സ്വന്തം നഗ്‌നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്നു; വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന കുപ്രചാരണങ്ങള്‍; അപവാദത്തിനെതിരെ നിയമനടപടിയെന്ന് സിപിഎം നേതാവ് കെ.ജെ. ഷൈന്‍ - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

സ്വന്തം നഗ്‌നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്നു; വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന കുപ്രചാരണങ്ങള്‍; അപവാദത്തിനെതിരെ നിയമനടപടിയെന്ന് സിപിഎം നേതാവ് കെ.ജെ. ഷൈന്‍

September 18, 2025
1037119 k j shine

കൊച്ചി>തന്നെയും കുടുംബത്തെയും തേജോവധം ചെയ്യുന്ന വിധത്തിലുള്ള വ്യാജ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് സിപിഎം നേതാവും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന കെ.ജെ. ഷൈന്‍. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി, ഡിജിപി, വനിതാ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് തെളിവുകളോടെ പരാതി നല്‍കിയതായി അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഷൈനിനും ജില്ലയിലെ ഒരു സിപിഎം എംഎല്‍എയ്ക്കും എതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ അപവാദ പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം.

രാഷ്ട്രീയമായും വ്യക്തിപരമായും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് നെറികെട്ട പ്രചാരണങ്ങള്‍ നടക്കുന്നതെന്നും, ഈ ഭീരുത്വത്തിന്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഷൈന്‍ പ്രസ്താവിച്ചു. താന്‍ കോളജ് കാലഘട്ടം മുതല്‍ പൊതുപ്രവര്‍ത്തന രംഗത്തുണ്ടെന്നും, കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെയാണ് കേരള സമൂഹം തന്നെ കൂടുതല്‍ അടുത്തറിഞ്ഞതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയ പ്രവര്‍ത്തക, ജനപ്രതിനിധി, അധ്യാപക സംഘടനാ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന തനിക്കെതിരെയും ജീവിതപങ്കാളിക്കെതിരെയും വ്യക്തിപരമായും കുടുംബപരമായും അപകീര്‍ത്തികരമായ വ്യാജ പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി നടക്കുന്നുണ്ട്.

പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്ന സ്ത്രീകള്‍ക്കെതിരായി ഇത്തരത്തിലുള്ള മ്ലേച്ഛമായ പ്രചാരണങ്ങള്‍ നടത്തുന്നവരുടെ മാനസികാവസ്ഥ വികൃതമാണെന്ന് ഷൈന്‍ ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന അപവാദങ്ങള്‍ വ്യക്തികളെ മാത്രമല്ല, അവരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും വേദനിപ്പിക്കുന്നു. ‘സ്വന്തം നഗ്‌നത മറച്ചുപിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തയ്യാറാവണം,’ ഷൈന്‍ ആവശ്യപ്പെട്ടു.

പൊതുപ്രവര്‍ത്തനം എന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം സമൂഹത്തിലും ഭരണകൂടത്തിലും ഉണ്ടാകണമെന്നും, അതിനനുസരിച്ചുള്ള ഇടപെടലുകള്‍ ഉണ്ടാകുമെന്നും ഷൈന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഒരു കാരണവശാലും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീക്കും ഇത്തരം അതിക്രമങ്ങള്‍ നേരിടേണ്ടി വരരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ സിപിഎം ജില്ലാ നേതൃത്വവും കെ.ജെ. ഷൈനിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

കെ ജെ ഷൈന്റെ ഫേസ്ബുക്ക് പോസ്റ്റ്
സ്ത്രീവിരുദ്ധതയുടെ ജീര്‍ണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യും. പൊതു പ്രവര്‍ത്തക എന്ന നിലയില്‍ കോളേജ് കാലഘട്ടം മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന വ്യക്തിയാണ് ഞാന്‍. കേരള സമൂഹം എന്നെ കൂടുതലായി അറിയാന്‍ തുടങ്ങിയത് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതലാണ്.

രാഷ്ട്രീയ പ്രവര്‍ത്തക, ജനപ്രതിനിധി, അദ്ധ്യാപക സംഘടനാ നേതാവ് എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എന്നെക്കുറിച്ചും എന്റെ ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന തരത്തില്‍ വ്യപകമായി വ്യാജ കുപ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. ഇന്ന് ഒരു പത്രവും ഈ വ്യാജ വലതുപക്ഷ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്.

രാഷ്ട്രീയമായും വ്യക്തിപരമായും തകര്‍ക്കുക എന്ന ലക്ഷ്യം വച്ച് നടത്തുന്ന നെറികെട്ട, ജീര്‍ണ്ണതയുടെ, ഭീരുത്വത്തിന്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്ന സ്ത്രീകള്‍ക്കെതിരായി മ്ലേച്ഛമായ കുപ്രചാരണം നടത്തുന്നവര്‍ എത്ര വികൃത മനസ്‌ക്കരാണ്? സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന അപവാദങ്ങള്‍ മാനസികമായും സാമൂഹ്യമായും ഒരു വ്യക്തിയെ മാത്രമല്ല വേദനിപ്പിക്കുന്നത്, കൂടെയുള്ള ജീവിത പങ്കാളിയെയും മക്കളെയും ബന്ധുക്കളെയും സ്‌നേഹിതരെയും സഹപ്രവര്‍ത്തകരെയും ഒക്കെയാണ്. സ്വന്തം നഗ്‌നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തയ്യാറാവണം. കൂടാതെ പൊതുപ്രവര്‍ത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തില്‍ പൊതുസമൂഹവും ഭരണകൂടവും വേണ്ട ഇടപെടല്‍ നടത്തുമെന്ന വിശ്വാസം ഉണ്ട്.

ഒരു കാരണവശാലും പൊതു പ്രവര്‍ത്തനരംഗത്ത് നില്‍ക്കുന്ന ഒരു സ്ത്രീയും ഭയപ്പെടരുത്. എത്രയോ പ്രയാസങ്ങളും അപവാദ പ്രചരണങ്ങളും നേരിട്ടവരാണ് നമ്മുക്ക് മുമ്പേ സഞ്ചരിച്ചവര്‍. ഈ സാഹചര്യവും നാമൊരുമിച്ച് നേരിടും, മുന്നേറും. ആന്തരിക ജീര്‍ണ്ണതകള്‍ മൂലം കേരള സമൂഹത്തിന് മുന്നില്‍ തല ഉയര്‍ത്താനാവാത്ത വലതുപക്ഷ രാഷ്ട്രീയത്തെ രക്ഷിക്കാനായിഎന്റെ പേരും ചിത്രവും വെച്ച് അപമാനിക്കാന്‍ ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സഹിതം ബഹു മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയാണ്.


– കെ.ജെ ഷൈന്‍ ടീച്ചര്‍

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss