കൊച്ചി > വർഷത്തിൽ ഏതാണ്ട് 180 ദിവസം മഴ പെയ്യുന്ന കേരളത്തിൽ എൺപതുകളുടെ പകുതിക്ക് ശേഷമാണ് പരന്ന മേൽക്കൂരകൾ വ്യാപകമായത്. മുൻകാലങ്ങളിലെ ഓല, പുല്ല്, ഓട് മേൽക്കൂരകളേക്കാൾ സൗകര്യപ്രദമായതിനാൽ പരന്ന കോൺക്രീറ്റ് മേൽക്കൂരകൾ പെട്ടെന്ന് പ്രചാരത്തിലായി. കൂടുതൽ ഉറപ്പ്, നിർമിക്കാനുള്ള എളുപ്പം, മരത്തിൻ്റെ ലഭ്യതക്കുറവും വിലക്കൂടുതലും, കൂടാതെ കോൺക്രീറ്റ് ചോർച്ച സംഭവിക്കാത്ത വസ്തുവാണെന്ന മിധ്യാധാരണയുമാണ് RCC എന്ന കോൺക്രീറ്റ് മേൽക്കൂരയെ ജനകീയമാക്കിയത്.
പക്ഷേ ഏതാണ്ട് പതിനഞ്ച്, ഇരുപത് വർഷം പിന്നിട്ടപ്പോഴാണ് കോൺക്രീറ്റ് മേൽക്കൂരയുടെ ദോഷങ്ങൾ അറിഞ്ഞു തുടങ്ങിയത്. ആദ്യം സീലിങ്ങിൽ ചെറിയ നനവ് പോലെ കണ്ടത്, പിന്നീട് ഒന്നോ രണ്ടോ തുള്ളികളായും ഒടുവിൽ സീലിങ് അടർന്ന് വീഴുന്ന ഘട്ടമായപ്പോഴാണ് ഇതിനെന്ത് പ്രതിവിധി എന്ന് നമ്മൾ ചിന്തിക്കാൻ തുടങ്ങിയത്.
ആദ്യമൊക്കെ പഴയ കോൺക്രീറ്റിന് മുകളിൽ ചാന്ത് തേച്ചും, പരുക്കനടിച്ച് മിനുക്കിയും പിന്നീട് റീകോൺക്രീറ്റും വരെ ചെയ്ത് നോക്കിയെങ്കിലും താൽക്കാലികാശ്വാസമല്ലാതെ ശാശ്വതമായ പരിഹാരം അകലെയായിരുന്നു. അങ്ങനെയാണ് ഈ നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ കുടപിടിക്കാൻ തുടങ്ങിയത്. എന്നുവച്ചാൽ കെട്ടിടങ്ങൾ ക്ക് മുകളിൽ ഷീറ്റ് മേച്ചിൽ കൊണ്ടൊരു അധിക മേൽക്കൂര കൂടി വന്നു. ആദ്യമാദ്യം ടിൻ ഷീറ്റായിരുന്നെങ്കിലും പിന്നീട് ജി.ഐ, അലുമിനിയം, നാടൻ ഓട്, ചൈനീസ് ഓട് തുടങ്ങി ഷിംഗിൾസ് വരെ വിട്ടുകാരന്റെ അഭിരുചിക്കും പോക്കറ്റിനും അനുസരിച്ച് വന്നു.
പക്ഷേ പല തദ്ദേശസ്ഥാപനങ്ങളും ഈ മേൽക്കൂര ഒരധിക നിലയായി കണക്കാൻ തുടങ്ങിയതോടെ വീട്ടുകാർ പൊല്ലാപ്പിലായി. ഇത് സംബന്ധിച്ച് പത്യേകിച്ച് ചട്ടങ്ങളോ നിർദ്ദേശങ്ങളോ ഇല്ലാത്തതിനാൽ തദ്ദേശസ്ഥാപനങ്ങൾക്കും കൃത്യമായി ഒരു നിലപാട് സ്വീകരിക്കാൻ കഴിയാതെ വന്നു. അങ്ങനെയാണ് 2019 ലെ KPBR ലും KMBR ലും ഇത്തരം നിർമിതികൾ സംബന്ധിച്ചുള്ള ചട്ടം ഉൾപ്പെടുത്തിയത്. ഇരു ചട്ടങ്ങളിലും ചട്ടം 74 ൽ ആണ് ഇത് സംബന്ധിച്ച് പറയുന്നത്. അപ്രകാരം, പത്ത് മീറ്ററിൽ കൂടുതൽ ഉയരമില്ലാത്തതും മൂന്ന് നിലകളിൽ കൂടാത്തതുമായ വീടുകൾക്ക് (ഫ്ലാറ്റുകൾ ഉൾപ്പെടില്ല) മുകളിൽ ഷീറ്റ് / ഓട് ഉപയോഗിച്ച് ഇത്തരത്തിൽ അധിക മേൽക്കൂര നിർമിക്കുന്നതിന് സെക്രട്ടറിക്ക് അനുവാദം നൽകാം, ഉയരം പരമാവധി 2.4 മി. അധികരിക്കരുത്.
- ഈ മേൽക്കൂര മഴയിൽ / വെയിലിൽ നിന്നുള്ള സംരക്ഷണം അല്ലാതെ മറ്റ് തരത്തിലുള്ള ഉപയോഗങ്ങൾക്ക് അനുവാദമില്ല.
- ഇത്തരത്തിലുള്ള നിർമിതിയുടെ വശങ്ങൾ അടച്ചു കെട്ടാൻ ( ഗ്രിൽ ഉപയോഗിച്ച് പോലും) പാടില്ല.
- പാരപ്പറ്റിന്റെ ഉയരം 1.20 ൽ കൂടാൻ പാടില്ല.
- നിർമിതി താങ്ങിനിർത്തുന്നതിനായുള്ള തൂണുകൾ നൽകാം.
- കോണിപ്പടി മുറി ഇതിനുള്ളിൽ അനുവദനീയമാണ്.
- വീടിന്റെ ഭിത്തിയിൽ നിന്നും അധിക മേൽക്കൂരയുടെ തള്ളലുകൾ ചട്ടം 26 ൽ പരാമർശിക്കും പ്രകാരമേ പാടുള്ളൂ.
- വാട്ടർടാങ്ക്, മഴവെള്ള സംഭരണി എന്നിവ ഈ അധിക മേൽക്കൂരയ്ക്ക് താഴെ നൽകാം.
- ഇങ്ങനെ അധിക നിർമാണം ആവശ്യമുള്ള കെട്ടിടം നിലവിൽ ചട്ടപ്രകാരമുള്ള നിബന്ധനകൾ പാലിക്കുന്നതാകണം.
- പെർമിറ്റ് ഫീസ് കണക്കുകൂട്ടുന്നതിനൊഴികേ ഇത്തരം നിർമിതികളുടെ വിസ്തീർണം കണക്കിലെടുക്കേണ്ടതില്ല.
- നിർമിതിക്കുള്ള അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ സാധാരണ കെട്ടിടത്തിന്റേതു പോലെതന്നെ ആയിരിക്കും.
- ഇത്തരം നിർമിതിയടക്കം കെട്ടിടം ഉയരം കൂടിയ കെട്ടിടത്തിൻ്റെ അളവിലേക്ക് എത്താൻ പാടില്ലാത്തതാണ്.
- കെട്ടിട നിർമാണത്തിന് ബാധകമായ NOC കളോ മറ്റ് അനുമതികളോ വേണ്ടതാണെങ്കിൽ ഈ നിർമിതിക്കും ആവശ്യമാണ്.
- മൂന്ന് നിലയിൽ കൂടാത്തതും ഉയരം 10 മീ കുറവുള്ളതുമായ ഏക കുടുംബകെട്ടിടങ്ങൾ ഒഴികെ മറ്റെല്ലാ കെട്ടിടങ്ങൾക്ക് മുകളിലും അധിക മേൽക്കൂര നൽകുന്ന പക്ഷം, അത് ഒരുനിലയായി തന്നെ കണക്കാക്കുന്നതാണ്.