ശശി തരൂര്‍ സിപിഎമ്മിലേക്കോ? കോൺഗ്രസ് പിളരുമോ? ദുബായില്‍ പോയത് എന്തിന്?, 2 ചോദ്യം ബാക്കി - Kerala Times    

ശശി തരൂര്‍ സിപിഎമ്മിലേക്കോ? കോൺഗ്രസ് പിളരുമോ? ദുബായില്‍ പോയത് എന്തിന്?, 2 ചോദ്യം ബാക്കി

January 25, 2026
file 0000000095587207a8beab3a4c1b0614

തിരുവനന്തപുരം> ശശി തരൂര്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹമായിരുന്നു ആഴ്ചകള്‍ക്ക് മുമ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി നിരന്തരം തരൂര്‍ സംസാരിച്ചതാണ് ഈ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയത്. പോകുന്നെങ്കില്‍ പോട്ടെ എന്ന മട്ടില്‍ കോണ്‍ഗ്രസിലെ കേരള ഘടകവും കാത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്നത് മറ്റൊരു വിവരമാണ്. ശശി തരൂര്‍ സിപിഎമ്മിലേക്ക് പോകുമെന്നാണ് പുതിയ വാര്‍ത്തകള്‍. ദുബായിലെത്തിയ തരൂര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള വ്യവസായിയുമായി ചര്‍ച്ച നടത്തുമെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു. ശശി തരൂരുമായി ബന്ധപ്പെട്ടവരോട് കാര്യങ്ങള്‍ തിരക്കുമ്പോള്‍ അവര്‍ വാര്‍ത്ത തള്ളുന്നില്ല. എന്നാല്‍ ഇഷ്ടക്കാര്‍ക്ക് സീറ്റുകള്‍ ലഭിക്കാനുള്ള തരൂരിന്റെ സമ്മര്‍ദ്ദ തന്ത്രമാണിത് എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍.

കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കി നില്‍ക്കുകയാണ് ശശി തരൂര്‍. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട് എന്ന് അദ്ദേഹം മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. പാര്‍ട്ടി വേദിയില്‍ പറയേണ്ടത് പുറത്തുപറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. ചൊവ്വാഴ്ച നടക്കുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ തരൂര്‍ പങ്കെടുക്കില്ല എന്നാണ് പുതിയ വിവരം. തിരുവനന്തപുരം എംപി സ്ഥാനം ശശി തരൂര്‍ രാജിവയ്ക്കുമെന്നും സിപിഎം സ്ഥാനാര്‍ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നുമാണ് മറ്റൊരു പ്രചാരണം. എന്നാല്‍ അത്ര വേഗത്തില്‍ സിപിഎമ്മിന് സ്വീകരിക്കാന്‍ പറ്റുന്ന നേതാവല്ല തരൂര്‍. കാരണം, കോണ്‍ഗ്രസിനെ അടിക്കാന്‍ സിപിഎം എപ്പോഴും ഉപയോഗിക്കുന്നത് ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനകളാണ്.

ഉയരുന്ന പ്രധാന ചോദ്യങ്ങള്‍ ഇതാണ്

നരേന്ദ്ര മോദിയെ നിരന്തരം പ്രശംസിക്കുന്ന ശശി തരൂരിനെ സ്വീകരിച്ചാല്‍ തലവേദനയാകുമെന്ന സംശയം സിപിഎമ്മിന് സ്വാഭാവികമായും ഉണ്ടാകും. നരേന്ദ്ര മോദിയെ പ്രശംസിച്ചതിന് എപി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ചരിത്രമുണ്ട് സിപിഎമ്മിന്. ഈ സാഹചര്യത്തില്‍ ശശി തരൂരിനെ സ്വീകരിച്ചാല്‍ ചോദ്യങ്ങള്‍ ഉയരുമെന്ന് സിപിഎം മനസിലാക്കുന്നു. കഴിഞ്ഞതെല്ലാം പോട്ടെ, വരാനുള്ളത് ചര്‍ച്ച ചെയ്യാം എന്ന് കരുതി സിപിഎം ശശി തരൂരിനെ സ്വീകരിച്ചാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുകയാണോ ചെയ്യുക? രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായ വ്യക്തിയെ നിയമസഭാ സീറ്റ് നല്‍കുന്നതിലൂടെ ഒതുക്കി എന്ന ചര്‍ച്ചയ്ക്ക് വഴിയൊരുക്കുമോ തുടങ്ങിയ ചോദ്യങ്ങളും ബാക്കിയാണ്.

ശശി തരൂരിനെ പിണക്കാതെ കൂടെ നിര്‍ത്താമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിലപാട്. എന്നാല്‍ പിടിച്ചുനിര്‍ത്തേണ്ടതില്ല എന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് മോദിയെ പുകഴ്ത്തുന്നതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിക്കുന്നത്. വെറും സമ്മര്‍ദ്ദ തന്ത്രമാണ് ശശി തരൂര്‍ കാണിക്കുന്നത് എന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. ദുബായ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് തരൂര്‍ യുഎഇയിലെത്തിയത്. ദുബായില്‍ വിവിധ പരിപാടികളുള്ളതിനാല്‍ 27ലെ കോണ്‍ഗ്രസ് യോഗത്തില്‍ ശശി തരൂര്‍ ഉണ്ടാകില്ല.

Latest from Blog

error: Content is protected !!