ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങളുമായി തന്നെ ഒരാള്‍ പിന്തുടര്‍ന്ന് അപമാനിക്കുന്നതായി നടി ഹണി റോസ്. ഇതുവരേയും പ്രതികരിക്കാതിരുന്നത് പ്രതികരണ ശേഷി ഇല്ലാതിരുന്നിട്ടല്ല, ഇനിയും തുടര്‍ന്നാണ് നിയമപരമായി തന്നെ നേരിടുമെന്നും ഹണി റോസ് സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നുണ്ട്. താരത്തിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.ഈ പശ്ചാത്തലത്തില്‍ ഹണി റോസിനെക്കുറിച്ച് സിനിമ നിരൂപകയായ അനു ചന്ദ്ര പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. പോസ്റ്റ് കണ്ടപ്പോള്‍ ആദ്യമായി അവരോടൊരിഷ്ടം തോന്നി. കുറേ നാളായി എനിക്കവരോടനുഭവപ്പെട്ടിരുന്ന വലിയൊരു വിയോജിപ്പിനുള്ള മറുപടി കൂടിയായിട്ടാണ് ഞാനാ ഇന്‍സ്റ്റ പോസ്റ്റിനെ കാണുന്നത് എന്നാണ് അനു ചന്ദ്ര പറയുന്നത്. കുറിപ്പ് വായിക്കാം .
ഹണി റോസ്, ഇന്നത്തെയവരുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് കണ്ടപ്പോള്‍ ആദ്യമായി അവരോടൊരിഷ്ടം തോന്നി. കുറേ നാളായി എനിക്കവരോടനുഭവപ്പെട്ടിരുന്ന വലിയൊരു വിയോജിപ്പിനുള്ള മറുപടി കൂടിയായിട്ടാണ് ഞാനാ ഇന്‍സ്റ്റ പോസ്റ്റിനെ കാണുന്നത്. മനഃപൂര്‍വം പിന്നാലെ നടന്ന് ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ നിരന്തരമായി തന്നെ ഉപദ്രവിക്കുന്ന വ്യക്തിയെ കുറിച്ചെഴുതി തുടങ്ങിയ ആ പോസ്റ്റില്‍ വ്യക്തിയുടെ പേര് അവര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പക്ഷേ അതാര് , അയാളുടെ ഉപദ്രവം എത്തരത്തിലുള്ളതാണ് എന്നുള്ളതെല്ലാം വായനക്കാര്‍ക്ക് വ്യക്തമാണ്.
കാരണം നമ്മളും അതിനൊക്കെ സാക്ഷികളാണല്ലോ. ഏതായാലും ആ വ്യക്തിയുടെ പേര് എന്ത് കൊണ്ടവര്‍ പറഞ്ഞില്ല പോലുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. ബിക്കോസ് അതവരുടെ താല്പര്യം മാത്രമാണ്. അതിനവര്‍ക്കവരുടേതായ കാരണങ്ങളും കാണും. പിന്നെ പണമുള്ളവന്റെ മാനസിക വൈകൃതങ്ങളുടെ പുലമ്പലുകള്‍ക്കിവിടെ സ്വീകാര്യത കൂടുതലാണല്ലോ. അതുകൊണ്ടാണല്ലോ പണമുള്ളവന്‍ കണ്ണില്‍ക്കണ്ട ഇന്റര്‍വ്യൂസില്‍ വരെ പോയിരുന്ന് ഹണിയെ പറ്റി ദ്വായര്‍ത്ഥപരമായി വിവരിക്കുന്നതും സ്ത്രീ അവതാരികമാര്‍ വരെ അത് കേട്ട് ഇളിക്കുന്നതും. അണ്‍ഫോര്‍ച്ചുണേറ്റ്‌ലി, കുറേ ക്യാഷ് ഇറക്കി ചാരിറ്റി ചെയ്താല്‍ പിന്നെ ഈ നാട്ടിലെ ഏത് കവലയിലില്‍ പോയിരുന്നാല്‍ പോലും അവനവന്റെയുള്ളിലെ വൈകൃതത്തെ ഏത് തരത്തില്‍ പുലമ്പാനും എളുപ്പമാണ്. സോ അത്തരത്തില്‍ പെട്ട ഒരുത്തനോട് ഫൈറ്റ് ചെയ്യേണ്ടി വരികയെന്നാല്‍ നമ്മള്‍ അവന്റെ പണത്തോട് കൂടി ഫൈറ്റ് ചെയ്യുകയാണെന്നാണര്‍ത്ഥം. That’s not easy!
ഏതായാലും അല്പം വൈകിയാണെങ്കിലും അവര്‍ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഹണിയുടെ വസ്ത്രധാരണം ഹണിയുടെ ശരീരം – രണ്ടിനും ഇവിടെ തല്‍ക്കാലം പ്രസക്തിയില്ല. മുകളില്‍ പറഞ്ഞത് പോലെ അല്പം വൈകിയാണെങ്കിലും പറയാനുള്ളത് പറയാനുള്ള ആര്‍ജ്ജവം അവര്‍ കാണിച്ചു. അത് മാത്രമാണ് ഞാന്‍ കാണുന്നത്. മൗനം ഇടക്കെങ്കിലും പൊട്ടിച്ചെറിയുന്നുണ്ടല്ലോ. ഗ്രേറ്റ്.
‘ഒരു വ്യക്തി ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്‌മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവര്‍ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകള്‍ക്ക് എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാന്‍ പോകുന്ന ചടങ്ങുകളില്‍ മനപ്പൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു’ എന്നാണ് ഹണി റോസ് കുറിപ്പില്‍ പറയുന്നത്.