ദില്ലി> മണിപ്പൂരിൽ കലാപം തുടങ്ങി ഇരുപത്തിയൊന്ന് മാസം പിന്നിടുമ്പോൾ എൻ ബിരേൻ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്കാണോ അതോ പുതിയ സർക്കാർ അധികാരമേൽക്കുമോ എന്നറിയാൻ ഏവരും മണിപ്പൂരിലേക്ക് ഉറ്റുനോക്കുകയാണ്. മുഖ്യമന്ത്രിയുടെ രാജിക്ക് പിന്നാലെ ഗവർണർ നിയമസഭ മരവിപ്പിച്ചിരുന്നു. ഇന്ന് രാജ്യതലസ്ഥാനത്തെത്തുന്ന ഗവർണർ അജയ് ഭല്ല ഇതുമായി ബന്ധപ്പെട്ട തന്ത്രപ്രധാന കൂടിക്കാഴ്ചകൾ നടത്തും. ഇതിന് ശേഷമാകും രാഷ്ട്രപതി ഭരണം വേണോ, പുതിയ സർക്കാർ രൂപീകരിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
മുഖ്യമന്ത്രി ബിരേൻ സിംഗിന്‍റെ രാജിക്ക് പിന്നാലെ തന്നെ ബി ജെ പി മണിപ്പൂരിൽ പുതിയ സർക്കാരിന് നീക്കം തുടങ്ങിയിരുന്നു. ബി ജെ പി എം എൽ എമാരുടെ യോഗം ചേരാനുള്ള നീക്കത്തിലാണ്. സംബിത് പാത്ര എം പി രണ്ട് തവണ ഗവർണറെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതി ഭരണത്തിന് ഉടൻ ഗവർണറുടെ ശുപാർശ ഉണ്ടാകില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. കാവൽ മുഖ്യമന്ത്രിയായി ബീരേൻ സിംഗിനോട് തുടരാനും ഗവർണർ നിർദേശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിദേശത്തേക്ക് പറക്കുന്നതിന് മുന്നേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാൻ സാധ്യതയുണ്ട്.
ബിരേൻ സിംഗിന്‍റെ പതനം ഇങ്ങനെ
മണിപ്പൂരിൽ കലാപം ആളിക്കത്തിച്ചത് ബീരേൻ സിങ്ങാണ് എന്ന ആരോപണം തുടക്കം തൊട്ട് ശക്തമായിരുന്നു. മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ നിന്ന് ഉയർന്നപ്പോഴും മോദിയും അമിത് ഷായും ബീരേനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഒടുവിൽ ബജറ്റ് സമ്മേളനം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് നാടകീയമായ രാജി പ്രഖ്യാപനം.
കോൺഗ്രസ് നിയമസഭയിൽ തിങ്കളാഴ്ച അവിശ്വാസ പ്രമേയം ബിരേന് സർക്കാരിനെതിരെ നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. നീക്കത്തിന് ഭരണകക്ഷി എം എൽ എമാരിൽ നിന്നും പിന്തുണ ലഭിച്ചേക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പാർട്ടി കേന്ദ്ര നേതൃത്വം തിടുക്കത്തിൽ രാജിക്കുള്ള നിർദ്ദേശം നല്കിയത്. ദില്ലിയിലെത്തി അമിത് ഷായെ കണ്ട ശേഷമാണ് ബിരേൻസിംഗ് രാജി നല്കിയത്. ഒപ്പം ബീരേൻ സിംഗിന് കലാപത്തിൽ പങ്കുണ്ടോ എന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്ന അധ്യക്ഷനായ ബഞ്ച് പരിഗണിക്കുന്നുണ്ട്.
ബീരേൻസിംഗിന്‍റെ ചില ഓഡിയോ ക്ലിപ്പുകളുടെ ഫോറൻസിക്ക് പരിശോധനഫലം വാരാനിരിക്കെ കൂടിയാണ് രാജിയിലേക്ക് കാര്യങ്ങൾ എത്തുന്നത്. രാജിക്കത്തിൽ മണിപ്പൂരിന്‍റെ വികസനത്തിന് സഹായം നൽകിയതിന് കേന്ദ്ര സർക്കാരിന് നന്ദി അറിയിക്കുന്നു. ണ്ട്കേന്ദ്രം നടപ്പാക്കേണ്ട അഞ്ച് കാര്യങ്ങളും ബീരേൻ സിംഗ് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് നിയമസഭ മരവിപ്പിച്ച് കേന്ദ്ര ഭരണം ഏർപ്പെടുത്താനുള്ള സാധ്യതയാണ് ഇതിലൂടെ തെളിയുന്നത്. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാനാണ് ശ്രമിക്കേണ്ടതെന്നും ബീരേൻ സിംഗാണ് കലാപത്തിന് ഉത്തരവാദിയെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. കലാപം അന്താരാഷ്ട്ര തലത്തിലടക്കം മോദി സർക്കാരിന് വൻ നാണക്കേടുണ്ടാക്കിയപ്പോഴും സംരക്ഷിച്ച വിശ്വസ്തനെ ബി ജെ പി നേതൃത്വം കൈവിട്ടത് കോടതിയിൽ നിന്ന് തിരിച്ചടിയേൽക്കാനുള്ള സാധ്യത കൂടി മുന്നിൽ കണ്ടാണെന്നാണ് വിലയിരുത്തലുകൾ.