വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി - Kerala Times    

വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

April 28, 2026
file 0000000075447207af9062a69c2081e2

തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന് (24) സ്‌കാനിങ് റിപ്പോര്‍ട്ട് മാറി നല്‍കിയതാണ് പുലിവാലായത്. റിപ്പോര്‍ട്ടുമായി മെഡിക്കല്‍ കോളജിലെത്തി കാര്യം പറഞ്ഞെങ്കിലും ജീവനക്കാര്‍ ദേഷ്യപ്പെടുകയായിരുന്നു. ഇതോടെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് യുവാവ്.

വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷിഹാസ് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്. തുടര്‍ന്ന് വൃക്കയില്‍ കല്ലെന്ന സംശയത്തില്‍ ഡോക്ടര്‍ സ്‌കാനിങ് നിര്‍ദേശിച്ചു. ഫെബ്രുവരി 16ന് ആശുപത്രിയില്‍ തന്നെ സിടി സ്‌കാനിന് ഷിഹാസ് വിധേയനായി. ഒരാഴ്ച കഴിഞ്ഞ്് റിസല്‍റ്റ് ലഭിക്കുമെന്ന് പറഞ്ഞെങ്കിലും വയറു വേദന കുറഞ്ഞതിനാല്‍ റിസല്‍റ്റ് വാങ്ങിയില്ല. അതിനിടെ വീണ്ടും വേദന തുടങ്ങിയപ്പോള്‍ ഐരാണിമുട്ടത്തെ ഹോമിയോ ആശുപത്രിയില്‍ ഷിഹാസ് ചികില്‍സ തേടി. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് മാര്‍ച്ച് 16ന് സ്‌കാന്‍ റിപ്പോര്‍ട്ടിനായി ഷിഹാസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി.

ഈ റിസള്‍ട്ടുമായി ഇന്നലെ ഹോമിയോ ആശുപത്രിയിലെത്തിയപ്പോഴാണ് ഗര്‍ഭാശയ മുഴയെ കുറിച്ച് അറിയുന്നത്. റിപ്പോര്‍ട്ട് മാറിപ്പോയെന്ന് മനസ്സിലായതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി വിവരം പറഞ്ഞെങ്കിലും ജീവനക്കാര്‍ ആദ്യം ഇത് വിസമ്മതിച്ചു. പിന്നീട് കാത്തിരിക്കാന്‍ ആവശ്യപ്പെട്ട ശേഷം 10 മിനിറ്റിനുള്ളില്‍ ഷിഹാസിന്റെ ശരിയായ റിസല്‍റ്റ് തയാറായതായി ജീവനക്കാര്‍ അറിയിച്ചു. വീണ്ടും സ്‌കാന്‍ ചെയ്യാതെ എങ്ങനെ പുതിയ റിസല്‍റ്റ് കിട്ടിയെന്ന് ചോദിച്ചതോടെ ജീവനക്കാര്‍ തട്ടിക്കയറിയെന്നും ഷിഹാസ് പറഞ്ഞു. തുടര്‍ന്ന് പണം തിരികെ നല്‍കി പ്രശ്‌നം പരിഹരിക്കാനും അധികൃതര്‍ ശ്രമിച്ചു. പരാതി നല്‍കാനായി പഴയ റിസല്‍റ്റ് ചോദിച്ചെങ്കിലും ലാബിലെ ഡോക്ടര്‍ അത് നല്‍കിയില്ലെന്നും പണം വാങ്ങി സ്ഥലംവിടാന്‍ പറഞ്ഞെന്നും ഷിഹാസ് ആരോപിച്ചു. സംഭവത്തെക്കുറിച്ച് മെഡിക്കല്‍ കോളജ് പൊലീസില്‍ ഷിയാസ് പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രി സൂപ്രണ്ടിന് ഇന്ന് പരാതി നല്‍കും.

Leave a Reply

Your email address will not be published.

Latest from Blog

error: Content is protected !!