വാഷിങ്ടൻ> ഇറാനിലേക്കോ പുറത്തേക്കോ ഉള്ള കപ്പൽ ഗതാഗതത്തിനു തിങ്കളാഴ്ച (ഏപ്രിൽ 13) മുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് പശ്ചിമേഷ്യയിലെ അമേരിക്കൻ സേനാ വിഭാഗമായ യുഎസ് സെൻട്രൽ കമാൻഡ്. അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് അനുസൃതമായി തിങ്കളാഴ്ച രാവിലെ 10 മണി മുതലായിരിക്കും ഉപരോധം ആരംഭിക്കുന്നത്.
ഇറാൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതോ അവിടെനിന്ന് പുറപ്പെടുന്നതോ ആയ എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്ക് ഈ ഉപരോധം ബാധകമായിരിക്കും. ഒരു രാജ്യത്തിനും ഇതിൽ ഇളവ് നൽകില്ല. എന്നാൽ ഇറാൻ ഇതര രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളെ തടയില്ല.
ഉപരോധം ആരംഭിക്കുന്നതിന് മുൻപ് വാണിജ്യ കപ്പലുകൾക്ക് ഔദ്യോഗിക അറിയിപ്പിലൂടെ കൂടുതൽ വിവരങ്ങൾ നൽകും. ഒമാൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും സഞ്ചരിക്കുന്ന നാവികർ റേഡിയോ ചാനൽ 16 വഴി അമേരിക്കൻ നാവികസേനയുമായി ബന്ധപ്പെടാനും നിർദേശങ്ങൾ ശ്രദ്ധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ചൈന ഇറാനിലേക്ക് ആയുധങ്ങൾ അയക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപ് ഭരണകൂടം എടുത്ത ഈ തീരുമാനം മേഖലയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.