തിരുവനന്തപുരം > നാനോ എക്സൽ മണി ചെയിൻ തട്ടിപ്പ് കേസിലെ മുഖ്യപ്രതികൾ പിടിയിൽ. പ്രശാന്ത് സുന്ദർ രാജ്, രാധ സുന്ദർ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈയിൽ നിന്നാണ് ഇവരെ തൃശൂർ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തുടനീളം 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ സംഘം ഒളിവിൽ കഴിയവെയാണ് പൊലീസിന്റെ വലയിലായത്.
വൻ പലിശ വാഗ്ദാനം ചെയ്താണ് പ്രതികൾ നിക്ഷേപം സ്വീകരിച്ചത്. ഇത്തരത്തിൽ 300 കോടിയോളം രൂപ തട്ടിയെടുത്തതിന് പിന്നാലെ പ്രതികൾ മുങ്ങുകയായിരുന്നു. ഇതു സംബന്ധിച്ച കേസിൽ തൃശൂർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നടപടികൾ നടന്നുകൊണ്ടിരിക്കെ കോടതിയിൽ ഹാജരാകാതെ ഇവർ ഒളിവിൽ കഴിയുകയായിരുന്നു. പ്രതികൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയിരുന്ന പ്രതികൾ വിചാരണ നടപടികളോട് സഹകരിക്കാതെ തമിഴ്നാട്ടിലേക്ക് മാറുകയും അതിസമ്ബന്നർ താമസിക്കുന്ന ഫ്ലാറ്റുകളിൽ ഒളിവിൽ താമസിക്കുകയുമായിരുന്നു. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സംസ്ഥാന ക്രൈം ബ്രാഞ്ച് മേധാവിയുടെ നിർദേശാനുസരണം തൃശൂർ ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ടി.കെ.സുബ്രഹ്മണ്യൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഡിറ്റക്ടീവ് ഇൻസ്പെക്ടർ റിയാസ് രാജ, ഡിറ്റക്ടീവ് സബ് ഇൻസ്പെക്ടർ തോംസൺ ആന്ററണി, സബ് ഇൻസ്പെക്ടർ ലിജോ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുബീർകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. 300 കോടിയോളം രൂപയാണ് ഇവർ പലരിൽ നിന്നായി തട്ടിച്ചത്. 600 ൽ അധികം തട്ടിപ്പ് കേസുകൾ ഇവർക്കെതിരെ സംസ്ഥാനത്തൊട്ടാകെ നിലവിലുണ്ട്.
കൂടാതെ നിരവധി കേസുകളിൽ വാറണ്ടും നിലവിലുണ്ട്.
