കഴിഞ്ഞ ദിവസം ഒരു ഡസനിലധികം റഷ്യന്‍ ഡ്രോണുകള്‍ (ചിലത് റഷ്യയുടെ സഖ്യകക്ഷിയായ ബെലാറൂസില്‍ നിന്നായിരുന്നു പുറപ്പെട്ടത്) പോളണ്ടിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതിനു പിന്നില്‍ തിങ്കളാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനെതിരായ വധശ്രമമായിരുന്നുവോ? അങ്ങനെ സംശയിക്കാന്‍ കാരണമുണ്ട്. തിങ്കളാഴ്ച രാത്രി കരിങ്കടല്‍ തീരത്തെ സോചി നഗരത്തില്‍ യുക്രൈന് ഡ്രോണുകള്‍ കനത്ത ആക്രമണം നടത്തുമ്പോള്‍ പുതിന് അവിടെയുണ്ടായിരുന്നുവെന്നും അത് തിരിച്ചറിഞ്ഞായിരുന്നു യുക്രൈന് ആക്രമണമെന്നും ആരോപണമുണ്ട്.
പടിഞ്ഞാറന്‍ യുക്രൈനില്‍ കനത്ത വ്യോമാക്രമണം അഴിച്ചുവിടുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി ഡ്രോണുകള്‍ പോളിഷ് അതിര്‍ത്തിക്കുള്ളിലേക്ക് ‘വഴിതെറ്റി’യത്. ഭയന്നുപോയ പോളണ്ട്, നാറ്റോ അംഗരാജ്യങ്ങളുടെ സഹായം തേടി, പോര്‍വിമാനങ്ങൾ ഉപയോഗിച്ച് ഡ്രോണുകളെ വെടിവച്ചുവീഴ്ത്തി. പോളിഷ്, ഡച്ച് പോര്‍വിമാനങ്ങള്‍ക്ക് ജര്‍മന്‍, ഇറ്റാലിയന്‍ പ്രതിരോധ സജ്ജീകരണങ്ങളുടെ പിന്തുണയുണ്ടായിരുന്നു. ആള്നാശമൊന്നുമില്ല, പക്ഷേ, തകര്‍ന്ന റഷ്യന്‍ ഡ്രോണുകള്‍ വസതികള്‍ക്കു മുകളിലും മറ്റും പതിച്ച് ചില്ലറ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
പോളിഷ് വ്യോമാതിർത്തി ലംഘിച്ച യന്ത്രങ്ങൾ റഷ്യയിൽ നിന്നു പുറപ്പെട്ടതാണെന്ന് തെളിയിക്കുന്ന ഒന്നും ഹാജരാക്കാൻ പോളണ്ടിന് കഴിഞ്ഞിട്ടില്ലെന്നും ആരോപണം വ്യാജമാണെന്നും റഷ്യ പറയുന്നു. പോളണ്ടിന്റെ മണ്ണിലെ ഒന്നും ലക്ഷ്യംവെക്കാനുള്ള പദ്ധതിയില്ലെന്നും സംഭവത്തെക്കുറിച്ച് ചർച്ചയ്ക്ക് തയ്യാറാണെന്നും റഷ്യ അറിയിച്ചിട്ടുണ്ട്. റഷ്യ പ്രകോപന സാധ്യതയുടെ പരിധികളും നാറ്റോയുടെ പ്രതികരണവും പരീക്ഷിച്ചു നോക്കുകയാണ്. റഷ്യയെ അപലപിക്കുന്ന പ്രസ്താവനകളല്ല, നടപടികളാണ് വേണ്ടത്-യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പറഞ്ഞു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എങ്ങും തൊടാതെ ഇങ്ങനെ കുറിച്ചു- ‘പോളണ്ടിന്റെ വ്യോമാതിർത്തി റഷ്യ ലംഘിക്കുന്നത് എന്തുകൊണ്ടാണ്? നമ്മൾ തുടങ്ങുകയായി!’ ട്രംപിൻ്റെ വാക്കുകൾ സംഭവത്തിന്റെ ഗൗരവത്തെ പ്രതിഫലിപ്പിക്കാത്തതാണെന്ന് അമേരിക്കയിൽ തന്നെ ആരോപണമുണ്ട്. റഷ്യക്കെതിരെ രണ്ടാംഘട്ട ഉപരോധം ഏർപ്പെടുത്തുമെന്ന് പറയാൻ തുടങ്ങിയിട്ട് മാസങ്ങളായി. അതേസമയം യുക്രൈനുള്ള സഹായം വലിയ തോതിൽ വെട്ടിക്കുറയ്ക്കുന്ന കാര്യം അമേരിക്ക ആലോചിക്കുകയാണ്. ഈ സാഹചര്യത്തിൽ റഷ്യയ്ക്കെതിരെ കൊമ്പുകോർക്കാനിറങ്ങിയാൽ യുദ്ധക്കളത്തിൽ ഒറ്റപ്പെട്ടു പോവുമെന്ന ആശങ്ക യൂറോപ്പിനുണ്ട്.
മുമ്പും റഷ്യയുടെ ഡ്രോണുകളും മിസൈലുകളും റുമാനിയയുടെയും ലാത്വിയൻ രാജ്യങ്ങളുടെയും വ്യോമാതിർത്തികൾ ഭേദിച്ചിട്ടുണ്ട്. പക്ഷേ, ഇത്രയും വിപുലമായ രീതിയിൽ അതിർത്തിലംഘനം ഇതാദ്യമാണ്. നാറ്റോ രാജ്യങ്ങളുടെ ഒരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കുമെന്ന് നാറ്റോയിലെ വാഷിംഗ്ടൺ അംബാസഡർ മാത്യു വിറ്റാക്കർ പറഞ്ഞു. യുക്രൈനിലെ യുദ്ധം കൂടുതൽ വ്യാപിക്കാനുള്ള അപകടസാധ്യതയിൽ ഐക്യരാഷ്ട്രസഭയ്ക്ക് ഉൽക്കണ്ഠ രേഖപ്പെടുത്തി. ഐക്യരാഷ്ട്രരക്ഷാസമിതി പോളണ്ട് സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രത്യേകയോഗം വിളിച്ചു. യൂറോപ്യൻ രാജ്യങ്ങൾ കോപം കൊണ്ടു വിറയ്ക്കുകയാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷം രാജ്യം തുറന്നയുദ്ധത്തിന് ഏറ്റുവുമടുത്തെത്തിയത് ഇപ്പോഴാണെന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് പറഞ്ഞു.
നാറ്റോയിലെ ഇ-5 ഗ്രൂപ്പിലെ – യു.കെ, ജർമനി, ഇറ്റലി, ഫ്രാൻസ്, പോളണ്ട് -പ്രതിരോധമന്ത്രിമാർ ലണ്ടനിൽ വാർത്താസമ്മേളനം നടത്തി സംഭവത്തെ ശക്തമായി അപലപിച്ചു. പോളണ്ടിലെ വ്യോമപ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ പരിശോധിക്കാൻ സൈന്യത്തോടാവശ്യപ്പെട്ടതായി യുകെയുടെ പ്രതിരോധമന്ത്രി ജോൺ ഹീലി പറഞ്ഞു. യുക്രൈനിൽ പരീക്ഷിച്ചുനോക്കിയ വമ്പൻ സൈനികസന്നാഹങ്ങൾ യൂറോപ്പിലെ മറ്റിടങ്ങളെ ലക്ഷ്യം വെക്കാനിടയുണ്ടെന്നും കിഴക്കൻ യൂറോപ്പാകെ ഭീഷണിയുടെ നിഴലിലാണെന്നും നാറ്റോ ജനറൽ സെക്രട്ടറി മാർക്ക് റൂട്ട് പറഞ്ഞു. കനഡ പ്രധാനമന്ത്രി മാർക്ക് കാർണി സമാധാനശ്രമങ്ങളെ പുതിൻ ഒട്ടും വിലവെക്കുന്നില്ലെന്ന് ആരോപിച്ചു.
പുതിനെത്തേടി യുക്രൈൻ ഡ്രോണുകൾ സോചിയിൽ?
യുക്രൈന്റെ ഡ്രോണാക്രമണത്തിന്റെ തലേന്ന് നടന്ന ബ്രിക്സ് സമ്മേളനത്തിൽ ഓൺലൈനായി പുതിൻ പങ്കെടുത്തത് സോചിയിൽ നിന്നാണ്. യോഗത്തിന് ഏതാനും മണിക്കൂറുകൾക്കു മുമ്പ് റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം നഗരത്തിലെത്തിയെന്ന് ഫ്ളൈറ്റ് ഡേറ്റാ രേഖകൾ പറയുന്നതായി റഷ്യയിലെ ചില സ്വതന്ത്ര വെബ്സൈറ്റുകൾ പറഞ്ഞു. അതേ വിമാനത്തിലാണ് പുതിൻ, ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞ മാസം അലാസ്കയിലെത്തിയത്. ആക്രമണം നടത്തിയ 31 ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് വീടുകൾക്ക് കേടുപാടുകളുണ്ടാവുകയും ചെയ്തതായാണ് വിവരം. വധശ്രമ അഭ്യഹങ്ങളെക്കുറിച്ച് യുക്രൈൻ പ്രതികരിച്ചിട്ടില്ല.
കുറച്ചുകാലമായി, യുക്രൈൻ ഡ്രോണുകൾ റഷ്യയെ വിറപ്പിക്കാൻ തുടങ്ങിയിട്ട്. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ സ്വഭാവം മെല്ലെ മാറി. പോരാട്ടം ഡ്രോണുകളും ആളില്ലാവിമാനങ്ങളും തമ്മിലായി. ആക്രമണം നടന്ന രാത്രി വൈകുവോളം പുതിൻ്റെ വിമാനം സോചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായിരുന്നുവെന്ന് ഫ്ളൈറ്റ് ട്രാക്കിംഗ് ഡാറ്റ വെളിപ്പെടുത്തുന്നതായി സൈറ്റുകൾ പറയുന്നു. പുതിൻ്റെ പരിപാടികൾ ആസൂത്രണം ചെയ്ത പോലെ കൃത്യമായി നടന്നുവെന്ന റഷ്യൻ വക്താവിന്റെ പ്രസ്താവന പ്രസിഡണ്ട് പരിസരത്തുണ്ടായിരുന്നു എന്ന് പരോക്ഷമായി സമ്മതിക്കുന്നതാണ്.
യുക്രൈൻ ആക്രമണം നടത്തിയ സമയമാണ് അപകടകരമായ വ്യാഖ്യാനങ്ങൾക്ക് വഴിവെക്കുന്നത്. ഒന്നുകിൽ വധശ്രമം, അല്ലെങ്കിൽ റഷ്യയിൽ ഒരിടവും ശരിക്കും സുരക്ഷിതമല്ലെന്ന് പുതിനെ ഭയപ്പെടുത്താനുള്ള മനഃശാസ്ത്രപരമായ ആക്രമണം ആയിക്കൂടെന്നില്ല! ഒന്നും മറക്കാത്ത, ഒരിക്കലും മാപ്പ് കൊടുക്കാത്ത നേതാവ് എന്ന് ആരോപിക്കപ്പെടുന്ന പുതിൻ ഈ അപമാനത്തിന് യുക്രൈൻ ഒരിക്കലും മറക്കാത്ത മറുപടി കൊടുക്കുമെന്ന് ഉറപ്പാണ്. കനത്ത റഷ്യൻ ആക്രമണങ്ങളിൽ ആടിനിൽക്കുകയാണ് യുക്രൈൻ. കാൽച്ചുവട്ടിൽ നിന്നും മണ്ണൊലിച്ചുപോവുന്ന അവസ്ഥയാണ്. അവർ എന്തുചെയ്താലും അത്ഭുതപ്പെടാനില്ല.
ആക്രമണങ്ങൾക്ക് രൂക്ഷത വലിയ തോതിൽ വർധിച്ചത് യുക്രൈൻ ഡ്രോണുകൾ ഉപയോഗിച്ച് കഴിഞ്ഞ ജൂണിൽ നടന്ന ഓപ്പറേഷൻ ചിലന്തിവലയ്ക്ക് ശേഷമായിരുന്നു. റഷ്യയുടെ ബോംബർ വിമാനങ്ങളുടെ 34 ശതമാനവും നശിപ്പിക്കപ്പെട്ട ഈ ആക്രമണം ലോകത്തെ ഞെട്ടിച്ചിരുന്നു പിന്നീട്, അലാസ്കയിൽ നടന്ന ട്രംപ്-പുതിൻ കൂടിക്കാഴ്ചയ്ക്കുശേഷവും ആക്രമണത്തിൻ്റെ ശക്തി വർധിക്കുന്ന കാഴ്ച കണ്ടു. ഒരുപക്ഷേ, സമാധാനക്കരാറാവും മുമ്പ് പരമാവധി യുക്രൈൻ ഭൂമി പിടിച്ചെടുക്കുക എന്നതാവാം റഷ്യൻ തന്ത്രം. നിലവിൽ യുക്രൈന്റെ 20 ശതമാനം ഭൂമി റഷ്യൻ ആധിപത്യത്തിനു കീഴിലാണ്. ഇപ്പോൾ നിത്യേനയെന്നോണമാണ് റഷ്യ യുക്രൈനിൽ കനത്ത ആക്രമണം നടത്തുന്നത്.
എണ്ണമറ്റ വധശ്രമങ്ങളെ അതിജീവിച്ച്…
എതിരാളികളെ നിർദയമായി അടിച്ചൊതുക്കുന്ന പുതിൻ സോവിയറ്റ് യൂണിയന്റെ ചാരസംഘടനയായ കെജിബിയിൽ ഉദ്യോഗസ്ഥനായിരുന്നു. രണ്ടര ദശകത്തിലധികമായി റഷ്യയിൽ അധികാരത്തിലിരിക്കുന്ന അദ്ദേഹം നിരവധി വധശ്രമങ്ങളെ അതിജീവിച്ചിട്ടുണ്ട്. നാടൻ ബോംബു മുതൽ വിദേശ ഏജൻസികൾക്കു പങ്കുണ്ടെന്നു കരുതുന്ന അത്യാധുനിക ഗൂഢാലോചനകൾ വരെ. വിവിധ കണക്കുകൾ പ്രകാരം ആറു മുതൽ 43 വരെയാണ് അദ്ദേഹത്തിനെതിരെ ഉണ്ടായ വധശ്രമങ്ങൾ. ചിലതിന് സ്ഥിരീകരണമുണ്ട്, അറസ്റ്റുകളും ഔദ്യോഗിക പ്രസ്താവനകളുമൊക്കെ തെളിവായുണ്ട്. മറ്റു പലതിനും സ്ഥിരീകരണമില്ല, അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത പ്രചാരണങ്ങളും കിംവദന്തികളും മാത്രം.
1999-ൽ അധികാരത്തിലെത്തിയ പുതിനെതിരായ ആദ്യത്തെ വധശ്രമം രണ്ടായിരത്തിലായിരുന്നിരിക്കണം. രണ്ടാം ചെചൻ യുദ്ധകാലത്ത് ചെച്നിയ സന്ദർശിച്ച പുതിന്റെ വാഹനവ്യൂഹത്തിനു സമീപം ബോംബ് പൊട്ടി, നിരവധി പേർക്ക് പരിക്കു പറ്റിയെങ്കിലും പുതിൻ രക്ഷപ്പെട്ടു. വടക്കൻ കോക്കസസ് മേഖലയിലെ ഇസ്ലാമിക ഭീകരവാദികൾ നിരന്തരം അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിച്ചു. 2002-ൽ പുതിൻ്റെ അസർബൈജാൻ സന്ദർശനത്തിനിടെ ചെചൻ, അഫ്ഗാൻ തീവ്രവാദി സംഘടനകളുമായി ബന്ധമുള്ള ഇറാഖിയെ പോലീസ് പിടികൂടി.
2003-ൽ തിരഞ്ഞെടുപ്പ് ദിവസം പുതിന്റെ വാഹനവ്യൂഹം പോകാനിരുന്ന പാതയ്ക്കു സമീപം സ്ഥാപിച്ചിരുന്ന 40 കിലോഗ്രാം ഭാരം വരുന്ന സ്ഫോടകവസ്ക്കൾ കണ്ടെടുത്തു. ഈ സംഭവം നാട്ടിലും പുതിന് കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് കാരണമായി. ഫെഡറൽ പ്രൊട്ടക്റ്റീവ് സർവീസാണ് (എഫ്എസ്ഒ) അദ്ദേഹത്തിന്റെ സംരക്ഷണത്തിൽ നിർണായക പങ്ക് വഹിക്കുന്നത്. അതേവർഷം പുതിനെ ലണ്ടൻ സന്ദർശനത്തിനിടെ പതിയിരുന്നു വെടിവെക്കാനുള്ള നീക്കം യുകെയിലെ ഭീകരവിരുദ്ധ പോലീസ് തകർത്തു.
പുതിൻ കൂടുതൽ കരുത്തനായതോടെ ഭീഷണികൾക്കും മാറ്റം വന്നു. 2012-ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിനു മുമ്പ് യുക്രൈനിലെ ഒഡേസ്സയിൽ നടന്ന ഗൂഢാലോചന റഷ്യയും യുക്രൈനും ചേർന്നാണ് നിർവീര്യമാക്കിയത്. ചെചൻ വിമതരുടെ നേതാവായ ആദം ഉസ്മായെവും ഭാര്യയും പിടിയിലായി. ഒരു റാലിക്കിടെ പുതിനെ വെടിവെച്ചു കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി അയാൾ കുമ്പസാരിച്ചു. അതേവർഷം പുതിനെ ലാക്കാക്കി മോസ്കോയിലെ ഒരു പാലത്തിനു കീഴിൽ സ്ഥാപിച്ചിരുന്ന ബോംബ് നിർവീര്യമാക്കിയിരുന്നു. ഈ വധശ്രമങ്ങളൊക്കെ പുതിൻ സമർഥമായി ഉപയോഗിച്ചു, ശത്രുക്കളെ-വിഘടനവാദികളും രാഷ്ട്രീയ സ്വാധീനമുള്ള വൻകിട ബിസിനസുകാരും ശക്തരായ രാഷ്ട്രീയ എതിരാളികളുമൊക്കെ- അമർച്ച ചെയ്യാൻ. ചാരസംഘടനയായ എഫ്എസ്ബിയുടെ കരങ്ങൾ ശത്രുക്കളെത്തേടി വിദേശങ്ങളിലേക്കും നീണ്ടു.
2022ലെ യുക്രൈൻ അധിനിവേശത്തോടെ പുതിനെതിരായ വധശ്രമ ഭീഷണികൾ പെരുകി. ഭൗമരാഷ്ട്രീയമായ മത്സരം വ്യക്തിപരമായ പ്രതികാരത്തിലേക്ക് വഴിമാറി. യുക്രൈൻ്റെ സൈനിക ഇന്റലിജൻസ് മേധാവി കിറിലോ ബുഡാനോവ് തങ്ങൾ പലതവണ പുതിനെ വകവരുത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് 2024 ജൂലായിൽ പരസ്യമായി പറഞ്ഞിട്ടുണ്ട്. പുതിനെതിരായ വധശ്രമങ്ങളിൽ ഏറ്റവും കുപ്രസിദ്ധമായ സംഭവം 2023 മേയ് മാസം ക്രെലിൻ വിക്ടറി ഡേ പരേഡിന് തയ്യാറെടുക്കുന്നതിനിടെ പ്രസിഡന്റിന്റെ ഓഫീസിനെ ലക്ഷ്യം വെച്ചു ഡ്രോണുകൾ തൊടുത്തതായിരുന്നു. മോസ്കോ നഗരത്തിന്റെ ആകാശത്ത് ജ്വലിപ്പിച്ച സ്ഫോടനങ്ങളെ ചെറുക്കാനായി. പക്ഷേ യുക്രൈൻ വധശ്രമം എന്ന വാർത്ത വ്യാജമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ റഷ്യ നടത്തിയ പ്രഹസനമാണെന്നും ആരോപിച്ചു. യുക്രൈൻ യുദ്ധം ശക്തമാക്കാൻ കൃത്രിമ ഭീഷണികൾ നിർമ്മിക്കുന്നത് റഷ്യയിൽപതിവാണെന്ന് പാശ്ചാത്യമാധ്യമങ്ങൾ പറഞ്ഞു. എന്തായാലും സംഭവത്തെ തുടർന്ന് റഷ്യ ആക്രമണം കടുപ്പിച്ചു.
കഴിഞ്ഞ മേയിലും പുതിൻ യുക്രൈന്റെ വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടതായി റഷ്യൻ സൈനികവൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. മേയ് 20-ന് കുർസ് മേഖല സന്ദർശിക്കവേ, പുതിന്റെ ഹെലിക്കോപ്റ്ററിൻ്റെ സഞ്ചാരപാതയിൽ കടന്നുകയറിയ യുക്രൈൻ ഡ്രോൺ അപകടകരമാവിധം അടുത്തെത്തിയെങ്കിലും റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം അതിനെ നിർവീര്യമാക്കി. അദ്ദേഹം വിമാനത്തിലുണ്ടായിരുന്ന സമയം യുക്രൈൻ വലിയ തോതിലെ ഡ്രോണാക്രമണം നടത്തി, അവയിൽ 46 എണ്ണം വെടിവച്ചു വീഴ്ത്തിയെന്ന് റഷ്യൻ സൈനിക കമാൻഡർ പറഞ്ഞു. പൊതുവേദിയിൽ അചഞ്ചലനായി പ്രത്യക്ഷപ്പെട്ട പുതിൻ യാത്ര മുടക്കിയില്ല. ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാവാം സോചി സംഭവം.
ഓരോ വധശ്രമത്തെയും പുതിൻ അതിജീവിക്കുന്നത് പിഴവറ്റ സുരക്ഷാസംവിധാനത്തിലൂടെയാണ്. അദ്ദേഹം കഴിക്കുംമുമ്പ് ഭക്ഷണം രുചിക്കുന്നവർ, കവചിത വാഹനങ്ങൾ (ടിയാൻജിനിൽ കണ്ട ഓറസ് കാർ ഓർമിക്കുക), കിടയറ്റ ഇൻറലിജൻസ്, സൈബർ സുരക്ഷാ സംവിധാനങ്ങൾ, എഫ്എസ്ഒ സുരക്ഷ… അലാസ്കയിലെത്തിയ പുതിന്റെ വിസർജ്യം പ്രത്യേക പാക്കറ്റിൽ ശേഖരിച്ച് സ്യൂട്ട്കേസിൽ തിരിച്ചുകൊണ്ടു പോവുമെന്ന് വാർത്തകളുണ്ടായിരുന്നു. വിസർജ്യം പരിശോധിച്ച് പുതിന്റെ ആരോഗ്യവിവരങ്ങൾ എതിരാളികൾ മനസ്സിലാക്കരുത് എന്ന ഉദ്ദേശ്യത്തോടെയാണത്രെ ഈ മുൻകരുതൽ.
ആധുനിക ലോകം കണ്ടതിൽ വച്ച് ഏറ്റവും മനക്കരുത്തും കൗശലവുമുള്ള നേതാക്കളിൽ പ്രമുഖനാണ് പുതിൻ. അസൂയാവഹമായ ഓർമശക്തിയും അദ്ദേഹത്തിൻ്റെ കരുത്താണ്. റഷ്യയുടെ നിലപാടുകൾക്ക് കാരണമായ ചരിത്രം പറയാൻ അദ്ദേഹത്തിന് കുറിപ്പുകളും പുസ്തകങ്ങളും വേണ്ട. അതുപോലെ തന്നെയാണ് എതിരാളികളോടുള്ള വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും. അപമാനങ്ങളും ആക്രമണങ്ങളുമൊന്നും പുതിൻ മറക്കില്ല, തിരിച്ചടി കൊടുക്കാതെയുമിരിക്കില്ല. അതിവേഗത്തിലുള്ള, അതിശക്തമായ, നിർദയമായ തിരിച്ചടി. കഴിഞ്ഞദിവസം യുക്രൈനിൽ കണ്ട വമ്പൻ വ്യോമാക്രമണം സോചിയിലെ കൈവിട്ട കളിക്കുള്ള മറുപടിയാണെന്നു കരുതാം.
