ടെഹ്റാൻ> ഹോർമുസ് കടലിടുക്കിൽ ഇറാൻ ടാങ്കറിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയതായി ഇറാന് പ്രാദേശിക മാധ്യമങ്ങൾ. ഇറാനിലെ ക്വേഷം തുറമുഖത്തും ബന്ദർ അബ്ബാസ് തുറമുഖത്തുമായാണ് യുഎസ് സൈന്യത്തിന്റെ ആക്രമണം ഉണ്ടായത്. ഇവിടെ നിന്നും സ്ഫോടനശബ്ദമുണ്ടായതായും ഡ്രോൺ ആക്രമണങ്ങളുണ്ടായതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് ഡ്രോണുകളെ ഇറാൻ സൈന്യം വെടിവച്ചിട്ടതായും പറയുന്നു.
ഇറാനിയൻ എണ്ണ ടാങ്കറിനെ ലക്ഷ്യം വെച്ചതിലൂടെ അമേരിക്ക വെടിനിർത്തൽ ലംഘിച്ചതായി ഇറാൻ വക്താവ് പറഞ്ഞു. കൂടാതെ, യുഎഇയിലെ ഫുജൈറ തുറമുഖത്തിന് എതിർവശത്തുള്ള ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിച്ച മറ്റൊരു കപ്പലിനെയും അമേരിക്ക ലക്ഷ്യം വെച്ചതായി ഇറാനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഇറാൻ സൈന്യം ഹോർമുസ് കടലിടുക്കിന് കിഴക്ക് ഭാഗത്തും ചബഹാർ തുറമുഖത്തിന് തെക്ക് ഭാഗത്തുമുള്ള അമേരിക്കൻ സൈനിക കപ്പലുകളെ ആക്രമിച്ചതായും ഇറാൻ സ്ഥിരീകരിച്ചു. യുഎസ് കപ്പലുകൾക്ക് കാര്യമായ നാശനഷ്ടം വരുത്തുകയും ചെയ്തു. ഏത് ആക്രമണത്തിനും ഒരു നിമിഷം പോലും വൈകാതെ ശക്തമായ തിരിച്ചടി നൽകുമെന്നും യുഎസിന് ഇറാൻ മുന്നറിയിപ്പ് നൽകി.