സ്വർണപ്പണയ വായ്പയിൽ വീണ്ടും  റിസർവ് ബാങ്ക് സ്വരം കടുപ്പിച്ചു; മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഓഹരികളിൽ ഇടിവ്

- Advertisement -spot_img

കൊച്ചി > സ്വർണപ്പണയ (Gold Loans) വായ്പകളിന്മേൽ നിലപാട് കൂടുതൽ കടുപ്പിക്കാൻ റിസർവ് ബാങ്ക് (RBI). ഭവന വായ്പകൾ (Home Loan)‌ ഉൾപ്പെടെ മറ്റു വായ്പകളെ അപേക്ഷിച്ച് സ്വർണപ്പണയ വായ്പകൾക്ക് ഡിമാൻഡ് കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ പുതിയ നീക്കം.

ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും (NBFC) സ്വർണപ്പണയ വായ്പകൾക്ക് വലിയ ഊന്നൽ നൽകുന്നുണ്ട്. എന്നാൽ, സ്വർണവായ്പ വിതരണം ചെയ്യുന്നതല്ലാതെ, വായ്പാക്കരാറിൽ പറഞ്ഞ ആവശ്യത്തിനു തന്നെയാണോ ഇടപാടുകാർ വായ്പാത്തുക ഉപയോഗിക്കുന്നതെന്ന് പല ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉറപ്പുവരുത്തുന്നില്ലെന്ന വിമർശനം റിസർവ് ബാങ്ക് അടുത്തിടെ ഉന്നയിച്ചിരുന്നു.

സ്വർണ വായ്പകൾക്കായി പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരുമെന്നാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര ഇന്നു പ്രഖ്യാപിച്ചത്. ഈടുരഹിത വ്യക്തിഗത വായ്പകളുടെ വിതരണത്തിനെതിരെ സമീപകാലത്ത് റിസർവ് ബാങ്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ വിഭാഗം വായ്പകളിൽ (Unsecured Loans) കിട്ടാക്കടം ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു അത്. അതോടെ, പക്ഷേ സ്വർണം ഈടുവച്ചുള്ള വായ്പാ വിതരണം കുതിച്ചുയരുകയായിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം 87.4% വർധനയാണ് സ്വർണപ്പണയ വായ്പകൾ രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം മാർച്ചിൽ സ്വർണപ്പണയ വായ്പാമൂല്യം 89,370 കോടി രൂപയായിരുന്നെങ്കിൽ ഈ വർഷം ഫെബ്രുവരി 21 വരെയുള്ള കണക്കുപ്രകാരം അത് 1.91 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തെ സമാനകാലത്ത് ഗോൾഡ് ലോണുകളിലെ വളർച്ചനിരക്ക് 15.2 ശതമാനം മാത്രമായിരുന്നു.

ഓഹരികളിൽ വൻ ഇടിവ്

സ്വർണപ്പണയ വായ്പകളിൽ വൻ ഊന്നൽ നൽകുന്ന ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരിവില റിസർവ് ബാങ്ക് ഗവർണറുടെ പ്രഖ്യാപനത്തിനു പിന്നാലെ, ഇടിഞ്ഞു. മുത്തൂറ്റ് ഫിനാൻസ് ഓഹരിവില 10 ശതമാനം ഇടിഞ്ഞാണ് നിലവിൽ വ്യാപാരം ചെയ്യുന്നത്. മണപ്പുറം ഫിനാൻസ് ഓഹരി രണ്ടു ശതമാനത്തിലധികം വീണു. സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് തുടങ്ങിയവയുടെ ഓഹരിവിലയും നഷ്ടത്തിലായി. ഐഐഎഫ്എൽ ഫിനാൻസ് 5 ശതമാനത്തോളവും താഴ്ന്നിട്ടുണ്ട്.

നിലവിൽ ധനകാര്യ സ്ഥാപനങ്ങൾ സ്വർണവിലയുടെ ശരാശരി 75% വരെ തുകയാണ് വായ്പ അനുവദിക്കുന്നത്. ഇതു 90 ശതമാനത്തിലേക്ക് ഉയർത്തിയേക്കാമെന്ന് സൂചനകളുണ്ട്. അങ്ങനെയെങ്കിൽ വായ്പ നൽകിയ തുക ഈടായി ലഭിച്ച സ്വർണത്തിന്റെ മൂല്യത്തേക്കാൾ കൂടുതലായാൽ അതു വായ്പാക്കമ്പനികൾക്ക് തിരിച്ചടിയായേക്കും. ഈ ആശങ്കയും ഓഹരിവിലകളെ താഴേക്ക് നയിച്ചുവെന്നാണ് കരുതുന്നത്.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img