‘മണിക്ക് പോറ്റി കെെമാറിയത് വിഗ്രഹമല്ല, സ്വർണ ഉരുപ്പടികൾ; ഇടപാട് നടന്നത് തിരുവനന്തപുരത്ത്’ - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

‘മണിക്ക് പോറ്റി കെെമാറിയത് വിഗ്രഹമല്ല, സ്വർണ ഉരുപ്പടികൾ; ഇടപാട് നടന്നത് തിരുവനന്തപുരത്ത്’

December 29, 2025
images 2025 12 29T144456.228

തിരുവനന്തപുരം> ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വിദേശവ്യവസായി നൽകിയ മൊഴിയിലെ വിവരങ്ങൾ പുറത്ത്. ശബരിമല സന്നിധാനത്തെ ചില സ്വർണ ഉരുപ്പടികൾ, ഉണ്ണിക്കൃഷ്ണൻ പോറ്റി തിരുവനന്തപുരത്തുവെച്ച് ഡി. മണിക്ക് കൈമാറി എന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്  (എസ്‌ഐടി) വിദേശവ്യവസായി നൽകിയിരിക്കുന്ന മൊഴി. ഈ വ്യവസായി നൽകിയ നമ്പർ കേന്ദ്രീകരിച്ച് എസ്‌ഐടി നടത്തിയ അന്വേഷണമാണ് ഡിണ്ടിഗലിലിലെ മണിയിൽ എത്തിയത്.

എസ്‌ഐടിയുടെ ശബരിമല സ്വർണക്കൊള്ള അന്വേഷണം ഇപ്പോൾ എത്തിനിൽക്കുന്നത് പങ്കജ് ഭണ്ഡാരിയിലും ഗോവർധനിലുമാണ്. അതിനിടെയാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ സുഹൃത്തായ വിദേശവ്യവസായിയും ചില രഹസ്യവിവരങ്ങൾ എസ്‌ഐടിയെ ധരിപ്പിക്കുന്നത്. പിന്നാലെ എസ്‌ഐടി, വിദേശവ്യവസായിയിൽനിന്ന് മൊഴിയെടുത്തു. ശബരിമലയിലെ വിഗ്രഹങ്ങൾ ഉണ്ണിക്കൃഷ്ണൻ പോറ്റി, ഡി. മണിക്ക് തിരുവനന്തപുരത്തുവെച്ച് കൈമാറി എന്ന് വ്യവസായി മൊഴിനൽകിയിരുന്നെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ, വിഗ്രഹമല്ല സ്വർണ ഉരുപടികൾ കൈമാറി എന്നാണ് വ്യവസായി നൽകിയ മൊഴി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

പോറ്റി തിരുവനന്തപുരത്തുവെച്ച് ശബരിമല സന്നിധാനത്തെ ചില സ്വർണ ഉരുപ്പടികൾ ഡി. മണിക്ക് കൈമാറി എന്നാണ് വിദേശവ്യവസായിയുടെ മൊഴി. ഇതിന് താൻ സാക്ഷിയാണ്. സ്വർണ ഉരുപ്പടികൾ കൈമാറാൻ പോറ്റി ആദ്യംതന്നെ സമീപിച്ചിരുന്നുവെന്നും വ്യവസായി മൊഴി നൽകിയിട്ടുണ്ട്. ഡി. മണിയുടെ ഫോൺ നമ്പർ, ഇതേ വിദേശവ്യവസായിയാണ് എസ്‌ഐടിക്ക് കൈമാറിയത്. പിന്നാലെ ഇത് കേന്ദ്രീകരിച്ച് എസ്‌ഐടി അന്വേഷണം നടത്തുകയും ദിണ്ടിക്കലിലെ ബാലമുരുകനിൽ എത്തിച്ചേരുകയും ചെയ്തു. ഇയാളിൽനിന്നാണ് എം.എസ്. മണി എന്ന സുബ്രമണിയിലേക്ക് എത്തിനിൽക്കുന്നത്. ഈ സുബ്രമണിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ ഇയാൾതന്നെയാണ് താൻ ഉദ്ദേശിച്ച മണിയെന്ന് വിദേശവ്യവസായി അന്വേഷണസംഘത്തെ അറിയിക്കുകയും ചെയ്തു. വിഗ്രഹ ഇടപാടുകാരുടെ ഇടയിൽ ദാവൂദ് മണിയെന്ന് ഇയാൾ അറിയപ്പെടുന്നതെന്നും വ്യവസായി കൂട്ടിച്ചേർത്തു.

മണിയുമായി ബന്ധപ്പെട്ട് എസ്‌ഐടി ദിണ്ടിക്കലിൽ വിശദമായ അന്വേഷണം നടത്തിയെങ്കിലും ശബരിമല സ്വർണക്കൊള്ളയുമായി ബന്ധിപ്പിക്കാവുന്ന തെളിവൊന്നും ലഭിച്ചില്ല. ലോക്കൽ പോലീസിൽനിന്നോ പ്രദേശവാസികളിൽനിന്നോ മതിയായ സഹകരണം കേരളാ പോലീസിന് ലഭിച്ചിരുന്നുമില്ല. ബാലമുരുകനോടും മണിയോടും ചൊവ്വാഴ്ച എസ്‌ഐടിക്ക് മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മണിയുടെ ബിസിനസുകളും മറ്റും സംബന്ധിച്ച് ചില പൊരുത്തക്കേടുകൾ എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.

വിദേശവ്യവസായി നൽകിയ ഫോൺ നമ്പർ ഉപയോഗിക്കുന്നത് മണി തന്നെ ആണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. എന്നാൽ, ഈ നമ്പറുള്ളത് തന്റെ പേരിലല്ല, സുഹൃത്ത് ബാലമുരുകന്റെ പേരിലാണുള്ളതെന്ന് മണി പറയുന്നു. തയ്യൽജോലി ചെയ്യുന്ന സാധാരണക്കാരനായ ബാലമുരുകന്റെ പേരിലുള്ള നമ്പർ എന്തിന് മണി ഉപയോഗിക്കണം എന്നും സംശയമുയർന്നിട്ടുണ്ട്. മണി വഴി സ്വർണ ഉരുപ്പടികൾ അന്താരാഷ്ട്ര വിപണിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നും വ്യവസായിയുടെ മൊഴിയിലുണ്ട്. ഇതും എസ്‌ഐടി അന്വേഷിക്കുന്നുണ്ട്.

അതേസമയം, വിദേശ വ്യവസായിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിദേശവ്യവസായിയും മണിയും തമ്മിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നും എസ്‌ഐടി പരിശോധിക്കുന്നുണ്ട്. ശബരിമല സ്വർണക്കൊള്ളയിൽ എന്ത് ഇടപാട് നടന്നുവെന്ന് പോറ്റി കഴിഞ്ഞാൽ അറിയാവുന്നത് പങ്കജ് ഭണ്ഡാരിക്കും ഗോവർധനുമാണ് എന്നാണ് എസ്‌ഐടി വിലയിരുത്തൽ. സ്വർണപ്പാളികൾ ഉരുക്കിയെന്ന കാര്യം എസ്‌ഐടി വിശ്വസിക്കുന്നില്ല. അത് ആർക്കെങ്കിലും കൈമാറിയോ എന്നത് ഉൾപ്പെടെയുള്ള അന്വേഷണങ്ങൾക്കായി ഇരുവരെയും കസ്റ്റഡിയിൽ കിട്ടേതുണ്ട്. കസ്റ്റഡി അപേക്ഷയുമായി എസ്‌ഐടി ഇന്ന് കോടതിയെ സമീപിക്കും.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss