അണിയറയിൽ ഒരുങ്ങുന്നത് ലോകത്ത് മറ്റാർക്കുമില്ലാത്ത കരുത്തൻ ആയുധം; ശത്രുവിന്റെ നെഞ്ച് പിളർക്കാനൊരുങ്ങി ഇന്ത്യ - Kerala Times    

അണിയറയിൽ ഒരുങ്ങുന്നത് ലോകത്ത് മറ്റാർക്കുമില്ലാത്ത കരുത്തൻ ആയുധം; ശത്രുവിന്റെ നെഞ്ച് പിളർക്കാനൊരുങ്ങി ഇന്ത്യ

January 1, 2026
ramjet.1.3636577 1

യുദ്ധസാങ്കേതികതയുടെ കാര്യത്തിൽ സ്വയം പര്യാപ്‌തത അഥവാ ‘ആത്മ നിർഭരത’ കൈവരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഓരോ ദിവസവും ഇന്ത്യൻ സൈന്യം തങ്ങളുടെ പരിശീലനങ്ങളും പ്രവർത്തനങ്ങളും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി റാംജെറ്റ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള 155 എംഎം പീരങ്കി ഷെല്ലുകൾ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പുകളും അവസാനഘട്ടത്തോട് അടുക്കുകയാണ്. ഇത് നടപ്പായാൽ റാംജെറ്റ് ശക്തി ഉപയോഗിച്ച് പീരങ്കി ഷെല്ലുകൾ പ്രയോഗിക്കുന്ന ലോകത്തിലെ ആദ്യ സൈന്യമായി ഇന്ത്യൻ സൈന്യം മാറും. ഇതിലൂടെ പ്രഹരശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ദൂരപരിധി 30 മുതൽ 50 ശതമാനം വരെ വർദ്ധിപ്പിക്കാനാകും.

ദീർഘ ദൂരത്തിൽ കൂടുതൽ കൃത്യതയുള്ള റോക്കറ്റുകളും ഷെല്ലുകളും വികസിപ്പിക്കുന്നതിലാണ് ഇന്ത്യൻ സൈന്യം ശ്രദ്ധ ചെലുത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് റാംജെറ്റ് സഹായത്തോടെ പ്രവർത്തിക്കുന്ന പീരങ്കി ഷെല്ലുകൾ വികസിപ്പിച്ചത്. ഐഐടി മദ്രാസ് ഇന്ത്യൻ സൈന്യവുമായി ചേർന്നാണ് ഇത് വികസിപ്പിച്ചത്. ഈ പദ്ധതിക്ക് ആർമി ടെക്‌നോളജി ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. ‘റാംജെറ്റ് എന്നത് വായുവിൽ നിന്ന് ഓക്‌സിജൻ ശേഖരിക്കുന്ന ഒരു എഞ്ചിനാണ്. ഇതിന് കംപ്രസറോ ടർബൈനോ ആവശ്യമില്ല. എന്നാൽ ഇതിന് പ്രവർത്തനം ആരംഭിക്കുന്നതിന് കുറഞ്ഞത് മാക് 2 വേഗത വേണം. അതിനാൽ പീരങ്കിയോ റോക്കറ്റോ ഉപയോഗിച്ച് ആദ്യം ആ വേഗതയിൽ എത്തിക്കണം. പിന്നീട് വായു ഉൾക്കൊള്ളിച്ച് ഇന്ധനം കത്തിച്ച് ത്രസ്റ്റ് ഉണ്ടാക്കുന്നു.’ – റാംജെറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഐഐടി മദ്രാസിലെ എയ്‌റോസ്‌പേസ് എഞ്ചിനിയറിംഗ് വിഭാഗം പ്രൊഫസർ പിഎ രാമകൃഷ്‌ണൻ വിശദീകരിച്ചു.

റാംജെറ്റ് സഹായത്തിൽ പ്രവർത്തിക്കുന്ന ഷെല്ലുകൾ നിലവിൽ ഐഐടി മദ്രാസിന്റെ നേതൃത്വത്തിൽ പരീക്ഷണഘട്ടത്തിലാണ്. രാജസ്ഥാനിലെ പൊഖ്റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ ഇത് വിജയകരമായി പരീക്ഷിച്ചതായാണ് റിപ്പോർട്ട്.

Latest from Blog

error: Content is protected !!