മലയാളത്തിൽ ഏറെ ആരാധകരുള്ള നടിയായിരുന്നു ദിവ്യ ഉണ്ണി. നിലവിൽ അമേരിക്കയിൽ ഡാൻസ് സ്കൂൾ നടത്തുന്ന ദിവ്യ ഉണ്ണി ഇടയ്ക്കിടെ നാട്ടിലേക്ക് എത്താറുണ്ട്. സിനിമകളിൽ ദിവ്യയെ കണ്ടിട്ട് ഏറെക്കാലമായി. ആദ്യ വിവാഹത്തോടെയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോകുന്നത്. സുധീർ ശേഖരൻ മേനോൻ എന്നായിരുന്നു ദിവ്യയുടെ ആദ്യ ഭർത്താവിന്റെ പേര്. രണ്ട് മക്കളും ഇവർക്ക് ജനിച്ചു. 2002 ൽ വിവാഹിതരായ ഇരുവരും 2017 ൽ വേർപിരിയുകയാണുണ്ടായത്. ദിവ്യ നൃത്തത്തിലേക്ക് ശ്രദ്ധ കൊടുക്കുന്നത് സുധീറിന് ഇഷ്ടപ്പെട്ടില്ലെന്നും ഇതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നുമാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.
വിഷമഘട്ടത്തെ അതിജീവിച്ച ദിവ്യ വൈകാതെ പുതിയ ജീവിതത്തിലേക്ക് കടന്നു. അമേരിക്കയിൽ ജോലി ചെയ്യുന്ന അരുൺ കുമാറിനെയാണ് ദിവ്യ രണ്ടാമത് വിവാഹം ചെയ്തത്. 2018 ലായിരുന്നു വിവാഹം. ഇരുവർക്കും ഒരു മകളും പിറന്നു. ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ദിവ്യ ഉണ്ണി. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.
രണ്ട് മക്കളുള്ളപ്പോൾ രണ്ടാമതൊരു വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ധൈര്യം ലഭിച്ചതിനെക്കുറിച്ച് ദിവ്യ ഉണ്ണി സംസാരിച്ചു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. അവർ തമ്മിൽ മനോഹരമായ ബോണ്ടുണ്ട്. പിള്ളേർക്ക് അരുണിനോടുള്ള അടുപ്പം വളരെ മനോഹരമാണ്. എനിക്കങ്ങനെ മുൾമുനയിൽ നിൽക്കേണ്ട അവസ്ഥയൊന്നും വന്നില്ല. അരുണിന്റെ നിഷ്കളങ്കതയാണ് തനിക്കിഷ്ടപ്പെട്ടതെന്നും ദിവ്യ പറയുന്നു. എല്ലാ കാര്യങ്ങളും അറിയാൻ താൽപര്യമുണ്ട്.
എല്ലാ വിഷയവും വളരെ ശ്രദ്ധയോടെ കേൾക്കും. എനിക്ക് ഡാൻസാണെങ്കിൽ ഡാൻസ് മാത്രമാണ് മനസിൽ. പക്ഷെ അരുണിന് ഒരുപാട് കാര്യങ്ങൾ അറിയാൻ ആഗ്രഹമുണ്ട്. വളരെ സപ്പോർട്ടീവ് ആണ്. തമാശയൊക്കെ പറയുന്ന ആളാണെന്നും ദിവ്യ പറഞ്ഞു. പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്ന സ്ത്രീകളോട് തനിക്ക് പറയാനുള്ളതും ദിവ്യ പങ്കുവെച്ചു. സാഹചര്യങ്ങൾ മൂന്നാമതൊരാളായി കാണാൻ നോക്കണം. എനിക്കെങ്ങനെ അത് സാധിച്ചു എന്നറിയില്ല. കടുത്ത സമ്മർദ്ദമുണ്ടായപ്പോഴും ഡാൻസ് ചെയ്യുമ്പോൾ താനെല്ലാം മറക്കും. അന്നത്തെ പ്രശ്നങ്ങൾ ഇന്ന് തമാശയായി പറയാൻ തനിക്ക് സാധിക്കുമെന്നും ദിവ്യ വ്യക്തമാക്കി. വിവാഹമോചനക്കേസ് നടക്കുമ്പോഴും താൻ ഡാൻസ് പെർഫോമൻസ് ചെയ്തതിനെക്കുറിച്ച് ദിവ്യ സംസാരിച്ചു. അന്ന് പെർഫോം ചെയ്തില്ലെങ്കിൽ പകരം ആ സ്ഥാനത്തേക്ക് ആർക്കും എത്താം. നമ്മൾ നമ്മുടെ സ്കിൽ എപ്പോഴും പുറത്ത് കാണിച്ച് കൊണ്ടിരിക്കണം. അത് മത്സരമല്ല.
അല്ലെങ്കിൽ ആളുകൾ അറിയില്ല. ഈ പ്രശ്നങ്ങളിൽ നിന്ന് പുറത്ത് വന്നിട്ട് ചെയ്യാൻ കഴിയില്ല. അപ്പോൾ അതും ഇതും ഉണ്ടാവില്ല. കയ്യിലുള്ളത് കളയാതെ വേണ്ടാത്ത കാര്യങ്ങൾ ബ്രഷ് ഔട്ട് ചെയ്ത് കളയാൻ സ്ത്രീകൾക്ക് പറ്റണം. ഒരു സ്കിൽ ഉള്ളത് കൊണ്ട് പറയുകയാണെന്ന് പലരും പറയുമായിരിക്കും. പക്ഷെ അങ്ങനെയല്ല. എല്ലാവർക്കും അവരുടേതായ കഴിവുണ്ട്. അത് തെളിഞ്ഞ് വരികയും ചെയ്യുമെന്നും ദിവ്യ ഉണ്ണി പറഞ്ഞു. നൃത്ത വേദികളിൽ സജീവമാണ് ദിവ്യ ഉണ്ണിയിപ്പോൾ.