ദില്ലി > ഇന്ത്യ സൈനിക തയ്യാറെടുപ്പ് വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കിടയിൽ, സുഖോയ് സു-57 യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിലും പർച്ചേസിങ്ങിലും ഇന്ത്യൻ പ്രതിരോധ മന്ത്രാലയം റഷ്യയുമായി ഉടൻ സഹകരിച്ചേക്കാമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ AMCA പ്രൊജക്ടിന് മുന്നേ ഒരു ഇടക്കാല പരിഹാരമായി അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ സ്വന്തമാക്കുന്നതിനുള്ള സാധ്യതകൾ അന്വേഷിക്കുന്നതിനായി ഇന്ത്യ നിലവിൽ നിരവധി പ്രധാന സഖ്യകക്ഷികളുമായും പങ്കാളികളുമായും ചർച്ചകൾ നടത്തിവരികയാണെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം, തദ്ദേശീയ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് പ്രോഗ്രാം കണക്കാക്കപ്പെട്ട 10 വർഷത്തെ സമയക്രമത്തോടെ പുരോഗമിക്കുന്നുമുണ്ട്. ശത്രുരാജ്യമായ പാകിസ്ഥാൻ ഉടൻ തന്നെ ചൈനീസ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ സൈനിക ശേഷിയിൽ ഉൾപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത്.
ഇന്ത്യയുടെ ആഗോള പങ്കാളികളുമായി നിലവിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ ഇതെല്ലാം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് സിഎൻബിസി ടിവി ക്ക് നൽകി അഭിമുഖത്തിൽ വ്യക്തമാക്കി. ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ വാഗ്ദാനം ചെയ്യാനുള്ള സന്നദ്ധത റഷ്യയും യുഎസും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യ എഎംസിഎ പ്രോഗ്രാം തുടരുന്നതിനിടയിൽ ഇത്തരം സഹകരണങ്ങളെ ഒരു ഹ്രസ്വകാല പരിഹാരമായിട്ടാണ് കാണുന്നത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഫിർസ്പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, റഷ്യൻ കരാറിൽ സാങ്കേതികവിദ്യ കൈമാറ്റം ഉൾപ്പെടുന്നു, കൂടാതെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭവുമായി ചേർന്ന് ഇവ നിർമ്മിക്കാനുള്ള സന്നദ്ധതയും റഷ്യ പ്രഖ്യാപിച്ചിരുന്നു. അത് Su-30MKI പോലുള്ള നിലവിലുള്ള വിമാനങ്ങളുടെ നിർമ്മാണത്തിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് സാങ്കേതികവിദ്യ കൈമാറ്റം, പുതിയതും കൂടുതൽ നൂതനവുമായ പ്ലാറ്റ്‌ഫോമുകളുടെ സംയുക്ത നിർമ്മാണം എന്നിവയും ഈ ഓഫറിൽ ഉൾപ്പെടുന്നു.
മെയ്ക്ക് ഇൻ ഇന്ത്യയും വരാനിരിക്കുന്ന പുടിൻ സന്ദർശനവും
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി സഹകരിച്ച് സു-57 ന്റെ പൂർണ്ണ സാങ്കേതികവിദ്യാ കൈമാറ്റവും സഹ-നിർമ്മാണവും റഷ്യ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ട്. സു-57 ഇ (സു-57 ന്റെ കയറ്റുമതി വകഭേദം) യുടെ സംയുക്ത ഉത്പാദനം സു-30എംകെഐ ഇതിനകം കൂട്ടിച്ചേർത്ത എച്ച്എഎൽ നാസിക് കേന്ദ്രത്തിൽ നടക്കും. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഈ വർഷം അവസാനം ഇന്ത്യയിലേക്കുള്ള സന്ദർശനത്തിന് തയ്യാറെടുക്കുന്നതിനാൽ ഈ നിർദ്ദേശം സമീപ ദിവസങ്ങളിൽ കൂടുതൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായേക്കും.
