ടെഹ്റാനിൽ മൂന്നു വൻ സ്ഫോടനങ്ങൾ; ആകാശത്ത് യുദ്ധവിമാനങ്ങളും; കിങ് ഫഹദ് കോസ്‌വെ തുറന്നു - Kerala Times    

ടെഹ്റാനിൽ മൂന്നു വൻ സ്ഫോടനങ്ങൾ; ആകാശത്ത് യുദ്ധവിമാനങ്ങളും; കിങ് ഫഹദ് കോസ്‌വെ തുറന്നു

April 7, 2026
IMG 20260407 WA0018

വാഷിങ്ടൻ/ടെഹ്റാൻ> യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നൽകിയിരിക്കുന്ന അന്ത്യശാസനം അടുത്തിരിക്കെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. യുദ്ധവിമാനങ്ങൾ ടെഹ്റാന്റെ ആകാശത്തു പറക്കുന്നതായും അൽ ജസീറയെ ഉദ്ധരിച്ചുവന്ന റിപ്പോർട്ടിൽ പരാമർശിക്കുന്നു. ശക്തമായ മൂന്നു സ്ഫോടനങ്ങൾ നടന്നതായാണ് വിവരം. അതേസമയം, ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേ വഴിയുള്ള വാഹന ഗതാഗതം സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചെങ്കിലും പിന്നീട് തുറന്നു. ബഹ്‌റൈനെ അറേബ്യൻ ഉപദ്വീപുമായ് കരമാർഗം ബന്ധിപ്പിക്കുന്ന ഏക വഴിയാണ് 25 കിലോമീറ്റർ (15.5 മൈൽ) ദൈർഘ്യമുള്ള കിങ് ഫഹദ് കോസ്‌വേ.

ഇന്ന് പ്രാദേശിക സമയം രാത്രി 9 മണി വരെ ട്രെയിൻ യാത്ര ഒഴിവാക്കാൻ ഇറാനികൾക്ക് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ‘ഇത് നിങ്ങളുടെ ജീവന് ഭീഷണിയാണ്’ എന്നും മുന്നറിയിപ്പിൽ പറയുന്നു. പുതിയ ആക്രമണങ്ങൾക്ക് ഇസ്രയേൽ പദ്ധതിയിടുന്നതായാണ് സൂചന. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസന കാലാവധി അവസാനിക്കുന്നത് ഇന്നാണ്. യുഎസിന്റെ താൽക്കാലിക വെടിനിർത്തൽ നിർദേശം ഇറാൻ തള്ളിയിരുന്നു.

ഇറാൻ തലസ്ഥാനമായ ടെഹ്റാനിലും മറ്റ് നഗരങ്ങളിലും വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ. സിറിയൻ തലസ്ഥാനമായ ഡമാസ്കസിലും സ്ഫോടനങ്ങളുണ്ടായി. ഇറാനിൽനിന്നു വന്ന മിസൈലുകളെ ഫലപ്രദമായി തടഞ്ഞതായി സിറിയൻ സ്റ്റേറ്റ് ടിവി അറിയിച്ചു. ഇറാനിൽനിന്നും വന്ന 7 ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം പറഞ്ഞു.

അതിനിടെ, ഇറാനിലെ എല്ലാ പാലങ്ങളും വൈദ്യുത നിലയങ്ങളും ബുധനാഴ്ച പുലർച്ചെയോടെ (യുഎസ് സമയം) തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം. ഹോർമുസ് കടലിടുക്ക് തുറന്ന് സമാധാനക്കരാറിൽ ഒപ്പിടാൻ ഇറാന് നൽകിയ 10 ദിവസത്തെ സമയം ഇന്നാണ് അവസാനിക്കുന്നത്. എന്നാൽ താൽക്കാലികമായി വെടിനിർത്താനുള്ള യുഎസ് നിർദേശങ്ങൾ ഇറാൻ തിങ്കളാഴ്ച വൈകിട്ട് തള്ളി . ഇതിനു പിന്നാലെയാണ് ട്രംപിന്റെ വാർത്താ സമ്മേളനം….

ഇറാന് നൽകിയ അന്ത്യശാസനത്തിന്റെ സമയം കഴിഞ്ഞ് നാലു മണിക്കൂറിനുള്ളിൽ ഇറാനെ നശിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. ‘ഞങ്ങൾക്ക് ഒരു പദ്ധതിയുണ്ട്, നാളെ രാത്രി 12 മണിയോടെ ഇറാനിലെ എല്ലാ പാലങ്ങളും ഞങ്ങളുടെ സൈന്യം നശിപ്പിക്കും. എല്ലാ ഊർജ നിലയങ്ങളും പ്രവർത്തന രഹിതമാകും. ഒരിക്കലും പ്രവർത്തിക്കാനാകാത്ത വിധം അവ തകർക്കും. പൂർണമായി തകർക്കും 12 മണിയോടെ’–ട്രംപ് പറഞ്ഞു. ഒറ്റ രാത്രി കൊണ്ട് ഇറാനെ പൂർണമായി നശിപ്പിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. അത് നാളത്തെ രാത്രിയായേക്കാമെന്നും ട്രംപ് മുന്നറിയിപ്പു നൽകി.

അതേസമയം, തങ്ങളുടെ താൽപര്യങ്ങൾ കൂടി പരിഗണിച്ച് യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്ന നിലപാടാണ് ഇറാൻ ആവർത്തിക്കുന്നത്. യുദ്ധത്തിൽ തകർന്നവ പുനർനിർമിക്കണം. മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ യാത്രയ്ക്കായി ഒരു പ്രോട്ടോക്കോൾ തയാറാക്കണമെന്നും ഉപരോധങ്ങൾ നീക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു….

Latest from Blog

error: Content is protected !!