ന്യൂഡൽഹി> കേസുകളിൽ വാദംകേട്ടശേഷം ഉത്തരവിടാതിരിക്കുന്ന രീതി പാടില്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതി ജഡ്ജിമാർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്ചി, വിപിൻ എം. പഞ്ചോളി എന്നിവരുടെ ബെഞ്ച് പറഞ്ഞു. കഴിഞ്ഞ ഡിസംബറിലെ ഝാർഖണ്ഡ് ഹൈക്കോടതി ഉത്തരവ് വെബ്‌സൈറ്റിൽ ലഭ്യമാക്കാത്തതിനെതിരായ ഹർജി പരിഗണിക്കവേയാണ് നിർദേശം. നീതിയുടെ ചെലവിൽ ഇത്തരം വൈകലുകൾ അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
പൊതുവിൽ രണ്ടുതരം ജഡ്ജിമാരാണുള്ളത്. ഒന്ന്, കഠിനപ്രയത്നംചെയ്ത് എല്ലാവരെയും കേൾക്കുകയും 10-15 കേസുകൾവരെ വിധിപറയാൻ മാറ്റുന്നവർ. മറ്റൊരുകൂട്ടം ജഡ്ജിമാരാകട്ടെ ഇങ്ങനെ വാദം കേട്ടശേഷം ഉത്തരവിടില്ല. വ്യക്തിപരമായി പറയുന്നതല്ല. എങ്കിലും ഇത് ജുഡീഷ്യറിക്ക് വെല്ലുവിളിയാണ്. ഇതു തിരിച്ചറിയാൻകഴിയുന്ന അസുഖമാണെന്നും അവസാനിപ്പിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇക്കാര്യത്തിൽ ഹൈക്കോടതികൾക്കായി നിർദേശം ആവശ്യമാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗി പറഞ്ഞതിനോട് ചീഫ് ജസ്റ്റിസ് യോജിച്ചു. വാദം പൂർത്തിയാക്കിയശേഷം നിർദേശങ്ങൾക്കായി മാറ്റി വീണ്ടും കക്ഷികളെ കേട്ട് അടുത്ത തീയതിയിലേക്ക് മാറ്റുന്ന മറ്റൊരു രീതിയും കോടതികളിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഇത്തരം രീതികൾ നീതിന്യായവ്യവസ്ഥയ്ക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്ന് റോഹ്ത്തഗി കൂട്ടിച്ചേർത്തു.
ഈ മാസം ഏഴ്, എട്ട് തീയതികളിൽ എല്ലാ ഹൈക്കോടതി ജഡ്ജിമാരെയും കാണുന്നുണ്ടെന്നും ഇക്കാര്യം ചർച്ചചെയ്യുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 15 വർഷം ഹൈക്കോടതി ജഡ്ജിയായിരുന്ന കാലയളവിൽ ഒരിക്കൽപ്പോലും മൂന്നുമാസത്തിൽക്കൂടുതൽ ഒരു കേസിലും വിധി വൈകിയിട്ടില്ലെന്ന് സ്വന്തം അനുഭവം ചീഫ് ജസ്റ്റിസ് പങ്കിട്ടു. തുടർന്ന്, ഈയാഴ്ച അവസാനത്തിനുള്ളിൽ ഉത്തരവ് ഹർജിക്കാർക്ക് ലഭ്യമാക്കാൻ ഝാർഖണ്ഡ് ഹൈക്കോടതിയോട് സുപ്രീംകോടതി നിർദേശിച്ചു.
