വിദേശത്ത് സ്വപ്നജീവിതം പടുത്തുയർത്താൻ പോവുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കുടിയേറുന്നവരുടെ പ്രിയപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് കാനഡ. നല്ല ജീവിതം പ്രതീക്ഷിച്ച് കാനഡയിലേക്ക് കുടിയേറുന്നവർ നിരവധിയാണ്. എന്നാൽ കാനഡയിലേക്ക് കുടിയേറിയത് തെറ്റായെന്ന് പറയുകയാണ് ഡൽഹിയിൽ നിന്നുള്ള ഒരു യുവാവ്. ഹെഫ്റ്റി എഡി എന്ന റെഡിറ്റ് അക്കൗണ്ടിൽ നിന്നാണ് വൈറലായിട്ടുള്ള പോസ്റ്റ് പ്രസിദ്ധികരിച്ചിട്ടുള്ളത്. കാനഡയിലേക്ക് പോയ അനുഭവത്തെ തട്ടിപ്പ് എന്നാണ് യുവാവ് വിശേഷിപ്പിച്ചിട്ടുള്ളത്. കാനഡയിൽ താൻ നേരിട്ട വെല്ലുവിളികളേക്കുറിച്ചും ഇയാൾ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.
കാനഡയിലേക്ക് വന്നതിൽ ഞാൻ ഖേദിക്കുന്നു. ഇന്ത്യയിൽ നിന്ന് പുറേത്തേക്ക് കടക്കാനായി ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. നിങ്ങൾക്ക് എല്ലാവർക്കുമായി ഒരു നേർചിത്രം നൽകാം. ഞാൻ കാനഡയിലാണ്. നിങ്ങൾ വിചാരിക്കുന്നത് പോലയല്ല കാര്യങ്ങളുടെ കിടപ്പ്. കാനഡ സർക്കാരും കോളേജുകളും ഇന്റർനാഷണൽ വിദ്യാർഥികളെ ബിസിനസായിട്ടാണ് കാണുന്നത്. ഒരിക്കൽ അവിടെ ചെന്നിറിങ്ങിയാൽ നിങ്ങൾ ചതിക്കപ്പെടുകയാണെന്ന് മനസിലാവും- യുവാവ് പറയുന്നു.
ഇന്ത്യയിലും സാധ്യതകളും മാർക്കറ്റും വലുതാവുകയാണെന്നും ഇയാൾ പോസ്റ്റിൽ പറയുന്നു. ഇന്ത്യ വളർന്നുകൊണ്ടിരിക്കുകയാണ്, സാധ്യതകളെ ബുദ്ധിപൂർവ്വം ഉപയോഗിച്ചാൽ നിങ്ങൾക്ക് വിജയം നേടാനാവും. സ്വന്തം നാട്ടിൽ തന്നെ നല്ലൊരു ജീവിതം പണിതുയർത്താം. പാശ്ചാത്യ രാജ്യങ്ങൾ നിങ്ങൾക്ക് മുന്നിൽ മായാലോകം തീർക്കുകയാണ് . ഇവിടെ വന്നാൽ മാത്രമേ സത്യം മനസിലാവുകയുള്ളു. കെണിയിൽ ചാടരുത് ഇന്ത്യയിൽ തന്നെ നിൽക്കൂ- യുവാവ് കുറിപ്പിൽ പറയുന്നു. യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. ഇത് വ്യാജമാണെന്നും അധ്വാനിക്കാൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് വിജയം നേടാൻ കാനഡ പോലുള്ള രാജ്യങ്ങൾ ഉപകരിക്കുമെന്നും ചിലർ പറഞ്ഞു. എന്നാൽ യുാവാവിന്റെ പോസ്റ്റ് സത്യമാണെന്ന് മറ്റൊരുകൂട്ടർ പറഞ്ഞു.