മനോജ് എബ്രാഹമിനെതിരെ വ്യാജ പരാതി; പോലിസ് തലപ്പത്തെ വൃത്തികെട്ട കളികൾക്ക് പിന്നിൽ പോലീസ് മേധാവിക്കസേര സ്വപ്നം കാണുന്ന അവസാന ലാപ്പുകാരോ? - Kerala Times    

മനോജ് എബ്രാഹമിനെതിരെ വ്യാജ പരാതി; പോലിസ് തലപ്പത്തെ വൃത്തികെട്ട കളികൾക്ക് പിന്നിൽ പോലീസ് മേധാവിക്കസേര സ്വപ്നം കാണുന്ന അവസാന ലാപ്പുകാരോ?

June 4, 2025
Manoj Abraham

തിരുവനന്തപുരം > സംസ്ഥാനത്തെ പൊലീസ് മേധാവിയാകാനുള്ള ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കാനായി ഐ.പി.എസ് തലപ്പത്ത് തമ്മിലടി. പ്രാഥമിക പട്ടികയിലുള്ള ചിലർക്കെതിരെ യു.പി.എസ്‌സിയിലേക്ക് പരാതികളുടെ പ്രളയമാണ്. രണ്ടാഴ്ച്ചയ്ക്കുള്ളിൽ അന്തിമ പട്ടിക തയ്യാറാകും. നിധിൻ അഗർവാൾ, രവാഡാ ചന്ദ്രശേഖർ, യോഗേഷ് ഗുപ്‌ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആർ. അജിത്‌കുമാർ എന്നിവരുടെ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് അയച്ചിരിക്കുന്നത്.

യു.പി.എസ്.സിയുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കാൻ പലരും ചരടുവലികൾ തുടങ്ങിക്കഴിഞ്ഞു. മുന്നിലുള്ളവരെ പട്ടികയിൽ നിന്നൊഴിവാക്കാൻ ആരോപണങ്ങളുടെയും പരാതികളുടെയും കെട്ടഴിക്കുകയാണ് ചില ഉദ്യോഗസ്ഥർ. മനോജ് എബ്രഹാമിനെ പട്ടികയിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സർവീസ് വിഷയത്തിൽ ഹർജിക്കാരനെ നേരിട്ട് ബാധിക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. സർവ്വീസ് നിയമം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നും പൊതുതാൽപര്യം പരിഗണിക്കാനാവില്ലെന്നും ചൂണ്ടികാട്ടി ഹർജി തള്ളി. ഹർജിയിൽ ഹൈക്കോടതി രജിസ്ട്രിയുടെ എതിർപ്പും സിംഗിൾ ബെഞ്ച് ശരിവെച്ചു. മനോജ് എബ്രഹാം ഡിജിപി ആയാൽ പൊലീസ് സേനയുടെ നിഷ്പക്ഷതയും വിശ്വാസ്യതയും നഷ്ടപ്പെടുമെന്നായിരുന്നു ഹർജിയിലെ ആരോപണം. 

മനോജ് എബ്രാഹം ഉൾപ്പടെ മൂന്ന് പേരെ അയോഗ്യരാക്കിയാൽ മാത്രമേ ആറാം സ്ഥാനത്തുള്ള അജിത്‌കുമാറിന് സാധ്യതയുള്ളൂ. നിഥിൻ അഗർവാളിനെതിരെ മൂന്ന് പരാതികളാണ് യു.പി.എസ്.സിക്ക് ലഭിച്ചത്. ഇതുകൂടാതെ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള രവാഡയേയും പുരോഹിതിനേയും പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടും അജ്ഞാത പരാതികളെത്തിയിട്ടുണ്ട്. അന്തിമപട്ടിക തയാറാക്കാനുള്ള യു.പി.എസ്.സി യോഗം 20ന് മുമ്പായി നടക്കും. യു.പി.എസ്.സി ചുരുക്കപ്പട്ടികയിലെത്തുന്ന മൂന്ന് പേരിൽ നിന്നൊരാളെ മന്ത്രിസഭയ്ക്ക് സംസ്ഥാന പോലീസ് സേനയുടെ ഡി.ജി.പിയായി തെരഞ്ഞെടുക്കാം. ഈ മൂന്നംഗ പട്ടികയിൽ കയറിപ്പറ്റാനുള്ള അവസാന ലാപ്പുകാരുടെ വ്യത്തികെട്ട കളികളാണ് പരാതികൾക്ക് പിന്നിലെന്നാണ് ഉയരുന്ന ആരോപണം.

Latest from Blog

error: Content is protected !!