ആണവ കേന്ദ്രങ്ങൾക്ക് കോൺക്രീറ്റ് കോട്ട; US ആക്രമണത്തെ പ്രതിരോധിക്കാൻ തയ്യാറെടുത്ത് ഇറാൻ - Kerala Times    

ആണവ കേന്ദ്രങ്ങൾക്ക് കോൺക്രീറ്റ് കോട്ട; US ആക്രമണത്തെ പ്രതിരോധിക്കാൻ തയ്യാറെടുത്ത് ഇറാൻ

February 19, 2026

ടെഹ്റാൻ> അമേരിക്കയിൽ നിന്നുള്ള സൈനിക സമ്മർദ്ദം ശക്തമാകുന്നതിനിടെ, തങ്ങളുടെ പ്രധാന ആണവ കേന്ദ്രങ്ങളെ കോൺക്രീറ്റും മണ്ണും ഉപയോഗിച്ച് ഭൂഗർഭ ബങ്കറുകളാക്കി മാറ്റാനുള്ള തീവ്രശ്രമത്തിലാണ് ഇറാൻ എന്ന് പുതിയ ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇന്റർനാഷണൽ സെക്യൂരിറ്റിയുടെ വിശകലന പ്രകാരം, നയതന്ത്ര ചർച്ചകൾ തുടരുമ്പോഴും തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങളെ  വേഗത്തിൽ ബലപ്പെടുത്തുന്ന തിരക്കിലാണ് ഇറാൻ. ഇതിന്റെ ഭാഗമായി പാർച്ചിൻ സൈനിക സമുച്ചയത്തിലെ പുതിയ ‘തലേഗൻ 2’ എന്ന കേന്ദ്രം മണ്ണ് ഉപയോഗിച്ച് പൂർണ്ണമായും മൂടാനുള്ള നടപടികൾ കഴിഞ്ഞ ആഴ്ചകളിൽ നടന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

20260219 1048115375434652751100917
Image Courtesy – ഫെബ്രുവരി 13-ന് ലഭിച്ച ഉപഗ്രഹ ചിത്രം | Photo: ‘X’ @TheGoodISIS

ടെഹ്‌റാനിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രത്തിന്റെ ഫെബ്രുവരി 13-ന് ലഭിച്ച ചിത്രങ്ങൾ പ്രകാരം പ്രധാന ഘടനയ്ക്ക് ചുറ്റും കോൺക്രീറ്റ് കവചം നിർമ്മിച്ചതായി കാണാം. വ്യോമാക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി ഈ കോൺക്രീറ്റ് ഉറച്ചതിനുശേഷം കുന്നുകളിൽ നിന്ന് വലിയ തോതിൽ മണ്ണ് ഇതിന് മുകളിലേക്ക് മാറ്റുകയാണ്. ഈ പ്രക്രിയ പൂർത്തിയാകുന്നതോടെ ഇവിടുത്തെ പരിമിതമായ പ്രവേശന കവാടങ്ങൾ ഒഴികെ ബാക്കി ഭാഗങ്ങൾ തിരിച്ചറിയാൻ പോലും കഴിയാത്ത രീതിയിൽ ബങ്കറുകളായി മാറുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡേവിഡ് ആൽബ്രൈറ്റ് മുന്നറിയിപ്പ് നൽകുന്നു.

ഫോർട്ടിഫിക്കേഷൻ നടപടികൾ പാർച്ചിനിൽ മാത്രം ഒതുങ്ങുന്നില്ലെന്നും നഥാൻസ് ആണവ നിലയത്തിന് സമീപമുള്ള കോലാങ്-ഗാസ് ലാ പർവ്വതത്തിലെ തുരങ്ക കവാടങ്ങളും ബലപ്പെടുത്തുന്നതായി ഫെബ്രുവരി 10-ലെ ചിത്രങ്ങൾ വ്യക്തമാക്കുന്നു. വ്യോമാക്രമണങ്ങളുടെ ആഘാതം ആഗിരണം ചെയ്യുന്നതിനായി തുരങ്ക കവാടങ്ങൾക്ക് മുകളിൽ കോൺക്രീറ്റും മണ്ണും പാറകളും അധിക പാളികളായി വിന്യസിക്കുന്നുണ്ട്. ഇവിടെ യുറേനിയം സമ്പുഷ്ടീകരണം പോലുള്ള അതീവ രഹസ്യമായ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നുണ്ടോ എന്ന ആശങ്കയും നിരീക്ഷകർ പങ്കുവെക്കുന്നു.

20260219 1048177756784116046289067
ഫെബ്രുവരി 13-ന് ലഭിച്ച ഉപ​ഗ്രഹ ചിത്രം | Photo: ‘X’ @TheGoodISIS

മുൻപ് അമേരിക്ക ബോംബാക്രമണം നടത്തിയ എസ്ഫഹാൻ ആണവ സമുച്ചയത്തിലും തുരങ്ക കവാടങ്ങൾ മറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഫെബ്രുവരി 8ലെ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഇതിനുപുറമെ, പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പാർച്ചിനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാൻ നവീകരിച്ചിട്ടുണ്ട്. 2025 ജൂലൈ മുതൽ ഉപേക്ഷിക്കപ്പെട്ട വിമാന വേധ പീരങ്കികൾ വീണ്ടും പ്രവർത്തനക്ഷമമാക്കിയതായും പുതിയ രണ്ട് സ്ഥലത്തുകൂടി അധികമായി വിന്യസിച്ചതായും റിപ്പോർട്ടിലുണ്ട്.

ആണവായുധങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടന്ന പാരമ്പര്യമുള്ള പാർച്ചിനിലെ ഈ പുതിയ നിർമ്മാണങ്ങൾ ഇറാന്റെ തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ ഒരു വശത്ത് പുരോഗമിക്കുമ്പോഴും, ആണവ സൗകര്യങ്ങൾ ബലപ്പെടുത്തുന്നത് തുടരുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം. നിർമ്മാണങ്ങളുടെ കൃത്യമായ ലക്ഷ്യം വ്യക്തമല്ലെങ്കിലും, ഇറാന്റെ ആണവ പദ്ധതികളിൽ ഈ കേന്ദ്രങ്ങൾക്കുള്ള പ്രാധാന്യമാണ് ആശങ്കകൾക്ക് കാരണം.

Latest from Blog

error: Content is protected !!