കൊച്ചി> നോൺ ബാങ്കിങ്ങ് ഫിനാൻസ് കമ്പനികൾ ഇറക്കുന്ന NCD(Non Convertable Debenture) കൾ എട്ട് നിലയിൽ പൊട്ടുകയാണ്. ഇതോടെ പല NBFC (Non Banking Finance Company)കളും അഭിമുഖീകരിക്കുന്നത് വൻ തകർച്ചയാണ്. കടപ്പത്രങ്ങൾ വഴി ഒരോരുത്തരും നേരത്തെ സമാഹരിച്ചത് ആയിരക്കണക്കിന് കോടി രൂപയാണ്. കാലാവധി പൂർത്തിയായ ഇത്തരം NCD കളുടെ പണം തിരിച്ചു നൽകാൻ വേണ്ടി ഒട്ടുമിക്ക NBFC കളും ഇരട്ടിത്തുകയുടെ NCD കളാണ് വീണ്ടും വീണ്ടും ഇറക്കുന്നത്. എന്നാൽ ഇതെല്ലാം വൻ പരാജയം ഏറ്റുവാങ്ങുകയാണ്.
NCD കൾക്ക് യാതൊരു ഗ്യാരണ്ടിയും റിസർവ്വ് ബാങ്കോ സെബിയോ സർക്കാരുകളോ നൽകുന്നില്ലെന്ന തിരിച്ചറിവ് നിക്ഷേപകരെ പിന്നോട്ട് വലിച്ചു. ഇതാണ് കടപ്പത്രവിൽപന പരാജയപ്പെടാൻ കാരണമായത്. ഇതോടെ മുൻകാലങ്ങളിലെ NCD കൾ തിരികെ നൽകാൻ പണമില്ലാതായി. കടപ്പത്രങ്ങൾ വഴി പണം കുമിഞ്ഞ് കൂടിയപ്പോൾ പല കമ്പനികളും കളിച്ചത് കൈവിട്ട കളികളാണ്. പലവിധ തിരിമറികളിലൂടെ പണം കമ്പനിക്ക് പുറത്ത് കടത്തി ബിനാമി പേരുകളിൽ മറ്റു പല ബിസിനസ്സുകളിലും മുടക്കി. അടുത്ത കാലത്ത് NCD കൾ പൊളിഞ്ഞതോടെ കാലാവധി പൂർത്തിയായ NCD കൾ തിരികെ നൽകാൻ സാധിക്കാതെയായി . ഇതോടെ പണത്തിന് അവധി പറയുകയോ പുതുക്കിയിടാൻ നിർബന്ധിക്കുകയോ ചെയ്യുകയാണിപ്പോൾ.
2025 ലെ പ്രതിസന്ധിയും കാരണങ്ങളും
NBFC കൾ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. NCD കൾ വഴി പലരും പരീക്ഷിച്ചത് മണിച്ചെയിൻ മാതൃകയാണ്. കാര്യമായ ബിസിനസുകളൊന്നും ചെയ്യാതെ കടപ്പത്രം വഴി പണംവാരിക്കൂട്ടി. ആദ്യം ഇറക്കിയ NCD കൾ തിരികെ നൽകാൻ ഇരട്ടിതുകക്ക് വീണ്ടും വീണ്ടും NCD കൾ ഇറക്കി. ചില NBFC കൾ വർഷത്തിൽ അഞ്ചും ആറും തവണയാണ് കടപ്പത്രമിറക്കിയത്. എന്നാൽ 2024 ൻ്റെ പകുതിക്ക് ശേഷം കടപ്പത്രങ്ങളെല്ലാം വൻ പരാജയം ഏറ്റ് വാങ്ങി. NBFC കളുടെ കൊള്ളപ്പലിശ തിരിച്ചറിഞ്ഞതോടെ സ്വർണ്ണപ്പണയ ഇടപാടുകാരും കൈവിട്ടു. ഷെഡ്യൂൾഡ് ബാങ്കുകളെയാണ് ഇപ്പോൾ ഇടപാടുകാർ ആശ്രയിക്കുന്നത്. നോൺ ബാങ്കിങ്ങ് ഫിനാൻസ് കമ്പനികൾ 34% വരെ പലിശ ഈടാക്കുമ്പോൾ ഷെഡ്യൂൾഡ് ബാങ്കുകളിലും സഹകരണ സംഘങ്ങളിലും പരമാവധി പലിശ 12.5% മാത്രമാണ്.
മൈക്രോ ഫിനാൻസ് രംഗത്തും തകർച്ച നേരിടുകയാണ് സ്വകാര്യ ധനകാര്യ മേഖല. 2025 ൽ 17% വരെ വളർച്ചയിൽ ഇടിവുണ്ടാകുമെന്നാണ് വിവിധ ഏജൻസികളുടെ പഠന റിപ്പോർട്ട്. നിയന്ത്രമില്ലാതെ നൽകിയ അൺസെക്യൂർഡ് ലോണുകൾ NBFC കളുടെയും HFC കളുടെയും കിട്ടാക്കടം വർദ്ധിപ്പിച്ചു. ഇതോടെ പല കമ്പനികളും മറ്റൊരു പ്രതിസന്ധിയിലേക്ക് കൂടി കൂപ്പുകുത്തി.
മുക്കുപണ്ടങ്ങളാണ് മറ്റൊരു പ്രതിസന്ധി. റേറ്റിംഗ് കൂട്ടാനും നിക്ഷേപങ്ങൾ വകമാറ്റി കമ്പനി പുറത്തേക്ക് പണം കടത്താനുമായി കമ്പനി ഉടമകൾ കണ്ടെത്തിയ പ്രധാന മാർഗ്ഗമായിരുന്നു മുക്കുപണ്ട പണയം. ഒപ്പം തന്നെ ആസ്തികൾ പെരുപ്പിച്ച് കാണിച്ച് ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്ന് ലോണെടുക്കാനും ഈ മുക്കുപണ്ടങ്ങൾ ഉപയോഗപ്പെടുത്തി. എന്നാൽ ഇത് തിരിച്ചറിഞ്ഞതോടെ പല NBFC കൾക്കും ഷെഡ്യൂൾഡ് ബാങ്കുകൾ ലോൺ നൽകാതെയായി. ലിസ്റ്റ് ചെയ്ത ചില കമ്പനികളക്കം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെയാണെന്ന് ഇവർ NCD കളെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയത്. എന്നാലിപ്പോൾ NCD കളോട് നിക്ഷേപരും മുഖം തിരിച്ചതോടെ പ്രതിസന്ധി അതിൻ്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. മുഴുനീളൻ പരസ്യങ്ങൾ കൊണ്ട് നിക്ഷേപകരുടെ മനസിൽ സ്വർണ്ണക്കൊട്ടാരം കെട്ടിപ്പൊക്കിയ പല വമ്പൻമാരും 2025ൽ തകർച്ചയുടെ പടുകുഴിയിലേക്ക് കൂപ്പുകുത്തുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ 8848801594 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കാം. ഇൻഫോർമറെ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.