ട്രാഫിക് പോലീസ് പിടിച്ചെടുത്തു വഴിയിൽ തള്ളിയ വാഹനംപോലെ മൂന്നാഴ്ചയാണ് ലോകത്തിലേറ്റവും അത്യാധുനികമെന്ന് കരുതപ്പെടുന്ന എഫ് 35 ബി പോർവിമാനം തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടാർമാക്കിൽ കിടന്നത്. കഴിഞ്ഞ ദിവസം അത് വിമാനങ്ങളുടെ ആറ്റകുറ്റപ്പണി നടത്തുന്ന ഹാംഗറിലേക്ക് വലിച്ചുനീക്കി. തുടക്കത്തിൽ തന്നെ ഹാംഗറിലേക്ക് മാറ്റാനുള്ള സൗകര്യം കൊടുക്കാമെന്ന് ഇന്ത്യൻ വ്യോമസേന ബ്രിട്ടീഷ് സൈനിക അധികൃതരെ അറിയിച്ചിരുന്നെങ്കിലും ഓഫർ സ്വീകരിക്കാൻ അവർക്ക് ധൈര്യമുണ്ടായിരുന്നില്ല. അത്യാധുനിക പോർവിമാനത്തിന്റെ അതിരഹസ്യ സാങ്കേതികവിദ്യകൾ ചോർന്നാലോ, ഇന്ത്യ ചോർത്തിയെടുത്താലോ എന്ന ഭയമായിരുന്നു കാരണം. പക്ഷേ, മൂന്നാഴ്ചയായിട്ടും തകരാറുകൾ പരിഹരിച്ച് വിമാനം കൊണ്ടുപോകാൻ അവർക്കായിട്ടില്ല. പറത്തിക്കൊണ്ടുപോകുന്നത് പോയിട്ട്, അഴിച്ചുപെറുക്കി പൊതിഞ്ഞുകെട്ടി ചരക്കുവിമാനത്തിൽ കയറ്റി കൊണ്ടുപോകാനും സാധിച്ചില്ല.
ഇന്ത്യയുമൊത്തുള്ള സംയുക്ത സൈനികാഭ്യാസത്തിന് വന്ന ബ്രിട്ടീഷ് റോയൽ നേവിയുടെ ഭാഗമായിരുന്നു ഈ പോർവിമാനം. എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാനവാഹിനി കപ്പലിൽനിന്ന് പറന്നുയർന്ന വിമാനത്തിന് മോശം കാലാവസ്ഥ കാരണം പലതവണ ശ്രമിച്ചിട്ടും തിരിച്ചിറങ്ങാൻ കഴിഞ്ഞില്ല. അങ്ങനെ ഇന്ധനവും കുറഞ്ഞതോടെയാണ് തൊട്ടടുത്തുള്ള വിമാനത്താവളമായ തിരുവനന്തപുരത്തിറങ്ങിയത് എന്നായിരുന്നു ബ്രിട്ടീഷ് അധികൃതർ പറഞ്ഞത്. പക്ഷേ, ഈ ആഖ്യാനം ഓരോദിവസം കഴിയുന്തോറും കൂടുതൽ കൂടുതൽ അവിശ്വസനീയമായി തോന്നി. പല പുതിയ നിഗമനങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും പ്രചരിച്ചു, സാമൂഹികമാധ്യമങ്ങളിൽ പരിഹാസമീമുകളും ട്രോളുകളും നിറഞ്ഞു. ഒരു വിരുതൻ ഈ വിമാനത്തെ ഒ.എൽ.എക്സിൽ വിൽക്കാൻ വെച്ചു. ഒരിക്കൽ കേരളത്തിലെത്തിയാൽ തിരിച്ചു പോകാൻ തോന്നില്ലെന്ന് ഈ വിമാനത്തിന്റെ ചിത്രം വച്ച് കേരളത്തിന്റെ ടൂറിസം വകുപ്പ് പരസ്യം തയ്യാറാക്കി. ഒടുവിൽ ബ്രിട്ടീഷ് പാർലമെന്റിൽ പോലും ഈ പാവം വിമാനത്തെക്കുറിച്ച് ചർച്ചവന്നു. ഇക്കാലമത്രയും മഴയും വെയിലും സഹിച്ച് ആ പോരാളി തുറന്ന ആകാശത്തിനു കീഴെ നിസ്സഹായനായി നിശബ്ദനായി നിന്നു.
ബ്രിട്ടീഷ് വിശദീകരണം അവിശ്വസനീയമോ?
ലോകത്തിലേക്കും മികച്ച സാങ്കേതികവിദ്യകളും പ്രഹരശേഷിയുമുള്ള അഞ്ചാം തലമുറ സ്റ്റെൽഥ് (‘അദൃശ്യ’മായിരിക്കും, റഡാറിൽ തെളിയില്ല) യുദ്ധവിമാനമാണ് എഫ് 35. പക്ഷേ, ഇന്ത്യൻ വ്യോമസേന പറഞ്ഞത് ഈ വിമാനത്തെ ഇന്ത്യയുടെ ഐ.എ.സി.സി.എസ് (ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം) കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തു എന്നായിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ നേടിയ വലിയ വിജയത്തിൽ ഈ സംവിധാനം വലിയ പങ്കു വഹിച്ചിരുന്നു. ചില പാശ്ചാത്യ നിരീക്ഷകർ സംയുക്ത സൈനികാഭ്യാസമായതിനാൽ വിമാനത്തിന്റെ അദൃശ്യത നീക്കിയാണ് പറന്നിരുന്നത് എന്ന് അവകാശപ്പെടുന്നുണ്ട്. അതുകൊണ്ടാണ് കണ്ടതെന്നും. എന്തായാലും നമ്മുടെ വ്യോമസേനയുടെ പത്രക്കുറിപ്പിൽ ‘ഡിറ്റക്ടഡ് ആൻഡ് ഐഡന്റിഫൈഡ്’എന്നു പറയുന്നുണ്ട്.
ഐ.എ.സി.സി.എസിന്റെ ശേഷി പരിശോധിക്കാനായിരുന്നു എഫ് 35 നമ്മുടെ വ്യോമാതിർത്തിക്കുള്ളിലേക്കു വന്നതെന്ന് ഒരു വിഭാഗം വിദഗ്ധർ പറയുന്നു. ഒരുതരം ‘പാസീവ്’ ചാരപ്പണി. ബ്രിട്ടീഷ് വിമാനം ഒരു നിശ്ചിത പരിധി കടന്ന് അകത്തേക്കു വന്നപ്പോൾ നമ്മുടെ വ്യോമസുരക്ഷാ സംവിധാനം അതിന്റെ കോർഡിനേറ്റുകളെ പ്രവർത്തന രഹിതമാക്കി, ഇലക്ട്രോണിക് സംവിധാനങ്ങളെ ”ജാമാക്കി’. അതായത്, വിമാനത്തിന്റെ ജിപിഎസിൽ ഇടപെടുകയോ, ബ്ലോക്കു ചെയ്യുകയോ ചെയ്ത് സ്വന്തം യാത്രാപഥം മനസ്സിലാക്കാനോ, റിയൽടൈം വിവരങ്ങൾ നിയന്ത്രണകേന്ദ്രത്തിലേക്ക് അയക്കാനോ കഴിയാത്ത സാഹചര്യമുണ്ടാക്കി, വിമാനത്തിലെ ഇലക്ട്രോണിക് സംവിധാനങ്ങളെ തകരാറിലാക്കി എന്നാണ് ഒരു വിഭാഗം വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ആകെ സ്ഥലജലഭ്രമത്തിലായ എഫ് 35 ആദ്യം കണ്ട വിമാനത്താവളത്തിലിറങ്ങുകയായിരുന്നു. അല്ലെങ്കിൽ വിമാനവാഹിനിക്കപ്പലിനൊപ്പമുണ്ടായിരുന്ന ഏതെങ്കിലും യാനത്തിന്റെ- ഫ്രിഗേറ്റ്, ഡിസ്ട്രോയർ- സഹായമാവശ്യപ്പെടാനും സുരക്ഷിതമായി ഇറങ്ങാനും കഴിയുമായിരുന്നു. മറ്റു നിവൃത്തിയില്ലാതെയാണ് നേറ്റോയിലംഗമോ, സഖ്യകക്ഷിയോ അല്ലാത്ത ഒരു രാജ്യത്തിൽ ഇറങ്ങേണ്ടി വന്നത് എന്നാണ് അവരുടെ വാദം. വിവിധ പരിശോധനകൾക്ക് ശേഷം ബ്രിട്ടീഷുകാർ പറഞ്ഞു, അതിന്റെ ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാർ കാരണമാണ് വിമാനത്തിന് പ്രവർത്തിക്കാൻ കഴിയാത്തത് എന്ന്. ആദ്യം ബ്രിട്ടീഷ് റോയിൽ നേവിയിലെ സാങ്കേതിക വിദഗ്ധർ നന്നാക്കാൻ ശ്രമിച്ചു. പിന്നീട് അവർ ബ്രിട്ടനിൽ നിന്നും ആളെ കൊണ്ടുവന്നു നോക്കി. ഏറ്റവും ഒടുവിൽ വിമാനത്തിന്റെ നിർമാതാക്കളായ അമേരിക്കയിലെ ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയിലെ ഉദ്യോഗസ്ഥരെ കൊണ്ടുവന്നു. എന്നിട്ടും വിമാനം ശരിയാക്കാൻ സാധിച്ചില്ല, അത് ഹാംഗറിലേക്ക് മാറ്റേണ്ടിയും വന്നു.
ഇത്രയൊക്കെ ശ്രമിച്ചിട്ടും എന്തുകൊണ്ടാണ് വിമാനം നന്നാക്കാൻ സാധിക്കാത്തത്? ഇതിനെ വിശ്വസിച്ച് യുദ്ധത്തിനു പോയാൽ വെള്ളാനകളുടെ നാട്ടിലെ റോഡ് റോളർ നന്നാക്കുന്ന സാഹചര്യമുണ്ടാവില്ലേയെന്ന ട്രോളൻമാർ ചോദിക്കുന്നു. ലോക്ക്ഹീഡ് മാർട്ടിനിലെ വിദഗ്ധരെ വിളിച്ചുവരുത്തിയതിന് ഒരൊറ്റ അർത്ഥമേ ഉള്ളൂ. വിമാനം വഴിയിലായതിന് കാരണം കാലാവസ്ഥാ പ്രശ്നവും ഇന്ധനം കുറഞ്ഞതും ഹൈഡ്രോളിക് പ്രശ്നവും നിസ്സാര സാങ്കേതിക തകരാറുകളും ഒന്നുമല്ല. ഒന്നുകിൽ വിമാനം യഥാർത്ഥ നിർമ്മാതാക്കൾക്കു മാത്രം അഴിക്കാവുന്ന രീതിയിൽ ‘പൂട്ടി’യിരിക്കുകയാണ്. അല്ലെങ്കിൽ അങ്ങേയറ്റം കമ്പനിയുടെ / അമേരിക്കയുടെ കർക്കശമായ സുരക്ഷാ പ്രോട്ടോക്കോളുകൾ കാരണമായിരിക്കാം. നിർമിച്ചവർക്ക് മാത്രമേ അതിന്റെ വിശദാംശങ്ങൾ അറിയുകയുള്ളൂ എന്നർത്ഥം. ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയുടെ ആൾക്കാർ വരുന്നതിനർത്ഥം അതിന്റെ നിർണായകമായ ഒരു ഏതോ സംവിധാനത്തിന് തകരാറുണ്ടായി, അല്ലെങ്കിൽ ആരോ തകരാറു വരുത്തി എന്നത് സാമാന്യയുക്തി മാത്രമെന്ന് ചില ഏവിയേഷൻ വിദഗ്ധർ സൂചിപ്പിക്കുന്നു. പക്ഷേ, ഈ ‘നിഗമന’ങ്ങൾക്കൊന്നും ഔദ്യോഗിക സ്ഥിരീകരണമില്ല. ശരിയാണെങ്കിൽ പോലും അതിനു സാധ്യതയുമില്ല.
വേറെയുമുണ്ട് ഗൂഢാലോചനാ സിദ്ധാന്തങ്ങൾ. യു.കെ പ്രശ്നമിങ്ങനെ വലിച്ചുനീട്ടുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അപമാനിക്കാനാണ് എന്നും നേറ്റോ അംഗരാജ്യങ്ങൾ പ്രതിരോധബജറ്റ് അഞ്ചു ശതമാനം വര്ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതിന് പ്രതികാരമാണിതെന്നും ഒരു കഥ. ഇന്ത്യൻ ശാസ്ത്രജ്ഞരെ എഫ് 35 പരിശോധിക്കാൻ ഇംഗ്ലണ്ട് അനുവദിച്ചുവെന്നും ഇന്ത്യ അതിന്റെ സാങ്കേതികവിദ്യ ചോർത്തിയെന്നും മറ്റൊന്ന്.
എഫ് 35, റഫാൽ, ഓപ്പറേഷൻ സിന്ദൂർ
രാജ്യങ്ങൾ തമ്മിലുള്ള തർക്കപരിഹാരത്തിന് യുദ്ധത്തെ ആശ്രയിക്കുന്ന രീതിയിലേക്ക് അതിവേഗം മാറുന്ന കാഴ്ചയാണ് കാണുന്നത്. രണ്ടു വലിയ യുദ്ധങ്ങൾ- റഷ്യ- യുക്രെയിൻ, ഇസ്രയേൽ- പലസ്തീൻ- എങ്ങുമെത്താതെ നീളുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലും അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിച്ച യുദ്ധവും ഭാഗ്യവശാൽ അതിവേഗം അവസാനിച്ചു. പക്ഷേ, ഈ യുദ്ധങ്ങൾ പോർവിമാനങ്ങൾ മെല്ലെമെല്ലെ അപ്രസക്തമാവുമെന്ന തോന്നൽ ശക്തമാക്കിയിരിക്കുന്നു. ഡ്രോണുകളും ആളില്ലാ വിമാനങ്ങളും മുൻനിരയിലേക്കു വരികയാണ്. റഷ്യയുടെ നിരവധി പോർവിമാനങ്ങളെ വിമാനത്താവളത്തിൽ ചുട്ടുകരിച്ചത് യുക്രെയിനയച്ച ഒരു പറ്റം ഡ്രോണുകളാണ്. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയും കാമിക്കാസേ (ചാവേർ) ഡ്രോണുകളെ നന്നായി ഉപയോഗിച്ചു. ആ കാലത്താണ് ഏതാണ്ട് 900 കോടി രൂപ വില വരുന്ന അമേരിക്കൻ പോർവിമാനം വാങ്ങാൻ അമേരിക്ക നിർബന്ധിക്കുന്നത്! ആലോചിച്ചു നോക്കൂ, ഉപേക്ഷിച്ചതല്ലാത്ത ഏതെങ്കിലും വാഹനം- പഴയ കാറോ, സ്കൂട്ടറോ, സൈക്കിളോ- നമ്മൾ മൂന്നാഴ്ച റോഡിലിട്ടിരിക്കുമോ? പുറമേയാണ് ഈ വിമാനങ്ങളുടെ പരിപാലന, റിപ്പയർ ചെലവുകളും. വെറുതെയല്ല കുറച്ചുനാൾ മുമ്പ് ഇലോൺ മസ്ക് പറഞ്ഞത്, പോർവിമാനങ്ങളുടെ കാലം കഴിഞ്ഞെന്ന്!
നേറ്റോ അംഗങ്ങളായ കനഡ, ജർമനി, ഡെൻമാർക്ക് തുടങ്ങിയ പല രാജ്യങ്ങളും വിലക്കൂടുതലും പരിപാലനച്ചെലവും വിമാനത്തിന്റെ മേൽ അമേരിക്കക്കുള്ള നിയന്ത്രണവും പോലുള്ള ഘടകങ്ങൾ കണക്കിലെടുത്ത് എഫ് 35 വാങ്ങാൻ കൊടുത്ത ഓർഡറുകൾ പുനപ്പരിശോധിക്കുന്ന സമയമാണ്. കഴിഞ്ഞ മാർച്ചിൽ പോർത്തുഗൽ ഓർഡർ റദ്ദാക്കിയിരുന്നു. പകരം ഫ്രാൻസിന്റെ റഫാലോ സ്വീഡന്റെ സാബ് ഗ്രിപ്പനോ വാങ്ങുന്ന കാര്യം അവർ ആലോചിക്കുകയാണ്. കനഡ 2023-ൽ 88 എഫ് 35 എ വിമാനങ്ങൾക്ക് ഓർഡർ കൊടുത്തിരുന്നു. അമേരിക്കയുമായി നയതന്ത്രബന്ധം വഷളായ സാഹചര്യത്തിൽ കിട്ടാൻ ബാക്കിയുള്ളവ വാങ്ങാൻ അവർ മടിക്കുന്നു. മറ്റു രാജ്യങ്ങൾ വാങ്ങുന്ന എഫ് 35 വിമാനങ്ങളെ പ്രവർത്തന രഹിതമാക്കാൻ കഴിയുന്ന ‘കിൽസ്വിച്ച്’ അമേരിക്കയുടെ കൈവശമുണ്ടെന്ന അഭ്യൂഹവും ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനവുമാണ് ഡെൻമാർക്കിന്റെ പ്രശ്നം. ഈ വിമാനങ്ങൾക്ക് കൊടുത്ത ഓർഡർ പിൻവലിക്കാൻ ജർമനി സർക്കാരിനു മേൽ പൊതുസമ്മർദ്ദമുണ്ട്. എന്തിന്, അമേരിക്കൻ സൈന്യം പോലും ഈ പോർവിമാനത്തിന്റെ ശേഷിയിൽ തൃപ്തരല്ല. അവരും ഓർഡറുകൾ കുറച്ചേക്കുമെന്നാണ് അറിയുന്നത്. യെമനിലെ ഹൂത്തികളും ഇറാനും എഫ് 35 വിമാനങ്ങൾ വെടിവച്ചു വീഴ്ത്തിയതായി അവകാശപ്പെട്ടിരുന്നു.
ഇതിനൊക്കെ മുകളിലാണ് തിരുവനന്തപുരത്ത് കുടുങ്ങിയ എഫ് 35 വന്നു വീണിരിക്കുന്നത്. ഇത് അമേരിക്കൻ പ്രതിരോധവ്യവസായത്തിനും ലോക്ക്ഹീഡ് മാർട്ടിനും വളരെ ബുദ്ധിമുട്ടുകളുണ്ടാക്കും. ലോകത്തിലേക്കും ചെലവേറിയ ആയുധസംവിധാനമായ എഫ് 35 മുതലാകണമെങ്കിൽ കാര്യമായ കയറ്റുമതി ഓർഡറുകൾ വേണം. വിലക്കൂടുതലിനു പുറമേ മോശം പ്രകടമാണെന്ന ചീത്തപ്പേരും വന്നാൽ ആവശ്യക്കാർ റഷ്യയുടെ സുഖോയ് 57, റഫാൽ, ഗ്രിപ്പൻ തുടങ്ങിയവയിലേക്ക് മാറിക്കൂടായ്കയില്ല. ട്രംപിന്റെ തീരുവയുദ്ധങ്ങളും പ്രതിരോധവ്യവസായത്തിന് തിരിച്ചടിയാവുന്നുണ്ട്. ഇന്ത്യയുടെ മേൽ എഫ് 35 വാങ്ങാൻ കനത്ത സമ്മർദ്ദമുണ്ടായെങ്കിലും വഴങ്ങിയിരുന്നില്ല. പകരം സുഖോയ് 57 വാങ്ങുമെന്നായിരുന്നു കേട്ടിരുന്നത്. ഇപ്പോൾ അതും വേണ്ടെന്നും സ്വന്തമായി അഞ്ചാംതലമുറ വികസിപ്പിക്കാനുമുള്ള ആലോചനയിലാണ് രാജ്യമെന്നും സൂചനയുണ്ട്.
പോർവിമാന രംഗത്ത് അന്താരാഷ്ട്രരംഗത്തെ മത്സരം എത്ര കടുപ്പമാണെന്നു വ്യക്തമാക്കുന്നതാണ് റഫാലിന്റെ കാര്യത്തിൽ ഫ്രാൻസ് ചൈനയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ചൈനയുടെ പിഎൽ 15 മിസൈലുകൾ ഘടിപ്പിച്ച പാകിസ്താന്റെ ജെ 10 സി വിമാനങ്ങൾ ഇന്ത്യയുടെ ഒന്നിലധികം റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന് ചൈന തങ്ങളുടെ വിദശേ എംബസികൾ വഴിയും സാമൂഹികമാധ്യമങ്ങൾ മുഖേനയും പ്രചരിപ്പിച്ചതായി ഫ്രാൻസ് പറയുന്നു. അപ്പോൾ തന്നെ ഇന്ത്യ ആരോപണം നിഷേധിച്ചിരുന്നു. പക്ഷേ, ആ ‘വാർത്ത’ക്ക് അമേരിക്കൻ മാധ്യമങ്ങൾ വലിയ പ്രചാരം നൽകി. അത് എഫ് 35 ന്റെയും ചൈനീസ് വിമാനങ്ങളുടെയും സാധ്യതകൾ വർധിപ്പിക്കാനുള്ള ആസൂത്രിത പരിപാടിയാണെന്ന സംശയം ഫ്രാൻസിനുണ്ട്. എതിരാളിയെ ഇടിച്ചു താഴ്ത്തി ബിസിനസു പിടിക്കാനുള്ള ചെളിവാരിയെറിയൽ!
