മുംബൈ > ന്യൂ ഇന്ത്യ കോഓപ്പറേറ്റീവ് ബാങ്കിൽ നടന്നത് 122 കോടി രൂപയുടെ തട്ടിപ്പ്. ഇതിൽ ഓഡിറ്റർമാരുടെയടക്കം പങ്ക് അന്വേഷിക്കുകയാണ്. മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW) ഓഡിറ്റ് സമയത്ത് ബാങ്ക് ലോക്കറുകളിലെ പണം നേരിട്ട് പരിശോധിക്കാൻ ബാങ്ക് ഓഡിറ്റർമാർക്ക് അധികാരമുണ്ടോ എന്ന് പരിശോധിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) ക്ക് കത്തെഴുതുമെന്ന് മുംബൈ പോലീസ് അറിയിച്ചു.
കഴിഞ്ഞ അഞ്ച് വർഷമായി ബാങ്കിന്റെ ഇൻ്റേണൽ ഓഡിറ്റർമാർ ഓഡിറ്റ് നടത്തിയെങ്കിലും, 122 കോടി രൂപ നഷ്ടപ്പെട്ടതായി അവരുടെ ശ്രദ്ധയിൽപ്പെടാത്തതിൻ്റെ കാരണം പോലീസ് അന്വേഷിക്കുകയാണ്. 2019 നും 2021 നും ഇടയിൽ ബാങ്കിന്റെ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്ത അഭിജീത് ദേശ്മുഖിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ആവർത്തിച്ചുള്ള ഓഡിറ്റിങ്ങുകളിൽ ബാങ്കിൽ നിന്ന് ഇത്രയും വലിയ തുക നഷ്ടപ്പെട്ടതായി കണ്ടെത്താൻ കഴിയാത്തതിൽ ദുരൂഹതയുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ പരാമർശിച്ചിരിക്കുന്ന പണവും ലോക്കറിൽ സൂക്ഷിച്ച പണവും തമ്മിൽ കണക്കിൽ യോജിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഓഡിറ്റർമാരാണെന്ന് അറിയാമെങ്കിലും, അതിന് ഔദ്യോഗിക മറുപടി ലഭിക്കുന്നതിനായി ഞങ്ങൾ ഐസിഎഐക്ക് കത്ത് എഴുതുകയാണ്. ബാങ്കിന്റെ പ്രഭാദേവി, ഗോരേഗാവ് ശാഖകളിലെ ലോക്കറിൽ ഇത്രയും വലിയ തുക സൂക്ഷിക്കാൻ മതിയായ സ്ഥലം ഉണ്ടായിരുന്നോ എന്നും തങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് EOW ഉദ്യോഗസ്ഥൻ പറഞ്ഞു.
ബാങ്കിന്റെ സേഫിൽ നിന്ന് 122 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് കഴിഞ്ഞയാഴ്ച, ബാങ്കിലെ മുൻ ജനറൽ മാനേജരും അക്കൗണ്ട്സ് മേധാവിയുമായ ഹിതേഷ് മേത്തയെ ഇഒഡബ്ല്യു അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിച്ച പണം മേത്ത, മറ്റൊരു പ്രതിയായ ധർമ്മേഷ് പൗൺ എന്ന ഡെവലപ്പർക്ക് കൈമാറിയതായാണ് പറയുന്നത്. ധർമ്മേഷ് ഈ പണം കെട്ടിട നിർമ്മാണ പദ്ധതികളിലേക്ക് നിക്ഷേപിച്ചെന്നുമാണ് നൽകിയ മൊഴി.
തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ 8848801594 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കാം. ഇൻഫോർമറെ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.