മന്ത്രി സജി ചെറിയാനെതിരെ പരസ്യമായി അധിക്ഷേപ വർഷം ചൊരിഞ്ഞ് മുതിർന്ന സിപിഎം നേതാവ് എം എം മണി എംഎൽഎ. ഫിഷറീസ് വകുപ്പിന്റെ കീഴിൽ നിർമ്മിച്ച ചെങ്കുളം മൾട്ടി സ്പീഷീസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലാണ് അക്ഷരാർത്ഥത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മന്ത്രി സജി ചെറിയാൻ നേരിട്ടെത്താതെ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചതാണ് മണിയെ പ്രകോപിപ്പിച്ചത്. സദസ്സിനെ സാക്ഷിനിർത്തി മൈക്കിലൂടെ മന്ത്രിയെ പച്ചയ്ക്ക് വിമർശിച്ച മണി, “മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുത്” എന്ന് ആഞ്ഞടിച്ചു. തിരുവനന്തപുരത്ത് ഇരുന്ന് ഓൺലൈനായി ഉദ്ഘാടനം നടത്തുന്ന മന്ത്രിയുടെ രീതിയെ അതിരൂക്ഷമായ ഭാഷയിലാണ് മണി പരിഹസിച്ചത്. ഇടുക്കിയിലെ സിപിഎമ്മിനുള്ളിലെ ആഭ്യന്തര കലഹം ഇതോടെ പരസ്യമായിരിക്കുകയാണ്.
“ഞങ്ങളെയൊക്കെ എന്തിനാ മെനക്കെടുത്തിയത്? അയാള്‍ അവിടെ ഇരുന്ന് ഒണ്ടാക്കേണ്ട കാര്യമുണ്ടോ? ഞാനും രാജയും മതി ഇത് ഉദ്ഘാടനം ചെയ്യാന്‍. ഇതിപ്പം കുളിച്ചില്ലേലും കോണകം പുരപ്പുറത്ത് കിടക്കണമെന്ന് പറയുന്നത് പോലെയാ. തിരുവനന്തപുരത്ത് ഇരുന്നുളള ഒണ്ടാക്കല്. മെനക്കെടുന്നത് നമ്മള്. ഡീസലും അടിച്ച് നമ്മള്‍ പിറകേ നടക്കുവാ. മേലാല്‍ എന്നെ ഇത്തരം കാര്യങ്ങള്‍ക്ക് ക്ഷണിക്കരുത്. എന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ വേറെ വല്ലതും പറയും. അത് ഞാന്‍ പറയുന്നില്ല. ഇതൊരു സദസ് ആയതിനാല്‍” – എന്നായിരുന്നു മണിയുടെ വാക്കുകൾ. മന്ത്രിയുടെ ഓൺലൈൻ സാന്നിധ്യം വെറും ഷോ ആണെന്നും പ്രാദേശിക നേതാക്കളെ ബുദ്ധിമുട്ടിക്കുന്ന പരിപാടിയാണിതെന്നും മണി തുറന്നടിച്ചു. കിലോമീറ്ററുകൾ വണ്ടി ഓടിച്ച് എത്തുന്ന തങ്ങളെ അവഗണിക്കുന്ന രീതി ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന കർശന മുന്നറിയിപ്പാണ് മണി നൽകിയിരിക്കുന്നത്.
മണിയുടെ പ്രസംഗം കേട്ട് വേദിയിലുണ്ടായിരുന്ന മറ്റ് നേതാക്കളും ഉദ്യോഗസ്ഥരും ഒരുപോലെ സ്തബ്ധരായി. ഇടുക്കിയിൽ എം എം മണിയുടെ വാക്കിന് മറുവാക്കില്ലെന്നിരിക്കെ, സജി ചെറിയാനെതിരെ നടന്ന ഈ കടന്നാക്രമണം പാർട്ടി സംസ്ഥാന നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നേരത്തെയും പല വിഷയങ്ങളിൽ സ്വന്തം പാർട്ടിക്കാരെയും മന്ത്രിമാരെയും മണി പരസ്യമായി വിമർശിച്ചിട്ടുണ്ടെങ്കിലും, ഔദ്യോഗിക ഉദ്ഘാടന വേദിയിൽ വെച്ച് ഒരു മന്ത്രിയെ തന്നെ ഇത്തരത്തിൽ അപമാനിച്ചത് വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
