തിരുവനന്തപുരം > ഡ്രൈവിങ് പരിശീലനത്തില്‍ ഇനി ‘എച്ച്’ എടുത്ത് റോഡ് ടെസ്റ്റും നടത്തി പോയാല്‍ പോര. കാല്‍നടയാത്രക്കാരുടെ സുരക്ഷയിലും റോഡ് അരികിലെ പാര്‍ക്കിങ്ങിലും പ്രത്യേക ശ്രദ്ധവേണം. ഇക്കാര്യത്തില്‍ ഡ്രൈവിങ്ങ് സ്‌കൂളുകള്‍ പരിശീലനം നല്‍കുന്നുണ്ടോ എന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശത്തില്‍ പറയുന്നു.
കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. മരണപ്പെടുന്നവരും ഗുരുതരമായി പരിക്കേല്‍ക്കുന്നവരും ഏറെയാണ്. ഇതേത്തുടര്‍ന്നാണ് കാല്‍നടയാത്രക്കാരുടെ സുരക്ഷയിലും റോഡരികിലെ പാര്‍ക്കിങ്ങിലും പരിശീലനം കര്‍ശനമാക്കാന്‍ വകുപ്പ് നിര്‍ദേശം നല്‍കിയത്. പ്രധാനറോഡുകളുടെ അരികില്‍ ഉള്‍പ്പെടെ മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ കാഴ്ചമറച്ചും കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ കഴിയാത്ത രീതിയില്‍ ഫുട്പാത്തില്‍ ഉള്‍പ്പെടെയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇത്തരത്തിലുള്ള പാര്‍ക്കിങ് സുഗമമായ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുകയും ഗതാഗതക്കുരുക്കിനു കാരണമാകുകയും ചെയ്യുന്നു.
കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രികര്‍, മറ്റ് ഇരുചക്രവാഹന യാത്രികര്‍ എന്നിവര്‍ അപകടസാധ്യതയുള്ള റോഡ് ഉപയോക്താക്കള്‍ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇവര്‍ക്കാണ് എല്ലാ റോഡുകളിലും മുന്‍ഗണന. ഓട്ടോറിക്ഷകള്‍, കാറുകള്‍, ചരക്ക് വാഹനങ്ങള്‍, ഭാരവാഹനങ്ങള്‍ എന്നിവ കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രികര്‍, ഇരുചക്രവാഹനയാത്രികര്‍ എന്നിവരുടെ സുരക്ഷയെയും സൗകര്യത്തെയും മാനിക്കണം.
ഈ മൂന്ന് വിഭാഗത്തില്‍പ്പെടുന്ന യാത്രക്കാരെ ഹോണ്‍ മുഴക്കി ഭയപ്പെടുത്താന്‍ ശ്രമിക്കരുത്. പകരം അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഹോണ്‍ ഉപയോഗിക്കണം. നിയമപ്രകാരം പതിവായുള്ള ഹോണ്‍ ഉപയോഗം ശിക്ഷാര്‍ഹമാണെന്ന് നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഡ്രൈവിങ്ങ് പരിശീലകര്‍ പരിശീലനത്തിനായി എത്തുന്നവരെ ബോധവാന്മാരാക്കണം. ഇതില്‍ വീഴ്ചവരുത്തുന്ന ഡ്രൈവിങ് പരിശീലകരുടെ ലൈസന്‍സ് താത്ക്കാലികമായി റദ്ദാക്കണമെന്നും അംഗീകൃത റിഫ്രഷര്‍ ട്രെയിനിങ്ങിന് നിര്‍ബന്ധിതമായും പങ്കെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
റോഡ് സംസ്‌കാരം പഠിക്കണം
റോഡ് സംസ്‌കാരം കൃത്യമായി പാലിക്കാത്തത് അപകടങ്ങള്‍ക്ക് കാരണമാകും. ഓരോറോഡിലും പാലിക്കേണ്ട നിയമങ്ങള്‍ അറിവില്ലാത്തതാണ് പ്രശ്നം. വളവുകളിലും നിയന്ത്രിക മേഖലകളിലും അലക്ഷ്യമായി മറ്റ് വാഹനങ്ങളെ മറികടക്കുന്നു. റോഡില്‍ മറ്റ് വാഹനയാത്രക്കാരെയും ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യണം. സ്വന്തം സുരക്ഷയ്‌ക്കൊപ്പം മറ്റ് യാത്രക്കാരുടെ സുരക്ഷയും മാനിക്കണം.
ട്രാഫിക് സിഗ്‌നലുകളില്‍, ഗതാഗതകുരുക്കുകളില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. തിരുകികയറ്റിയും തെറ്റായദിശയില്‍ കയറിവന്നും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് പതിവാണ്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ യാത്രക്കാര്‍ ക്ഷമയോടെ റോഡ് നിയമങ്ങള്‍ പാലിച്ച് കാത്ത് കിടക്കുന്നതും കാണാം. ഒന്നിലേറെ വരികളുള്ള റോഡുകളില്‍ ഏത് വരിയിലൂടെ ഓടിക്കണമെന്നും മറികടക്കണമെന്നും പല ഡ്രൈവര്‍മാര്‍ക്കും നിശ്ചയമില്ല. നിയമങ്ങളല്ല പലപ്പോഴും പാലിക്കപ്പെടുന്നത് ഒരോത്തരുടെയും ഇഷ്ടങ്ങളാണ്. ലൈസന്‍സ് എടുക്കുന്നതിന് മാത്രമുള്ള റോഡ് നിയമപഠനങ്ങള്‍ എത്രമാത്രം പാലിക്കപ്പെടുന്നുണ്ട് വിലയിരുത്തണം. ഏതായാലും പുതിയ നയം സ്വാഗതാർഹമാണ്,കുറച്ചുകൂടി നേരത്ത ചെയ്യേണ്ടതാണ്. അപകടരഹിത ഡ്രൈവിങ്ങ് ശീലമാക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം. അതിനായി കൂടുതല്‍ പരിശീലനം വേണം. വേഗമല്ല സുരക്ഷിതത്വമാണ് പ്രധാനം.
