തിരുവനന്തപുരം> ഇതുവരെ പിരിച്ച സർച്ചാർജ് എത്രയെന്ന റെഗുലേറ്ററി കമ്മിഷന്റെ ചോദ്യത്തിന് മറുപടിയില്ലാതെ കെഎസ്ഇബി. എത്രരൂപയ്ക്ക് വൈദ്യുതി അധികം വാങ്ങേണ്ടിവന്നെന്ന ചോദ്യത്തിനും മറുപടി കിട്ടിയില്ല. നിർണായക വിവരം നൽകാത്തതിന് കെഎസ്ഇബിയെ കമ്മിഷൻ രൂക്ഷമായി വിമർശിച്ചു. ഇതോടെ ജനങ്ങളിൽ നിന്ന് ഞെക്കിപ്പിഴിഞ്ഞ പണം എവിടെപ്പോയി എന്ന ചോദ്യം ഉയരുകയാണ്. ആയിരക്കണക്കിന് കോടി രൂപക്കാണ് കണക്കില്ലാതായിരിക്കുന്നത്. വൈദ്യുതി സർച്ചാർജിന്റെ പരിധി ഒഴിവാക്കണമെന്ന സർക്കാരിന്റെ പ്രത്യേക നിർദേശത്തിന്മേൽ നടന്ന തെളിവെടുപ്പിലാണ് വിമർശനം. ഉദ്യോഗസ്ഥർക്കു പകരം അഭിഭാഷകനെയാണ് കമ്പനിയുടെ നിലപാട് അറിയിക്കാൻ കെഎസ്ഇബി നിയോഗിച്ചത്.
നിലവിൽ മാസം 10 പൈസയിൽക്കൂടുതൽ സർച്ചാർജ് ചുമത്താൻ പാടില്ലെന്ന് റെഗുലേറ്ററി കമ്മിഷന്റെ നിർദേശമുണ്ട്. എന്നാൽ, സംസ്ഥാന സർക്കാരിന് വൈദ്യുതിമേഖലയുമായി ബന്ധപ്പെടുത്തി കൂടുതൽ കടമെടുക്കുന്നത് അനുവദിക്കുന്നതിനുള്ള നിബന്ധനയായി കേന്ദ്രസർക്കാരാണ് പരിധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇത് സംസ്ഥാന സർക്കാർ അംഗീകരിക്കുകയും ഇക്കാര്യം തീരുമാനിക്കാൻ പ്രത്യേക അധികാരം വിനിയോഗിച്ച് കമ്മിഷന് നിർദേശം നൽകുകയും ചെയ്തു.
ഇതിന്മേലാണ് ഓൺലൈനായി തെളിവെടുപ്പ് നടന്നത്. പരിധിയില്ലാതെ സർച്ചാർജ് ചുമത്തുന്നതിനെ തെളിവെടുപ്പിൽ പങ്കെടുത്ത വിവിധവിഭാഗം ഉത്പാദകരുടെ പ്രതിനിധികൾ എതിർത്തു. സർക്കാർനിർദേശം അംഗീകരിച്ച് സർച്ചാർജിന്റെ പരിധി ഒഴിവാക്കി കമ്മിഷൻ തീരുമാനമെടുക്കാനാണ് സാധ്യത.
