സിനിമയെ വെല്ലുന്ന തിരക്കഥയുമായി ഭര്‍ത്താവിനെ വകവരുത്താന്‍ ഇറങ്ങിത്തിരിച്ച ഒരു യുവതിയുടെയും കാമുകന്റെയും കഥയാണ് ഇപ്പോള്‍ ആന്ധ്രാപ്രദേശില്‍ നിന്നും പുറത്തുവരുന്നത്. തന്റെ അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് കണ്ടതോടെ, താലി കെട്ടിയവനെ തന്നെ ഇല്ലാതാക്കാന്‍ 10 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയ ശില്പ എന്ന യുവതിയും കാമുകന്‍ നാഗസുധീറും ഇപ്പോള്‍ അഴികള്‍ക്കുള്ളിലാണ്. കൈയിലുണ്ടായിരുന്ന 14 പവന്‍ സ്വര്‍ണം പണയം വെച്ചും വിറ്റുമാണ് കൊലപാതകത്തിന് യുവതി പണം കണ്ടെത്തിയത് എന്നതാണ് ഞെട്ടിക്കുന്ന വിവരം.
ആന്ധ്രാപ്രദേശിലെ ലിംഗാപുരത്താണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറുന്നത്. ഈശ്വര്‍ റെഡ്ഡിയുടെ ഭാര്യയായ ശില്പയും ജമ്മലമടുഗു സ്വദേശിയായ നാഗസുധീറും തമ്മിലുള്ള പരിചയം അതിവേഗമാണ് വഴിവിട്ട ബന്ധത്തിലേക്ക് മാറിയത്. നാഗസുധീറും വിവാഹിതനായിരുന്നു എന്നതൊന്നും ഇവര്‍ക്ക് പ്രശ്‌നമായിരുന്നില്ല. എന്നാല്‍, ഭാര്യയുടെ ‘കളി’ ഈശ്വര്‍ റെഡ്ഡി മണത്തറിഞ്ഞതോടെ കഥ മാറി. ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് അദ്ദേഹം പലതവണ ആവശ്യപ്പെട്ടെങ്കിലും ശില്പ അതൊന്നും ചെവിക്കൊണ്ടില്ല. ഒടുവില്‍ ഭര്‍ത്താവിനെ ഒഴിവാക്കിയാല്‍ തങ്ങള്‍ക്ക് സൈ്വര്യമായി ജീവിക്കാമെന്ന് ഇരുവരും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.
10 ലക്ഷത്തിന്റെ ക്വട്ടേഷന്‍; 14 പവന്‍ പണയം വെച്ചു
ഭര്‍ത്താവിനെ തീര്‍ക്കാന്‍ ഒരു പ്രൊഫഷണല്‍ സംഘത്തെ തന്നെ ഇവര്‍ തേടിപ്പിടിച്ചു. ഗുണ്ടാ നേതാവ് വിനയ് വഴിയാണ് ഹിന്ദുപുരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തെ ഇവര്‍ സമീപിച്ചത്. 10 ലക്ഷം രൂപയ്ക്കായിരുന്നു ഉറപ്പിച്ചത്. അഡ്വാന്‍സായി നല്‍കാന്‍ പണമില്ലാതിരുന്ന ശില്പ, ഒടുവില്‍ തന്റെ പക്കലുണ്ടായിരുന്ന 14 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചും വിറ്റും 5 ലക്ഷം രൂപ സംഘടിപ്പിച്ചു. ബാക്കി തുക കൊലപാതകത്തിന് ശേഷം നല്‍കാമെന്നായിരുന്നു കരാര്‍. അങ്ങേയറ്റം ആസൂത്രിതമായിരുന്നു ക്വട്ടേഷന്‍ സംഘത്തിന്റെ നീക്കം. ഈശ്വര്‍ റെഡ്ഡി ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാറിടിച്ച് വീഴ്ത്തി അപകടമരണമാക്കി മാറ്റാനായിരുന്നു പ്ലാന്‍. ബൈപ്പാസ് റോഡില്‍ വെച്ച് ആസൂത്രണം ചെയ്തത് പോലെ ക്വട്ടേഷന്‍ സംഘം ഈശ്വര്‍ റെഡ്ഡിയുടെ ബൈക്കില്‍ കാറിടിപ്പിച്ചു.
റോഡില്‍ തെറിച്ചുവീണ ഈശ്വര്‍ റെഡ്ഡി മരിച്ചെന്ന് ഉറപ്പിക്കാന്‍ സംഘം അടുത്തേക്ക് എത്തിയെങ്കിലും, അപ്രതീക്ഷിതമായി അദ്ദേഹം കുതറി മാറി. ആയുധങ്ങളുമായി സംഘം കുത്താന്‍ ശ്രമിച്ചെങ്കിലും ഭാഗ്യത്തിന് അദ്ദേഹം അവിടെനിന്ന് രക്ഷപ്പെട്ട് നേരെ ഓടിയെത്തിയത് പൊലീസ് സ്റ്റേഷനിലാണ്. ഈശ്വര്‍ റെഡ്ഡി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തന്ത്രപരമായ നീക്കമാണ് പ്രതികളെ കുടുക്കിയത്. ആദ്യം ക്വട്ടേഷന്‍ സംഘത്തെ പിടികൂടിയ പൊലീസ്, അവരെ ചോദ്യം ചെയ്തതോടെയാണ് ശില്പയുടെയും നാഗസുധീറിന്റെയും പങ്ക് പുറത്തുവന്നത്.