പത്തനംതിട്ട> വാറണ്ടി വാഗ്ദാനം പാലിക്കാത്തതിന് ഓക്സിജന്‍ ഡിജിറ്റൽ ഷോപ്പും സാംസങ് ഇൻഡ്യാ ഇലക്ട്രിക്ട്രോണിക് കമ്പനിയും ചേർന്ന് ഒരു ലക്ഷത്തി മൂവായിരം രൂപാ നൽകണമെന്ന് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധി. പത്തനംതിട്ട കടമാൻകുളം പാറേപ്പളളിൽ വീട്ടിൽ ജൂബി ജോൺ എന്ന വിദ്യാർത്ഥിനി 2022 ഡിസംബർ മാസം കടവന്ത്രയുള്ള ഓക്സിജൻ ഡിജിറ്റൽ ഷോപ്പിൽ നിന്നും സാംസങ് ഇലക്ട്രോണിക് കമ്പനിയുടെ ഒരു മൊബൈൽ ഫോൺ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് വിധി. 67,533 രൂപ വില നല്‍കി വാങ്ങിയ സാംസങ് മൊബൈലിന് കമ്പനിയുടെ ഒരു വർഷത്തെ വാറണ്ടി കൂടാതെ ഓക്‌സിജൻ കടക്കാരൻ 4,567 രൂപയുടെ 2 പ്രൊട്ടക്ഷന്‍ വാറണ്ടിയും നൽകിയിരുന്നു. വാഹനാപകടം മൂലമോ ഇടിമിന്നൽ മുഖാന്തിരമോ തീ കത്തി നശിച്ചു പോകുകയോ ചെയ്താൽ പോലും ഫോണിന് 02 പ്രൊട്ടക്ഷൻ ഉണ്ടെങ്കിൽ പുതിയ ഫോൺ ലഭിക്കുമെന്ന് ഉറപ്പു നൽകിയാണ് 4,567 രൂപയുടെ O2 പ്രൊട്ടക്ഷനോടു കൂടി ഓക്സിജൻ കടക്കാരൻ ഫോണ്‍ എടുപ്പിച്ചത്.
ഫോൺ വാങ്ങി 2 മാസം കഴിഞ്ഞപ്പോൾ മുതൽ അമിതമായി ചൂടായത് കാരണം ഓക്‌സിജൻ കടക്കാരന്റെ നിർദ്ദേശാനുസരണം സാംസങ് കമ്പനിയുടെ കോട്ടയത്തുള്ള അംഗീകൃത സർവ്വീസ് സെന്ററിൽ കൊടുക്കുകയും സോഫ്റ്റ്‌വെയർ അപ്ഡേഷൻ ചെയ്യ്താൽ ഇങ്ങനെ ചൂടാകുന്നത് മാറുമെന്നും പറഞ്ഞു. 2023 ൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്തെങ്കിലും അതിനുശേഷം ഫോണിൽ ലംബമായി ഒരു വരയും വീണ്ടും അപ്ഡേഷൻ ചെയ്‌തപ്പോൾ 3 വരയും ഉണ്ടാകുകയും ഫോൺ ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ആകുകയും ചെയ്തു. ഈ വിവരം സാംസങ് കമ്പനിയേയും 02 പ്രൊട്ടക്ഷന്‍ പ്ലാന്‍ എടുപ്പിച്ച ഓക്സിജൻ കടക്കാരനേയും അറിയിച്ചപ്പോൾ ഡിസ്പ്ലെ പോയതാണ്, മാറണമെങ്കിൽ 14,000 രൂപ നൽകണമെന്നും പറഞ്ഞു. ഈ അന്യായമായ വ്യാപാര രീതിയെ ചോദ്യം ചെയ്‌തും നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ ഹർജി ഫയൽ ചെയ്‌തത്.
അന്യായം ഫയലിൽ സ്വീകരിച്ച കമ്മീഷൻ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. ഓക്സിജൻ കടക്കാരൻ മാത്രമാണ് കമ്മീഷനിൽ ഹാജരായത്. എന്നാല്‍ ഇവര്‍ക്ക് ഒരു തെളിവുകളും ഹാജരാക്കുവാന്‍ കഴിഞ്ഞില്ല. ഹർജിക്കാരിയുടെ മൊഴിയും മറ്റു രേഖകകളും പരിശോധിച്ച കമ്മീഷൻ ഹർജി ന്യായമാണെന്ന് കണ്ടെത്തുകയും 45 ദിവസത്തിനകം എതിർ കക്ഷികളായ സാംസങ് കമ്പനിയും ഓക്‌സിജൻ കടക്കാരനും ചേർന്ന് പുതിയ ഫോൺ നൽകുകയോ ഫോണിന്റെ വിലയായ 67,533 രൂപയും 25,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ കോടതി ചിലവും ഉൾപ്പെടെ 1,03,000 രൂപ ഹർജി കക്ഷിക്ക് നൽകാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.