലുകൾക്കും ഉപരോധം ഒരുപോലെ ബാധകമായിരിക്കുമെന്നു യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെ മറ്റു തുറമുഖങ്ങളിലേക്ക് പോകുന്നതോ അവിടെ നിന്ന് വരുന്നതോ ആയ കപ്പലുകളെ തടയില്ലെന്നും സൈന്യം വ്യക്തമാക്കി.