അയൽ പുരയിടത്തിനോട് ചേർന്നു കെട്ടിടം നിർമിക്കാമോ? മതിൽ കെട്ടാൻ അനുമതി വാങ്ങണോ? - Kerala Times    

അയൽ പുരയിടത്തിനോട് ചേർന്നു കെട്ടിടം നിർമിക്കാമോ? മതിൽ കെട്ടാൻ അനുമതി വാങ്ങണോ?

April 12, 2025
Wall Construction

അയൽ പുരയിടത്തിനോട് ചേർന്നു കെട്ടിടം നിർമിക്കാമോ? അങ്ങനെ നിർമിക്കാമെങ്കിൽ ആ വശങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തുറക്കലുകൾ നൽകാമോ? / കെട്ടിടം അതിരിനോട് ചേർത്ത് നിർമിക്കാനുള്ള വ്യവസ്ഥയുണ്ടോ?

പാർപ്പിടം, സ്പെഷ്യൽ റസിഡൻഷ്യൽ, വാണിജ്യം എന്നീ വിനിയോഗ ഗണങ്ങളിൽ ഉൾപ്പെട്ടതും 7 മീറ്റർ വരെ ഉയരമുള്ളതുമായ കെട്ടിടങ്ങൾക്ക് അയൽപുരയിടത്തിന്റെ ഉടമസ്ഥന്റെ സമ്മതപത്രത്തോടു കൂടി ഏതെങ്കിലും പാർശ്വഭാഗത്തോ പിൻഭാഗത്തോ അല്ലെങ്കിൽ രണ്ടിലുമോ കെട്ടിടം അതിരിനോട് ചേർത്ത് നിർമിക്കാവുന്നതാണ്. എന്നാൽ ഇത്തരത്തിൽ ചേർത്ത് നിർമിക്കുന്ന കെട്ടിടത്തിന്റെ വശങ്ങളിൽ ജനൽ, വെന്റിലേറ്റർ എയർഹോൾ പോലെയുള്ള തുറക്കലുകൾ ഒന്നും തന്നെ നൽകാൻ പാടില്ലാത്തതുമാണ്. ഇങ്ങനെ അയൽ ഉടമസ്ഥന്റെ സമ്മതപത്രപ്രകാരം അതിരിനോട് ചേർത്ത് നിർമിച്ചാൽ ഈ അയൽ ഉടമസ്ഥന് അപേക്ഷകന്റെ സമ്മതപത്രമില്ലാതെ തന്നെ അപേക്ഷകന്റെ പുരയിടത്തിനോട് ചേർത്ത് മേൽ വിവരിത ഗണത്തിൽപെട്ട നിർമാണം നടത്താവുന്നതാണ്.

മതിലു കെട്ടുന്നതിന് അനുമതി വേണമോ?

ചട്ടം 69 പ്രകാരം പൊതു നിരത്തിനോടോ, പൊതുസ്ഥലത്തിനോടോ, പൊതു ജലാശയത്തിനോടോ ചേർന്ന് നിർമിക്കുന്ന മതിലിന് അനുമതി ലഭ്യമാക്കേണ്ടതാണ്. മറ്റുള്ള വശത്ത് മതില് കെട്ടുന്നതിന് അനുമതി ആവശ്യമില്ല. എന്നാൽ അനുമതി ആവശ്യമുള്ള സംഗതിയിൽ ചട്ടപ്രകാരമുള്ള ഫീസ് അടയ്‌ക്കേണ്ടതാണ്. കൂടാതെ നിർമാണം പൂർത്തിയായ ശേഷം ചട്ടം 71 പ്രകാരം കംപ്ലീഷൻ റിപ്പോർട്ട് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.

കിണർ കുഴിക്കുന്നതിന് / സെപ്റ്റിക് ടാങ്ക് കെട്ടുന്നതിന് അനുമതി ആവശ്യമാണോ?

അനുമതി ആവശ്യമാണ്. കിണർ കുഴിക്കുന്നതിന് ലഭ്യമാക്കേണ്ട അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ചട്ടം 75 ൽ പ്രതിപാദിക്കുന്നു. സെപ്റ്റിക് ടാങ്കിന് ചട്ടം 79 (4) അനുസരിച്ച് ഏകകുടുംബ വാസഗൃഹങ്ങൾക്ക് പ്ലോട്ട് അതിരിൽ നിന്നും 30 സെ. മീ അകലത്തിലും മറ്റു നിർമാണങ്ങൾക്കു പ്ലോട്ട് അതിരിൽ നിന്നും 1.2 മീ അകലത്തിലും സെപ്റ്റിക് ടാങ്ക് നൽകാവുന്നതാണ്. പക്ഷേ, ചട്ടം 23 (1) പ്രകാരം notified റോഡിനോടോ, 6 മീറ്ററിൽ കൂടുതൽ വീതിയുള്ള un- notified റോഡിനോടോ ചേർന്ന് വരുന്ന പ്ലോട്ട് അതിർത്തിയിൽ നിന്നും 3 മീറ്റർ അകലം വിട്ടുമാത്രമേ ഇത്തരത്തിലുള്ള നിർമാണങ്ങൾ നൽകുവാൻ പാടുള്ളൂ.

Latest from Blog

error: Content is protected !!