യമൻ ആസ്ഥാനമായുള്ള ഭീകര സംഘടനയ്‌ക്കെതിരായ വ്യോമാക്രമണത്തിന്റെ ഭാഗമായി ഹൂത്തികൾ പിടിച്ചെടുത്ത ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കപ്പലിൽ ഇസ്രായേൽ ബോംബിട്ടു. 2023 നവംബറിൽ കമാൻഡോ ശൈലിയിലുള്ള ഓപ്പറേഷനിലൂടെയാണ് ഹെലികോപ്റ്ററിൽ നിന്ന് റാപ്പൽ ചെയ്ത ഭീകരർ ഗാലക്സി ലീഡർ എന്ന കപ്പൽ തട്ടിക്കൊണ്ടുപോയത്. ബഹാമാസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ ചരക്ക് കപ്പൽ, ഇസ്രായേലി വ്യവസായി റാമി ഉൻഗാറിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള ഒരു ബ്രിട്ടീഷ് കമ്പനിയുടെതാണ്.
പിന്നീട് ഈ കപ്പൽ ഭീകര ഗ്രൂപ്പിന്റെ ചെങ്കടലിലെ ആധിപത്യത്തിൻ്റെ പ്രതീകമായി മാറി, അവർ അതിൽ റഡാർ ഘടിപ്പിച്ചതായും അതിനെ ഒരു ഫ്ലോട്ടിംഗ് നിരീക്ഷണ പ്ലാറ്റ്‌ഫോമാക്കി മാറ്റിയതായും റിപ്പോർട്ടുണ്ട്. 2024 ജനുവരിയിൽ കപ്പലിൽ നിന്ന് ക്രൂവിനെ മോചിപ്പിച്ചിരുന്നു.
ഞായറാഴ്ച രാത്രിയിലെ ഇസ്രായേലി ആക്രമണത്തിൽ ഏകദേശം 50 മിസൈലുകളും ബോംബുകളും ഉപയോഗിച്ചതായി ഐഡിഎഫ് അറിയിച്ചു.
ഒരു മാസത്തിനിടയിൽ യെമനിൽ നടക്കുന്ന ആദ്യ ആക്രമണമാണിതെന്നും ഇസ്രായേലിനെതിരെ ഹൂത്തികൾ ആവർത്തിച്ച് നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയാണെന്നും അവർ പറഞ്ഞു. ഹൊദൈദ, റാസ് ഇസ, സാലിഫ് തുറമുഖങ്ങളിലും തീരദേശത്തെ റാസ് ഖാന്റിബ് പവർ പ്ലാന്റിലും ആക്രമണങ്ങൾ നടന്നു. മണിക്കൂറുകൾക്ക് ശേഷം, യെമനിൽ നിന്ന് ഹൂത്തികൾ രണ്ട് മിസൈലുകൾ തൊടുത്തുവിട്ടെന്നും തങ്ങൾ അവയെ തകർത്തെന്നും ഇസ്രായേൽ പറഞ്ഞു.
യെമനിൽ നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരമായി ഇസ്രായേലിലെ ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതായി ഇറാൻ അനുകൂല ഹൂത്തി ഭീകരർ വ്യക്തമാക്കി.
ഇറാനുമായുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നതിനുശേഷം ഹൂത്തികൾ ഇസ്രായേലിനു നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിടുന്നത് തുടരുകയാണ്. എന്നാൽ ഇവയുടെ എണ്ണം കുറവായതിനാൽ ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് സാധാരണയായി അവയെ വെടിവച്ചുവീഴ്ത്താൻ കഴിയുന്നുണ്ടെന്ന് ഐഡിഎഫ് പറഞ്ഞു.
2023 ഒക്ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിച്ചതിനുശേഷം, ഇസ്രായേലിനു നേരെ വെടിയുതിർത്തുകൊണ്ടും ചെങ്കടലിൽ കപ്പൽ ഗതാഗതം തടസപ്പെടുത്തിക്കൊണ്ടും ഹൂത്തികൾ ആഗോള വ്യാപാരം തടസ്സപ്പെടുത്തി. ഫലസ്തീനികൾക്കുള്ള ഐക്യദാർഢ്യ പ്രവർത്തനങ്ങളാണ് ഇവയെന്നാണ് ഹൂത്തികൾ പറയുന്നത്. ഇസ്രായേലിന് നേരെ തൊടുത്തുവിട്ട ഡസൻ കണക്കിന് മിസൈലുകളിലും ഡ്രോണുകളിലും ഭൂരിഭാഗവും തകർക്കപ്പെടുകയോ പരാജയപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ഇസ്രായേൽ പ്രതികാര ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ അരങ്ങേറി. 2023 അവസാനത്തോടെ ഹൂത്തികൾ പിടിച്ചെടുത്ത് റാസ് ഇസ തുറമുഖത്ത് തടഞ്ഞുവച്ച ഗാലക്‌സി ലീഡർ എന്ന കപ്പലിനെയും തിങ്കളാഴ്ചത്തെ ആക്രമണങ്ങളിൽ ഇസ്രായേൽ ലക്ഷ്യമിട്ടു.ഹൂത്തി തീവ്രവാദ സംഘം കപ്പലിൽ ഒരു റഡാർ സംവിധാനം സ്ഥാപിച്ചു, ഹൂത്തി തീവ്രവാദികളുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അന്താരാഷ്ട്ര സമുദ്രാതിർത്തിയിലെ കപ്പലുകളെ ട്രാക്ക് ചെയ്യാൻ ഇത് ഉപയോഗിച്ചു വരികയായിരുന്നു.
