ഇന്ത്യയ്ക്ക് ഇറാന്റെ പച്ചക്കൊടി; ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് യാത്രാ അനുമതി - Kerala Times    

ഇന്ത്യയ്ക്ക് ഇറാന്റെ പച്ചക്കൊടി; ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് യാത്രാ അനുമതി

March 12, 2026
file 00000000a83c71fab4b12bbb4c206b6b

ഹോർമുസ് കടലിടുക്ക് വഴി ചരക്കുനീക്കം നടത്തുന്ന രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് ഇറാൻ യാത്രാ അനുമതി നൽകി. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ നൂറുകണക്കിന് ചരക്ക് കപ്പലുകൾ കുടുങ്ങിക്കിടക്കുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ നീക്കം. ‘പുഷ്പക’, ‘പരിമൾ’ എന്നീ രണ്ട് ഇന്ത്യൻ പതാകവാഹക കപ്പലുകൾക്കാണ് ഇറാന്റെ അനുമതി ലഭിച്ചത്.

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇറാൻ വിദേശകാര്യമന്ത്രിയും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഫോൺ സംഭാഷണങ്ങളിലൂടെയാണ് ഇത് സാധ്യമായത്. ഹോർമുസ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് മർച്ചന്റ് നേവി ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നത് രാജ്യത്തെ സംബന്ധിച്ച് വലിയ ആശങ്കയായിരുന്നു. ഈ സാഹചര്യത്തിൽ രണ്ട് കപ്പലുകൾക്ക് ലഭിച്ച അനുമതി വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾക്ക് മോചനം നൽകുന്നതിലേക്കുള്ള സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു.

അമേരിക്കയെയും സഖ്യരാഷ്ട്രങ്ങളെയും പിന്തുണയ്ക്കുന്ന കപ്പലുകൾക്ക് ഇറാൻ വിലക്ക് ഏർപ്പെടുത്തിയതോടെയാണ് ഹോർമുസ് കടലിടുക്കിൽ ഗതാഗതം സ്തംഭിച്ചത്. ആക്രമണ ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തിൽ ചരക്കുനീക്കം പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. ഏകദേശം 22,000-ത്തോളം മർച്ചന്റ് നേവി ഉദ്യോഗസ്ഥരാണ് നിലവിൽ വിവിധ കപ്പലുകളിലായി ഈ മേഖലയിൽ കഴിയുന്നത്. 

Latest from Blog

error: Content is protected !!