ശത്രുവിനെ പിന്തുടര്‍ന്ന് തകര്‍ക്കും ലേസര്‍ ബീം;  ഇന്ത്യ വാങ്ങുന്ന ബ്രിട്ടീഷ് LMM Martlet മിസൈല്‍ ചില്ലറക്കാരനല്ല - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

ശത്രുവിനെ പിന്തുടര്‍ന്ന് തകര്‍ക്കും ലേസര്‍ ബീം;  ഇന്ത്യ വാങ്ങുന്ന ബ്രിട്ടീഷ് LMM Martlet മിസൈല്‍ ചില്ലറക്കാരനല്ല

October 11, 2025
images 2025 10 11T190632.007

LMM MARTLET Missile> ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമറും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളുടേയും പരസ്പര സഹകരണം മെച്ചപ്പെടുത്തുന്ന നിരവധി നീക്കങ്ങളാണുണ്ടായത്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യന്‍ സൈന്യത്തിനായി ലൈറ്റ് വെയ്റ്റ് മള്‍ട്ടിറോള്‍ മിസൈല്‍ (എൽഎംഎം) സംവിധാനങ്ങള്‍ നല്‍കുന്നതിനുള്ള കരാര്‍. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വിപുലമായ പ്രതിരോധ സഹകരണത്തിന്റെ ഭാഗമായാണ് ഈ കരാര്‍.

ഈ കരാര്‍ ബ്രിട്ടീഷ് പ്രതിരോധ വ്യവസായത്തിന് ഊര്‍ജ്ജം പകരുമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. നിലവില്‍ യുക്രൈനിനായി ഈ മിസൈലുകള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍, ഇന്ത്യയുമായുള്ള കരാറിന്റെ ഫലമായി 700 അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ബ്രിട്ടന്‍ അവകാശപ്പെടുന്നു. 46.8 കോടി ഡോളര്‍ മൂല്യമുള്ളതാണ് ഈ കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഡിആര്‍ഡിഒ പോലുള്ള സ്വയംപര്യാപ്തത കൈവരിച്ച ഇന്ത്യന്‍ ഏജന്‍സികള്‍ മിസൈല്‍ നിര്‍മാണത്തില്‍ മികവ് തെളിയിച്ചിട്ടും, എന്തിനാണ് ഇന്ത്യ കോടികള്‍ മുടക്കി ബ്രിട്ടനില്‍ നിന്ന് മിസൈലുകള്‍ വാങ്ങുന്നത് എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.

ഇതിനുള്ള ഉത്തരം, ഇന്ത്യ വാങ്ങുന്നത് ഒരു സാധാരണ മിസൈലല്ല എന്നതാണ്. മാര്‍ട്ട്ലെറ്റ് എന്നറിയപ്പെടുന്ന ഈ ലൈറ്റ് വെയ്റ്റ് മള്‍ട്ടിറോള്‍ മിസൈല്‍ (എല്‍എല്‍എം) ഭൂമിയിലും ആകാശത്തും ജലത്തിലും നിന്നുള്ള ഭീഷണികളെ നേരിടാന്‍ പ്രാപ്തമായ, അത്യാധുനിക രൂപകല്‍പ്പനയുള്ള ആയുധമാണ്. ചെലവ് കുറഞ്ഞതും എളുപ്പത്തില്‍ കൊണ്ടുപോകാവുന്നതുമായ ഈ മിസൈല്‍, സര്‍ഫേസ്-ടു-എയര്‍, എയര്‍-ടു-എയര്‍, സര്‍ഫേസ്-ടു-സര്‍ഫേസ്, എയര്‍-ടു-സര്‍ഫേസ് ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. സായുധ വാഹനങ്ങള്‍, ചെറുകിട ബോട്ടുകള്‍, രഹസ്യാന്വേഷണ ഡ്രോണുകള്‍, ആളില്ലാ വിമാനങ്ങള്‍ തുടങ്ങിയ വ്യോമ ഭീഷണികളെ തടയാന്‍ ഇതിന് കഴിവുണ്ട്.

ഉയര്‍ന്ന ആക്രമണ ശേഷിയും എളുപ്പത്തില്‍ കൊണ്ടുനടക്കാനുള്ള സൗകര്യവും യുദ്ധമുഖത്ത് ഈ മിസൈലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ബ്രിട്ടന്റെ തേയ്ല്‍സ് എയര്‍ ഡിഫന്‍സ് കമ്പനിയാണ് മാര്‍ട്ട്ലെറ്റ് എല്‍എല്‍എം നിര്‍മിക്കുന്നത്. മിസൈലിന്റെ മറ്റ് പതിപ്പുകള്‍, ഉദാഹരണമായി ഒരേസമയം മിസൈലായും ആളില്ലാ വിമാനമായും പ്രവര്‍ത്തിക്കാന്‍ കഴിയുന്നവ, വികസിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മാര്‍ട്ട്ലെറ്റ് മിസൈലില്‍ ജാം-റെസിസ്റ്റന്റ് ഗൈഡന്‍സ് സംവിധാനമാണ് ഉപയോഗിക്കുന്നത്, ഇതില്‍ ഇനേര്‍ഷ്യല്‍ നാവിഗേഷനും സെമി-ആക്ടീവ് ലേസര്‍ ഹോമിങും (SALH) ഉള്‍പ്പെടുന്നു. പ്രോക്‌സിമിറ്റി സെന്‍സര്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നിയന്ത്രിക്കുന്നത്.

സമുദ്രനിരപ്പില്‍ മാക് 1.5 (ഏകദേശം 1,830-1,835 കിലോമീറ്റര്‍/മണിക്കൂര്‍) വേഗതയില്‍ പറക്കാന്‍ ശേഷിയുള്ള ഡ്യുവല്‍-പള്‍സ് സോളിഡ്-പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറാണ് മിസൈലിന്റെ കരുത്ത്. ഒപ്റ്റിക്കല്‍-ഇലക്ട്രോണിക് സൈറ്റിംഗ് സിസ്റ്റം പുറപ്പെടുവിക്കുന്ന ലേസര്‍ ബീമിനെ കൃത്യമായി പിന്തുടരാന്‍ ഈ വേഗത സഹായിക്കുന്നു.

യുക്രൈനിലെ ഉപയോഗം

2022 ഏപ്രില്‍ മുതല്‍ യുക്രൈന്‍ ഈ മിസൈലുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. 2025 സെപ്റ്റംബറില്‍ 650 എല്‍എല്‍എം മിസൈലുകള്‍ യുക്രൈന് നല്‍കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ ആയിരക്കണക്കിന് മിസൈലുകള്‍ യുക്രൈന് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റഷ്യയുടെ എംഐ-28 എന്‍ബി, കെഎ-52 എം തുടങ്ങിയ ആക്രമണ ഹെലികോപ്റ്ററുകള്‍ക്കെതിരെ മാര്‍ട്ട്ലെറ്റ് മിസൈലുകള്‍ യുക്രൈന്‍ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.

ഈ ഹെലികോപ്റ്ററുകള്‍ എല്‍-370 വിറ്റെബ്‌സ്‌ക് എന്ന സ്വയം പ്രതിരോധ സംവിധാനം ഉപയോഗിക്കുന്നവയാണ്, ഇത് ഇന്‍ഫ്രാറെഡ്, റഡാര്‍ നിയന്ത്രിത മിസൈലുകളെ ആശയക്കുഴപ്പത്തിലാക്കാനോ തകര്‍ക്കാനോ ശേഷിയുള്ളതാണ്. എന്നാല്‍, മാര്‍ട്ട്ലെറ്റിന്റെ SALH സംവിധാനത്തെ ഈ സുരക്ഷാ കവചത്തിന് പ്രതിരോധിക്കാന്‍ കഴിയില്ല. 8 കിലോമീറ്റര്‍ ദൂരപരിധിയില്‍ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഈ മിസൈല്‍, റഷ്യന്‍ ഹെലികോപ്റ്ററുകള്‍ക്ക് രക്ഷപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഇന്ത്യയുടെ ആവശ്യങ്ങള്‍

ഇന്ത്യ പ്രധാനമായും കരസേനയ്ക്കായി സര്‍ഫേസ്-ടു-എയര്‍, സര്‍ഫേസ്-ടു-സര്‍ഫേസ് ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മാര്‍ട്ട്ലെറ്റ് മിസൈലുകള്‍ വാങ്ങും. ഭാവിയില്‍ ഹെലികോപ്റ്ററുകളില്‍ ഘടിപ്പിക്കാവുന്ന എയര്‍-ടു-എയര്‍, എയര്‍-ടു-സര്‍ഫേസ് പതിപ്പുകളും സ്വന്തമാക്കിയേക്കാം.

പരിമിതികള്‍

SALH സംവിധാനം ലേസര്‍ പ്രകാശത്തെ ആശ്രയിക്കുന്നതിനാല്‍ എല്ലാ കാലാവസ്ഥകളിലും ഇത് ഫലപ്രദമല്ല. ഇതിന് പരിഹാരമായി, തേയ്ല്‍സ് ഐഐആര്‍ ടെര്‍മിനല്‍ സീക്കര്‍ ഓപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്.

മാര്‍ട്ട്ലെറ്റ് മിസൈലിന്റെ അത്യാധുനിക സാങ്കേതിക വിദ്യയും വൈവിധ്യമാര്‍ന്ന ഉപയോഗ ശേഷിയും ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. പാകിസ്താന്‍ ഉള്‍പ്പടെയുള്ള ഭീഷണികളെ ചെറുക്കാന്‍ ഇത് ഇന്ത്യയ്ക്ക് സഹായകമാവും. മിസൈല്‍ നിര്‍മാണത്തില്‍ സ്വയംപര്യാപ്തമാണെങ്കിലും സ്വന്തം കഴിവുകള്‍ക്കപ്പുറത്തുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ പ്രതിരോധരംഗത്തിന് ഈ കരാര്‍ സഹായിക്കും. ഒപ്പം ഈ കരാര്‍ ഇന്ത്യ-ബ്രിട്ടന്‍ പ്രതിരോധ സഹകരണത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിടുകയും ചെയ്യും.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss