കൊച്ചി > ഭൂതത്താൻമാരുടെ അണകെട്ടൽ അവസാനനിമിഷം നിലച്ച പോലെ ഭൂതത്താൻകെട്ട് വൈദ്യുതോത്പാദന പദ്ധതിയും അവസാനഘട്ടത്തിൽ അനങ്ങാത്ത നിലയിലാണ്. ജനറേറ്ററിന്റെയും ടർബൈനിന്റെയും രൂപത്തിൽ രണ്ടു ‘പെരുങ്കല്ലുകൾ’ എടുത്തുവെച്ചിരുന്നെങ്കിൽ കേരളത്തിന് ദിവസേന അഞ്ചുലക്ഷം യൂണിറ്റ് വൈദ്യുതി ലഭിച്ചേനെ. പക്ഷേ, കാൽനൂറ്റാണ്ടായിട്ടും ഭൂതത്താൻകെട്ടിൽ വൈദ്യുതി ഒന്നു മിന്നിയതുപോലുമില്ല, അല്ല ‘മിന്നിച്ചതു പോലുമില്ല’ എന്നു പറയണം. പദ്ധതി യഥാസമയം കമ്മീഷൻ ചെയ്യാതിരുന്നതിലൂടെ സംസ്ഥാനത്തിന് ഇതുവരെ 1,531 കോടി രൂപയിലേറെയാണ് നഷ്ടം.
സംസ്ഥാനത്തിന് നഷ്ടങ്ങൾ മാത്രം സമ്മാനിച്ച ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതിയുടെ ചൈനീസ് കുരുക്കഴിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. ഈ പദ്ധതിക്കായി വർഷങ്ങൾക്ക് മുന്നേ ചൈനയിൽ തയ്യാറാക്കി സൂക്ഷിച്ചിരിക്കുന്ന ടർബൈനുകളും ജനറേറ്ററുകളും ഇപ്പോൾ പ്രവർത്തിപ്പിക്കാൻ കഴിയുമോ എന്ന് പരിശോധിക്കും. ഇതിനായി വൈദ്യുതി ബോർഡിലെ മൂന്നംഗ ഉന്നത ഉദ്യോഗസ്ഥസംഘം 2026 ജനുവരിയിൽ ചൈന സന്ദർശിക്കും. ഈ സർക്കാരിന്റെ കാലത്ത് തന്നെ പദ്ധതി കമ്മീഷൻ ചെയ്യാനായി 22.06 കോടി രൂപ പുതുക്കിയ ബജറ്റിൽ നീക്കിവെച്ചിട്ടുമുണ്ട്. കമ്മീഷൻ ചെയ്യാതെ ഇത്രയും കാലം നീണ്ടുപോയൊരു വൈദ്യുത പദ്ധതി കേരളത്തിൽ എന്ന് തന്നെയല്ല രാജ്യത്ത് തന്നെ അപൂർവമാണ്.
കടലിലേക്കുള്ള പെരിയാറിന്റെ അവസാന വാതിൽ
പെരിയാർ നദി കേരള-തമിഴ്നാട് അതിർത്തിയിൽ നിന്നുത്ഭവിച്ച് 244 കിലോമീറ്റർ പിന്നിട്ട്, കടലിൽ ചേരുന്നതിന് മുൻപ് അവസാനമായി തടയുന്നത് ഭൂതത്താൻകെട്ടിലാണ്. അതായത് പെരിയാറിന്റെ കടലിലേക്കുള്ള അവസാന വാതിലുകളിലൊന്നാണ് ഭൂതത്താൻകെട്ട് എന്ന് ചുരുക്കം. പള്ളിവാസൽ, പന്നിയാർ, ശെങ്കുളം, ലോവർപെരിയാർ, നേര്യമംഗലം, ഇടമലയാർ… ഇങ്ങനെ പെരിയാറിലെ ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതോത്പാദനത്തിന് ശേഷമുള്ള വെള്ളവും ഒഴുകിയെത്തുന്നത് ഭൂതത്താൻകെട്ടിലേക്കാണ്. എറണാകുളം ജില്ലയിൽ കോതമംഗലം പിണ്ടിമന പഞ്ചായത്തിലാണ് ഭൂതത്താൻകെട്ട്. പൊതുവിൽ ഭൂതത്താൻകെട്ട് ഡാം എന്നാണ് പറയാറുള്ളത്. എന്നാൽ ‘ഡാം’ എന്ന പൂർണ അർഥത്തിലേക്ക് എത്താതാണ് ഭൂതത്താൻകെട്ട്. ജലസേചനത്തിന് വേണ്ടിയുള്ള ഒരു ബാരേജ് മാത്രമാണിത്.
ഭൂതത്താൻകെട്ട് പദ്ധതിയെകുറിച്ച് 1957-ൽ ‘ജലസേചനവും വിദ്യുച്ഛക്തിയും’ എന്ന തലക്കെട്ടിൽ കേരള ഗവൺമെന്റ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിൽ നിന്നും പ്രസിദ്ധപ്പെടുത്തിയ പുസ്തകമുണ്ട്. ഭൂതത്താൻകെട്ടിന്റെ പണി തുടങ്ങിയപ്പോഴാണ് പുസ്തകമിറങ്ങുന്നത്. അതിൽ പദ്ധതിയെക്കുറിച്ച് വിവരിക്കുന്നതിങ്ങനെ; ‘പെരിയാറിൽ ഭൂതത്താൻകെട്ട് എന്ന സ്ഥലത്ത് ഒരു അണ കെട്ടി, വെള്ളത്തിന്റെ ഗതിമാറ്റി ഇടത്തുവശത്ത് മുഖ്യതോടും ഉപതോടുകളും മുഖേന പാടങ്ങളിലേക്ക് വെള്ളം നൽകുന്നതാണ് പദ്ധതി. മൂവാറ്റുപുഴ, കുന്നത്തുനാട് താലൂക്കുകളിലെ 63,300 ഏക്കർ നിലങ്ങൾക്ക് ഇതു മുഖേന ജലസേചന സൗകര്യം സിദ്ധിക്കുന്നതാണ്. പദ്ധതിക്ക് മൊത്തം 348 ലക്ഷം രൂപ ചെലവുള്ളതിൽ 200.8 ലക്ഷം രൂപ രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലി പൂർത്തിയാക്കുന്നതു മൂന്നാം പദ്ധതിയിലായിരിക്കും. മൂലധന ചെലവ് ഏക്കറിന് ശരാശരി 500 രൂപാ വരും. അതിൽ 271.9 ലക്ഷം രൂപ അഭിവൃദ്ധി നികുതിയായും പ്രതിവർഷം 2.38 ലക്ഷം രൂപ വെള്ളക്കരമായും ഈടാക്കുന്നതാണ്. അണയുടെ ജോലി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്…’
മേജർ ഇറിഗേഷൻ വകുപ്പിന്റെ കണക്കനുസരിച്ച് ഒരുവർഷം 4,300 മില്യൺ ക്യുബിക് മീറ്റർ (എം.സി.എം.) വെള്ളമാണ് ഭൂതത്താൻകെട്ടിലൂടെ ഒഴുകിപ്പോകുന്നത്. ലളിതമായി പറഞ്ഞാൽ അനേകം ഡാമുകളിൽ കൊള്ളാവുന്ന വെള്ളമാണ് ഒഴുകി പോകുന്നത്. ഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകളിൽ ഒരുവർഷം 362 എം.സി.എം. വെള്ളം എത്തുന്നു എന്നാണ് കണക്ക്. 4,300 എം.സി.എം. വെള്ളത്തിൽ നിന്നും ഒരുവർഷം ഉത്പാദിപ്പിക്കാവുന്ന വൈദ്യുതി 8.35 ദശലക്ഷം യൂണിറ്റാണ്. ഈ കണക്കാണ് ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതിയിലേക്ക് വൈദ്യുതിബോർഡിനെ എത്തിച്ചതും.
ഡാമില്ലാതെ പുതുവൈദ്യുതി…
ലോകത്ത് ഏറ്റവും ലാഭകരമായി വൈദ്യുതോത്പാദനം നടക്കുന്നത് ജലവൈദ്യുതിയിലൂടെയാണ്. ഒരു യൂണിറ്റ് ഉത്പാദിപ്പിക്കാൻ ഒരു രൂപയിൽ താഴെ മാത്രമാണ് ചെലവ്. സൗരോർജത്തിനും കൽക്കരി വൈദ്യുതിക്കും കാറ്റാടി വൈദ്യുതിക്കും പോലും ഇതിനേക്കാൾ ചെലവുണ്ട്. ജലവൈദ്യുത പദ്ധതികളുടെ ഏറ്റവും വലിയ പ്രശ്നം ഡാം നിർമാണവും അനുബന്ധപ്രശ്നങ്ങളുമാണ്. വൈദ്യുതോത്പാദനത്തിനായി ഡാം നിർമിക്കുന്നമ്പോൾ വലിയൊരു വനമേഖല തന്നെ വെള്ളത്തിനടിയിലായി പോകുന്നു. ഒട്ടേറെ വന്യജീവികളുടെ ആവാസവ്യവസ്ഥയെ അത് ബാധിക്കുന്ന സ്ഥിതിവരും. ഇതുകൊണ്ടാണ് ജലവൈദ്യുത പദ്ധതികളെ പരിസ്ഥിതി പ്രവർത്തകരുൾപ്പടെ എതിർക്കുന്നത്.
കേരളത്തിന് മാത്രമല്ല ഇന്ത്യയ്ക്ക് തന്നെയും ജലവൈദ്യുതിയുടെ അത്ഭുതശക്തി കാണിക്കേണ്ട പദ്ധതിയായിരുന്നു ഭൂതത്താൻകെട്ടിലേത്. ചരിത്രത്തിൽ തന്നെ ഡാമില്ലാതെ വൈദ്യുതി ലഭിക്കുന്ന ആദ്യ ജലവൈദ്യുതി പദ്ധതിയാകേണ്ടതായിരുന്നു ഇത്. വേനലിലും മഴയിലും ഒരുപോലെ വൈദ്യുതോത്പാദനം സാധ്യമാകുന്ന പദ്ധതി. ക്യാപ്റ്റീവ് പവർ പ്ലാന്റ് (സി.പി.പി.) എന്ന ആശയം 30 വർഷം മുമ്പ് വൈദ്യുതി ബോർഡിന്റെ തലയിൽ മിന്നി. പക്ഷെ അതിപ്പോഴും പ്രാവർത്തികമായില്ലെന്ന് മാത്രം. 1994-ൽ ആണ് പദ്ധതിയുടെ പ്രാഥമിക ഘട്ടം തുടങ്ങിയത്. ഡാമില്ലാതെ എട്ട് മെഗാവാട്ടിന്റെ മൂന്ന് ടർബൈനുകൾ സ്ഥാപിച്ച് 24 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനായിരുന്നു തീരുമാനം. 231.21 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കിയത്. പദ്ധതി പ്രാവർത്തികമായാൽ വൈദ്യുതോത്പാദനത്തിൽ പുതിയ മാതൃകയാകുമെന്ന റിപ്പോർട്ടും നൽകി.
ഫ്രാൻസിസും പെൽട്ടണും
ഡാമുകളിൽ വൈദ്യുതോത്പാദനത്തിന് പൊതുവിൽ ഫ്രാൻസിസ് ടർബൈനും പെൽട്ടൺ ടർബൈനുമാണ് ഉപയോഗിക്കാറ്. ഉയരങ്ങളിൽ നിന്നും പെൻസ്റ്റോക്ക് പൈപ്പിലൂടെ വരുന്ന വെള്ളത്തിൽ മുങ്ങി കിടന്ന് ഒഴുക്കിന്റെ ശക്തിയിൽ തിരിഞ്ഞാണ് ഫ്രാൻസിസ് ടർബൈനിലൂടെ വൈദ്യുതോത്പാദനം സാധ്യമാകുന്നത്. ടർബൈനിലെ ബ്ലേഡുകൾ, മാറ്റാൻ കഴിയാത്ത വിധം ഉറപ്പിച്ചു നിർത്തിയവയാണ്. ഇതാണ് ഒഴുക്കിന്റെ ശക്തിയിൽ തിരിയുക. അതേസമയം പെൽട്ടൺ ടർബൈനിൽ ചിരട്ടയുടെ ആകൃതിയുള്ള ചക്രമാണ്. പെൻസ്റ്റോക്കിൽ നിന്നും വരുന്ന വെള്ളം ജെറ്റുകൾ സ്ഥാപിച്ച് അതിലൂടെ ഈ ചക്രത്തിലേക്ക് ചീറ്റിക്കും. ആ ശക്തയിൽ പെൽട്ടൺ ടർബൈൻ കറങ്ങിയാണ് വൈദ്യുതോത്പാദനം സാധ്യമാകുന്നത്. പെൽടൺ ടർബൈൻ ഉപയോഗിക്കണമെങ്കിൽ ‘ഹെഡ്’ (ജലം ടർബൈനിലേക്ക് വീഴുന്ന ഉയരം) 300 മീറ്റർ വേണം. ഫ്രാൻസിസ് ടർബൈൻ ഉപയോഗിക്കണമെങ്കിൽ നൂറോ ഇരുന്നൂറോ മീറ്റർ ഹെഡ് ആവശ്യമാണ്. ഇതാണ് ഡാമുകൾ ആവശ്യമായി വരുന്നതിനുള്ള കാരണങ്ങളിലൊന്ന്.
‘ബൾബി’നുള്ളിലെ ടർബൈൻ
ഡാം പ്രശ്നത്തെ മറികടക്കാൻ ‘ബൾബ് ടർബൈൻ’ എന്ന സാങ്കേതിക സംവിധാനമുപയോഗിച്ചാണ് ഭൂതത്താൻകെട്ടിൽ വൈദ്യുതി ഉത്പാദനം വിഭാവനം ചെയ്തിരിക്കുന്നത്. ഭൂതത്താൻകെട്ടിൽ ശക്തമായ ഒഴുക്ക് എപ്പോഴും ഉണ്ടാകുമെന്നതാണ് ഈ സാങ്കേതികവിദ്യ തിരഞ്ഞെടുക്കാൻ കാരണം. ഭൂതത്താൻകെട്ട് ബാരേജിൽ നിന്നും റെഗുലേറ്റർ മുഖേന 300 മീറ്റർ കനാലിലൂടെ വെള്ളം ഒഴുക്കി പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉത്പാദനം നടത്തുക. ഉത്പാദനം കഴിഞ്ഞുള്ള വെള്ളം ഡാമിന് താഴെ പെരിയാറിലേക്ക് ഒഴുക്കും.
വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ബൾബ് ആകൃതിയിലുള്ള ഗ്ലോബിനകത്താണ് വൈദ്യുതോത്പാദനത്തിന്റെ പ്രധാന ഘടകങ്ങളായ ജനറേറ്ററും ടർബൈനും ഉണ്ടാവുക. കരയിൽ ഇതിന്റെ കൺട്രോൾ റുമും കൂളിങ് സംവിധാനങ്ങളുണ്ടാകും. പെൻസ്റ്റോക്ക് പൈപ്പ് ഇല്ലാതെ കനാലിലെ ഒഴുക്കിന്റെ ശക്തിക്ക് അനുസരിച്ച് ബൾബ് ടർബൈൻ കറങ്ങിയാണ് വൈദ്യോത്പാദനം സാധ്യമാകുന്നത്. ശക്തിയേറിയ ഒഴുക്കിൽ വരുന്ന വെള്ളം, ബൾബ് രൂപത്തിലുള്ള സംവിധാനത്തിലേക്ക് വീഴ്ത്തും. ഇതിനുള്ളിലാണ് ടർബൈനും ജനറേറ്ററുമുണ്ടാവുക. മുകൾ ഭാഗത്ത് വീഴുന്ന വെള്ളം ടർബൈനിലെ ബ്ലേഡുകളെ കറക്കിവിട്ട്, താഴ്ഭാഗത്തിലൂടെ വീണ്ടും പുഴയിലേക്കൊഴുകും. ഫ്രാൻസിസ് ടർബൈനിനെ അപേക്ഷിച്ച്, ബൾബ് ടർബൈനിലെ ബ്ലേഡ് വഴക്കമുള്ളതാണ്. വെള്ളത്തിന്റെ ശക്തി കുറയുമ്പോഴും കൂടുമ്പോഴും അതിനനുസരിച്ച് ടർബൈനിലെ ബ്ലേഡിന്റെ ആങ്കിൾ അഥവ കോൺ മാറ്റാവുന്നതാണ്.
ചെറിയ ഹെഡ് (ജലം ടർബൈനിലേക്ക് വീഴുന്ന ഉയരം) മതി എന്ന പ്രത്യേകതയാണ് ഇതിനുള്ളത്. 20 മീറ്റർ ഹെഡ് ഉണ്ടെങ്കിലും ബൾബ് ടർബൈൻ പ്രവർത്തിപ്പിക്കാൻ കഴിയും. പക്ഷെ സാധാരണ വൈദ്യുതോത്പാദനത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ അളവിൽ വള്ളം വേണ്ടിവരും. ഭൂതത്താൻകെട്ടിലെ ഒരു ടർബൈൻ അതായത് എട്ടു മെഗാവാട്ട് പ്രവർത്തിപ്പിക്കാൻ സെക്കൻഡിൽ 110 ഘനമീറ്റർ വെള്ളം വേണം. ഭൂതത്താൻകെട്ടിലൂടെ വെറുതേ ഒഴുകിപ്പോകുന്ന വെള്ളം വൈദ്യുതിയായി മാറുമെന്നതിനൊപ്പം ഡാമിനെക്കുറിച്ച് ചിന്തിക്കുക പോലും വേണ്ടെന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്. ഈ പദ്ധതി പ്രദേശമെന്നത് 4.41 ഹെക്ടർ മാത്രമാണെന്നത് പ്രധാന മെച്ചമാണ്. വനഭൂമിയും പെരിയാർവാലി ഭൂമിയുമാണ് ഇതിനായി ഏറ്റെടുത്തത്.
ഭൂതത്താനിലെ ചൈനീസ് കണക്ഷൻ
ഭൂതത്താൻകെട്ടിൽ വൈദ്യുതി ഉണ്ടാകാത്തതിന് ചൈനയാണ് പ്രധാന കാരണക്കാർ. കേൾക്കുമ്പോൾ തമാശയായി തോന്നാം. പക്ഷേ, ഭൂതത്താന്റെ കാര്യത്തിൽ അത് കുറേയൊക്കെ ശരിയാണ്. ഭൂതത്താൻകെട്ട് പദ്ധതിക്കായി 1994 ഡിസംബർ 30-നാണ് കെഎസ്ഇബിയും സ്വകാര്യ കമ്പനിയായ സിൽക്കാൽ മെറ്റലർജിക് ലിമിറ്റഡുമായി കരാറിൽ ഏർപ്പെടുന്നത്. 1999 മാർച്ച് 3-ന് പദ്ധതി കമ്മീഷൻ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. പദ്ധതി അനന്തമായി നീളാൻ തുടങ്ങിയതോടെ 2010 സെപ്റ്റംബർ എട്ടിന് സിൽക്കാലുമായുള്ള കരാർ കെഎസ്ഇബി റദ്ദാക്കി. ഇതിനുശേഷം 2013 നവംബർ 23-ന് ആണ് പദ്ധതിക്കായി വീണ്ടും ഇ-ടെൻഡർ ക്ഷണിക്കുന്നത്. അങ്ങനെ 2014 ഫെബ്രുവരി ഏഴിന് പദ്ധതിയുടെ സിവിൽ ജോലികളുടെ കരാർ തമിഴ്നാട് ആസ്ഥാനമായ ശ്രീശരവണ എൻജിനീയറിങ് ഭവാനി പ്രൈവറ്റ് ലിമിറ്റഡിന് നൽകി. അവർ ആർ.പി.പി. ഇൻഫ്രാ പ്രോജക്ട് ലിമിറ്റഡുമായി ചേർന്ന് ജോലികൾ ഏറ്റെടുത്തു. കെ.എസ്.ഇ.ബി.യുമായി ഈ കൺസോർഷ്യം 2014 മാർച്ച് ഏഴിന് കരാറിലേർപ്പെട്ടു. 2016 ഫെബ്രുവരി 14-ന് സിവിൽ ജോലികൾ പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. 231.21 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കിയത്.
ജലവൈദ്യുത പദ്ധതിയുടെ ഇലക്ട്രോ മെക്കാനിക്കൽ പ്രവൃത്തികളുടെ കരാറും ശരവണ ഭവാനിക്കായിരുന്നു. ‘ബൾബ് ടർബൈൻ’ ചൈനീസ് സാങ്കേതികവിദ്യയായതിനാൽ അവർ ചൈനയിലെ ഒരു കമ്പനിയെ കൂട്ടുപിടിച്ചു. അങ്ങനെ ഹുനാൻ ഷയോങ് ജനറേറ്റിങ് എക്യുപ്മെന്റ് കമ്പനി ലിമിറ്റഡുമായി ചേർന്ന് ഒരു കൺസോർഷ്യം രൂപവത്കരിച്ചു. 2015 മാർച്ച് 18-നാണ് വൈദ്യുതിബോർഡ്, ഈ കൺസോർഷ്യവുമായി കരാറിൽ ഏർപ്പെടുന്നത്. ബൾബ് ടർബൈൻ അടക്കമുള്ള സാധനസാമഗ്രികൾ എത്തിക്കാൻ 80.59 കോടി രൂപയും അവയുടെ സർവീസിന് 1.21 കോടി രൂപയും അനുവദിച്ചു. കരാർ പ്രകാരം 2016 ഓഗസ്റ്റ് 14-നുള്ളിൽ തീർക്കണമായിരുന്നു. 2016ൽ തന്നെ പദ്ധതി കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിട്ടത്.
പദ്ധതിക്കായുള്ള ഇലക്ട്രോ മെക്കാനിക്കൽ സാമഗ്രികൾ മൂന്നുതവണകളായി ചൈനിയിൽ നിന്നും ഹുനാൻ കമ്പനി ഭൂതത്താൻകെട്ടിൽ എത്തിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതിൽ രണ്ടുതവണ കൃത്യമായി സാമഗ്രികൾ എത്തിച്ച ചൈനീസ് കമ്പനി മൂന്നാം തവണ അതു മുടക്കി. പ്രധാനകരാറുകാരൻ പദ്ധതിയുടെ ചെറുമാതൃക പരീക്ഷിച്ച് അതിന്റെ റിപ്പോർട്ട് ഓരോ ഘട്ടത്തിലും നൽകണമെന്നാണ് വ്യവസ്ഥ. ശരവണഭവാനി ഇത് തുടക്കത്തിലും മൂന്നാം തവണ സാമഗ്രികൾ എത്തിക്കേണ്ട സമയത്തും തെറ്റിച്ചു എന്ന് കെഎസ്ഇബി രേഖകൾ പറയുന്നു. അതിനുമപ്പുറം പ്രധാനപ്പെട്ട ഒന്നുണ്ട് ചൈനീസ് കമ്പനിയിൽ നിന്നും വൈദ്യുതി ബോർഡിലേക്ക് ലഭിച്ച ഒരു ഇമെയിൽ. ആ സന്ദേശം ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് മാത്രമാണ് ഭൂതത്താൻകെട്ട് സംബന്ധിച്ച കെഎസ്ഇബിയുടെ റിപ്പോർട്ടിലുള്ളത്. ഭൂതത്താൻകെട്ടിലേക്ക് എത്തിച്ച സാമഗ്രികളിൽ ചിലത് തങ്ങളുടേതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹുനാന്റെ മെയിൽ. ചില അവിഹിതമായ ഇടപാടുകൾ ഇതിനിടയിൽ നടന്നെന്ന സൂചനയുണ്ട്. പക്ഷേ, എന്താണ് സംഭവിച്ചതെന്ന് വൈദ്യുതി ബോർഡ് ഉന്നതർക്ക് മാത്രമറിയാവുന്ന രഹസ്യമാണ്. എന്തായാലും വൈദ്യുതിബോർഡിൽ നിന്നുള്ള ഇടപെടലിൽ ചൈനീസ് കമ്പനിയുമായുള്ള പ്രശ്നം അവസാനിച്ചു. ഇതിന് പിന്നാലെ സാമഗ്രികൾ ഇറക്കുമതി ചെയ്യുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി വൈദ്യുതിബോർഡ് ശരവണ കമ്പനിക്ക് നോട്ടീസ് നൽകി.
ശരവണയുടെ ഉടക്കുകൾ
ഭൂതത്താൻകെട്ട് കരാർ റദ്ദാക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് മനസ്സിലാക്കിയ ശരവണ ഭവാനി എം.ഡി. പി. വെങ്കിടാചലം കേരള ഹൈക്കോടതിയെ സമീപിച്ചു. ബാങ്ക് ഗ്യാരണ്ടിയായി നൽകിയിരിക്കുന്ന 10.6 കോടി രൂപ പിടിച്ചെടുക്കരുതെന്നും കരാർ റദ്ദാക്കരുതെന്നുമായിരുന്നു ആവശ്യം. ഇതിനൊപ്പം കരാർ കാലവധി നീണ്ടതിനാൽ തുക ഉയർത്തണമെന്ന ആവശ്യവും മുന്നോട്ട് വെച്ചു. ഇതോടെ ഭൂതത്താൻകെട്ട് പദ്ധതി അനിശ്ചിതത്വത്തിലായി. ഇതിനുശേഷം മറ്റൊരു അടവുമായി ശരവണ അവതരിച്ചു. ചൈനയിൽ നിന്നും സാമഗ്രികൾ ഇറക്കുമതി ചെയ്യാൻ വൈദ്യുതി ബോർഡ് സാമ്പത്തികമായി സഹായിക്കണം എന്ന ആവശ്യം ഉന്നയിച്ചു. 2018 പ്രളയം, കോവിഡ് എന്നിവയ്ക്ക് പുറമേ രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ച് 60 രൂപയിൽ നിന്ന് 75 രൂപയുമായതും ചൂണ്ടിക്കാട്ടി കമ്പനി സാമ്പത്തികമായി പ്രതിസന്ധിയിലാണെന്നും വ്യക്തമാക്കി.
ഈ കത്തിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി ചെയർമാന്റെ നേതൃത്വത്തിൽ ഉന്നതതല യോഗങ്ങൾ 2021 നവംബർ-ഡിസംബർ മാസങ്ങളിൽ നടന്നു. ഇതിനിടെ ചൈനയും ഇന്ത്യയുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് ചൈനീസ് സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ വിലക്ക് വന്നു. എന്നാൽ, വർഷങ്ങൾക്ക് മുന്നേയുള്ളതാണ് ഭൂതത്താൻകെട്ട് കരാർ എന്നതിനാൽ ഈയൊരു തടസ്സം ബാധിക്കില്ലായിരുന്നു. പക്ഷേ, പുതിയൊരു കരാറുകാരനിലേക്ക് പോയാൽ ചൈനീസ് സാമഗ്രികൾ ഇറക്കുമതി ചെയ്യാനാകില്ല എന്ന സ്ഥിതിയായി.
ഇതോടെ ശരവണഭവാനി പ്രതിനിധികളും കെഎസ്ഇബി ചെയർമാനും ഉൾപ്പടെയുള്ള യോഗം ചേർന്നു. അവസാനഘട്ട സാമഗ്രികൾ ഇറക്കുമതി ചെയ്യാൻ ഹുനാൻ കമ്പനിക്ക് കെഎസ്ഇബി ലെറ്റർ ഓഫ് ക്രെഡിറ്റ് നൽകാൻ തീരുമാനിച്ചു. അതായത് ഹുനാൻ കമ്പനി സാമഗ്രികൾ ഇറക്കുമതി ചെയ്യുമ്പോൾ അതിന് തതുല്യമായ തുക കേരളത്തിലെ ബാങ്കിൽ നിന്ന് പിൻവലിക്കാം. ചൈനീസ് സാധനങ്ങൾ പുതുതായി ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ വിലക്കും പദ്ധതി വൈകുന്നതിലൂടെ ഉണ്ടാകുന്ന വൈദ്യുതോത്പാദന നഷ്ടവും കണക്കിലെടുത്തായിരുന്നു തീരുമാനം. ഡയറക്ടർ ബോർഡ് യോഗം ഇത് 2022 മാർച്ചിൽ അംഗീകരിക്കുകയും ചെയ്തു.
കെഎസ്ഇബി, ശരവണ ഭവനി, ഹുനാൻ എന്നിവരുടെ പ്രതിനിധികൾ ചേർന്ന് 2022 ഏപ്രിൽ 27ന് ത്രികക്ഷി കരാർ ഒപ്പുവെച്ചു. എറണാകുളം എസ്ബിഐ.യുടെ അംഗീകാരമുള്ള ലെറ്റർ ഓഫ് ക്രെഡിറ്റ് ഹുനാൻ കമ്പനിക്ക് അയച്ചു. എന്നാൽ ലെറ്റർ ഓഫ് ക്രെഡിറ്റിലെ ചില നിബന്ധനങ്ങൾ മാറ്റണമെന്ന് ഹുനാൻ ആവശ്യപ്പെട്ടു. ഇതിന് കെഎസ്ഇബി തയ്യാറായില്ല. ഇതോടെ പദ്ധതി എത്രയും വേഗം പൂർത്തിയാക്കുന്നതിന് ബാങ്ക് ഗ്യാരണ്ടിയായി നൽകിയ 10.6 കോടി രൂപ മടക്കി നൽകണമെന്ന് ശരവണ ഭവനി കമ്പനി ആവശ്യപ്പെട്ടു. ഈ ആവശ്യത്തിൽ വൈദ്യുതി ബോർഡ് നിയമോപദേശം തേടി. ഇതിന് പിന്നാലെ ഊർജ വകുപ്പ് സെക്രട്ടറിതലത്തിൽ യോഗം നടന്നു. ബാങ്ക് ഗ്യാരണ്ടി തിരികെ കൊടുക്കുന്നതിന് സംസ്ഥാന സർക്കാർ എതിരായിരുന്നു. ആദ്യം പറഞ്ഞ ബജറ്റിനുള്ളിൽ തന്നെ പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് അന്ന് സർക്കാർ കെഎസ്ഇബിക്ക് നൽകിയ നിർദേശം. ഇതിന് പിന്നാലെ ത്രികക്ഷികരാർ റദ്ദാക്കി. ഇതിനിടെ ഹുനാൻ കമ്പനിയുടെ പ്രവർത്തനം നിലച്ചു, അവർ പാപ്പരുമായി.
ഭൂതത്താന്റെ ഭാവി
പദ്ധതിയുടെ 99.7 ശതമാനം സിവിൽ ജോലികളും 86.61 ശതമാനം മെക്കാനിക്കൽ ജോലികളും പൂർത്തിയായിട്ട് കാലമേറെയായി. ഇനി ഏതാനും കോടികൾ മതി പദ്ധതി കമ്മീഷൻ ചെയ്യാൻ. പ്രശ്നം പണമില്ലാത്തതല്ല, രാഷ്ട്രീയ-ഉദ്യോഗസ്ഥ ഇച്ഛാശക്തിയില്ലാത്തതാണ്. ഗുരുതര വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളം, പുറമേ നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് 8,000 മുതൽ 10,000 കോടി രൂപ വരെ ഓരോ വർഷവും കൊടുക്കുന്നു. എന്നിട്ടും ഭൂതത്താൻകെട്ട് പോലൊരു പദ്ധതി 30 വർഷം നീട്ടികൊണ്ടു പോകാൻ സർക്കാരുകൾ അനുവദിച്ചു എന്നത് അത്ഭുതമാണ്. ഈ കാലയളവിനുള്ളിൽ ഭരിച്ചിരുന്ന എട്ട് മുഖ്യമന്ത്രിമാരും 11 വൈദ്യുതിമന്ത്രിമാരും അറിയാതെ പോയതല്ല ഭൂതത്താൻകെട്ടിന്റെ കാര്യങ്ങൾ.
ഇനിയും ഭൂതത്താൻകെട്ട് പദ്ധതി കമ്മീഷൻ ചെയ്യാതിരുന്നാൽ അത് കേരളത്തിന് തന്നെ നാണക്കേടാണെന്ന ബോധ്യത്തിലാണ് പുതിയ നീക്കങ്ങൾ. ഭൂതത്താൻകെട്ട് കരാർ കൺസോർഷ്യത്തിലെ ചൈനീസ് കമ്പനി ഹുനാൻ ഷയോങ് ജനറേറ്റിങ് എക്യുപ്മെന്റ് പാപ്പരാകുന്നതിന് മുന്നേ ഭൂതത്താൻകെട്ട് പദ്ധതിക്ക് പ്രത്യേകമായി അവർ നിർമിച്ച മൂന്ന് ടർബൈനുകളും മൂന്ന് ജനറേറ്ററുകളും ചൈനയിലെ തന്നെ ചാങ്ഷാ ഷിങ്ഗ്യു കമ്പനിക്ക് കൈമാറി. ജനറേറ്ററുകളും ടർബൈനുകളും ഈ കമ്പനിയിൽ നിന്ന് വേണം വൈദ്യുതി ബോർഡ് വാങ്ങാൻ. മറ്റെവിടെയും ബൾബ് ടർബൈൻ സാങ്കേതികവിദ്യയ്ക്ക് അനുസൃതമായി ജനറേറ്ററുകളും ടർബൈനുകളും നിർമിക്കുന്നില്ല. ആ സാങ്കേതികവിദ്യയ്ക്ക് അനുസൃതമായാണ് ഭൂതത്തൻകെട്ടിലെ പവർഹൗസ് അടക്കമുള്ള നിർമിതികൾ. ഇതാണ് ഇത്തവണത്തെ ബജറ്റ് പുതുക്കിയപ്പോൾ 22 കോടി രൂപ പദ്ധതിക്കായി നീക്കിവെച്ചത്. പുതിയ ചൈനീസ് കമ്പനിയിൽ നിന്ന് അനുകൂല മറുപടി കിട്ടിയാലുടൻ മൂന്നംഗ വൈദ്യുതി ബോർഡ് സംഘം ചൈനയിലെത്തും. ഇവർ ഈ ടർബൈനുകളും ജനറേറ്ററുകളും ഇപ്പോഴും പ്രവർത്തന സജ്ജമാണോ എന്ന് പരിശോധിച്ച് വൈദ്യുതി ബോർഡിന് റിപ്പോർട്ട് നൽകും. പ്രവർത്തനസജ്ജമാണെങ്കിൽ കേരളത്തിലെത്തിക്കാൻ അതിവേഗ നടപടികളിലേക്ക് നീങ്ങും. ഇല്ലെങ്കിൽ പദ്ധതി ഇനിയും അനന്തമായി നീളും.
