ഇറാഖിൽ യുഎസ് യുദ്ധവിമാനം തകർന്നു; വനിതാ ക്യാപ്റ്റൻ ഉൾപ്പെടെ 6 സൈനികർ കൊല്ലപ്പെട്ടു - Kerala Times    

ഇറാഖിൽ യുഎസ് യുദ്ധവിമാനം തകർന്നു; വനിതാ ക്യാപ്റ്റൻ ഉൾപ്പെടെ 6 സൈനികർ കൊല്ലപ്പെട്ടു

March 15, 2026
FB IMG 1773567788179

ഇറാഖിൽ യുഎസ് വ്യോമസേനയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനം തകർന്നുണ്ടായ അപകടത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഇറാഖിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായതെങ്കിലും കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പെന്റഗൺ ഔദ്യോഗികമായി പുറത്തുവിട്ടത്. വ്യോമസേനയിലെയും എയർ നാഷണൽ ഗാർഡിലെയും ഉദ്യോഗസ്ഥരായ ജോൺ ‘അലക്സ്’ ക്ലിന്നർ (33), അരിയാന സാവിനോ (31), ആഷ്ലി പ്രൂട്ട് (34), സെത്ത് കോവൽ (38), കർട്ടിസ് ആംഗ്സ്റ്റ് (30), ടൈലർ സിമ്മൺസ് (28) എന്നിവരാണ് മരിച്ചത്. 

ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന കെസി-135 (KC-135 aerial refuelling aircraft) വിമാനമാണ് തകർന്നുവീണത്. അപകടത്തിന് പിന്നിൽ ശത്രുരാജ്യങ്ങളുടെ ആക്രമണമോ അബദ്ധത്തിൽ തങ്ങളുടെ തന്നെ ഭാഗത്തുനിന്നുണ്ടായ വെടിയേറ്റതോ (Friendly fire) അല്ലെന്ന് യുഎസ് സൈനിക വക്താക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

കൊല്ലപ്പെട്ടവരിൽ 31-കാരിയായ ക്യാപ്റ്റൻ അരിയാന സാവിനോയുടെ മരണം യുഎസ് സേനയ്ക്ക് വലിയ ആഘാതമായി. അലബാമയിലെ ബർമിംഗ്ഹാമിലുള്ള 99-ാമത് എയർ റീഫ്യൂവലിംഗ് സ്ക്വാഡ്രണിലെ ചീഫ് ഓഫ് കറന്റ് ഓപ്പറേഷൻസ് പൈലറ്റായിരുന്നു അരിയാന. യൂണിറ്റിന്റെ കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഫ്ലൈയിംഗ് പ്രോഗ്രാമുകളുടെ ചുമതല വഹിച്ചിരുന്ന അവർ വ്യോമസേനയിലെ ഉദയതാരമായാണ് അറിയപ്പെട്ടിരുന്നത്.

ലാറ്റിനമേരിക്കൻ പെൺകുട്ടികൾക്ക് വലിയ പ്രചോദനമായിരുന്ന അരിയാന, താൻ ഏറെ സ്നേഹിച്ച ജോലി ചെയ്തുകൊണ്ടിരിക്കെയാണ് മരണത്തിന് കീഴടങ്ങിയതെന്ന് സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മരിച്ചവരിൽ അലക്സ് ക്ലിന്നർ, അരിയാന സാവിനോ, ആഷ്ലി പ്രൂട്ട് എന്നിവർ യുഎസ് വ്യോമസേനയിലെ അംഗങ്ങളും മറ്റുള്ളവർ എയർ നാഷണൽ ഗാർഡിലെ സൈനികരുമാണ്. വിമാനം തകരാനുണ്ടായ യഥാർത്ഥ കാരണം കണ്ടെത്താൻ ഉന്നതതല അന്വേഷണം നടന്നുവരികയാണ്.

Latest from Blog

error: Content is protected !!