കോതമംഗലം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും ; ഷിബു തെക്കുംപുറത്തിന് വിജയസാധ്യതയില്ല - ഗുരുതരമായ ആരോപണങ്ങളും കേസുകളും - Kerala Times    

കോതമംഗലം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും ; ഷിബു തെക്കുംപുറത്തിന് വിജയസാധ്യതയില്ല – ഗുരുതരമായ ആരോപണങ്ങളും കേസുകളും

February 15, 2026
IMG 20260215 202904

കൊച്ചി> കോതമംഗലം സീറ്റില്‍ ഷിബു തെക്കുംപുറത്തിന് വിജയസാധ്യത ഇല്ലെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. നിലവില്‍ ഏറ്റുമാനൂര്‍, ഇടുക്കി സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത് കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ നീങ്ങുന്നതിനിടെയാണ് ജോസഫ് ഗ്രൂപ്പിന് നല്‍കിയ കോതമംഗലം സീറ്റുകൂടി കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. സീറ്റ് വിട്ടുകൊടുക്കാതിരിക്കുന്നതിനുവേണ്ടി ജോസഫ് ഗ്രൂപ്പ് ഷിബു തെക്കുംപുറത്തിന് പകരം മറ്റു സ്ഥാനാര്‍ഥികളെ നിര്‍ത്തുവാന്‍ ആലോചിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് കടുത്ത നിലപാടില്‍തന്നെയാണ്. വിജയസാധ്യത ഇല്ലാത്തവരെ മത്സരിപ്പിച്ച് കോതമംഗലം പോലെയുള്ള ഒരു യു.ഡി.എഫ് മണ്ഡലം നഷ്ടപ്പെടാന്‍ പാടില്ലെന്നുതന്നെയാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്.

കഴിഞ്ഞ തവണ പരാജയപ്പെട്ട ഷിബു ഇത്തവണയും സീറ്റ് തനിക്ക് വേണമെന്ന വാശിയിലായിരുന്നു. താനായിരിക്കും ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും രഹസ്യമായും പരസ്യമായും ഷിബു ആരംഭിച്ചിരുന്നു.    ഷിബു തെക്കുംപുറം കോതമംഗലത്ത് സ്ഥാനാര്‍ഥിയാകുന്നതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ വിയോജിപ്പ് ആദ്യംതന്നെ പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഒരു ഉന്നത നേതാവിന്റെ വഴിവിട്ട പിന്തുണ ഷിബുവിന് ഉണ്ടായിരുന്നതിനാല്‍ മണ്ഡലത്തിലെ പ്രതിഷേധങ്ങള്‍ ആരും ഗൌരവമായി എടുത്തിരുന്നില്ല. ഇതൊക്കെ വലിയതോതില്‍  ചർച്ചയാവുകയും കേരള ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സര്‍വ്വെകളിലും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളിലും കോതമംഗലത്ത് യു.ഡി.എഫിന് വിജയസാധ്യത ഇല്ലെന്ന റിപ്പോര്‍ട്ടും വന്നത്. ഇതോടെ കേരളാ കോണ്‍ഗ്രസില്‍ നിന്നും കോതമംഗലം സീറ്റുകൂടി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുകയാണ്.

കെ.എല്‍.എം ആക്സിവ ഫിന്‍വെസ്റ്റ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്ന ഷിബു തെക്കുംപുറത്തിനെതിരെ ഗുരുതരമായ പല ആരോപണങ്ങളും നിലനില്‍ക്കുകയാണ്. വഞ്ചനക്കേസിലുൾപ്പടെ പ്രതിയാണ് ഷിബു തെക്കുംപുറം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ ഇടതുപക്ഷം ആരോപിച്ച കൊള്ളപ്പലിശക്കാരന്‍ എന്ന പേര് കരിനിഴല്‍ പോലെ ഇപ്പോഴും ഷിബുവിന്റെ പിന്നാലെയുണ്ട്. മണ്ഡലത്തിലെ മധ്യവര്‍ഗ്ഗവുമായി യാതൊരു ബന്ധവും ഷിബുവിന് ഇല്ലെന്ന് ജനങ്ങള്‍ പരസ്യമായി പറയുന്നു. ഷിബു തെക്കുംപുറം നേത്രുത്വം നല്‍കുന്ന എന്റെ നാട് സംഘടനവഴി കെ.എല്‍.എം കമ്പനിയുടെ സി.എസ്.ആര്‍ ഫണ്ട്  വിനിയോഗിക്കുന്നതിലൂടെ  കുറച്ചുപേരുമായി അടുപ്പമുണ്ടെങ്കിലും വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുവാനുള്ള ഒരു വോട്ടുബാങ്കും തെക്കുംപുറത്തിന്റെ കയ്യില്‍ ഇല്ല. നിർബന്ധമായും വിനിയോഗിക്കപ്പെടേണ്ട സിഎസ്ആർ ഫണ്ട് സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണവും ശക്തമാണ്.

സ്വന്തം ഇടവകയിൽ പോലും ബഹു ഭൂരിപക്ഷവും ഷിബുവിന്റെ സ്ഥാനാര്‍ഥിത്വത്തെ അംഗീകരിക്കുന്നില്ല എന്നാണ് സൂചന. ഇത് സഭാജനങ്ങളുടെ ഇടയില്‍ പോലും ഷിബു തെക്കുംപുറത്തിനുള്ള ജനസ്വാധീനം എത്രയെന്ന് വ്യക്തമാക്കുന്നതാണ്. ജന്മനാടായ പിണ്ടിമന പഞ്ചായത്തിൽ പോലും ഭൂരിപക്ഷത്തിനു ഷിബു തെക്കുംപുറത്തിനോട് വിയോജിപ്പാണെന്നാണ് വിവരം. 2021 ലെ സ്ഥിതിയിൽ നിന്നും ഷിബുവിൻ്റെ ജനപ്രീതി വളരെയധികം പിന്നോട്ടു പോയെന്നാണ് സർവ്വെകളും റിപ്പോർട്ടുകളും നൽകുന്ന സൂചന. യു.ഡി.എഫിലെ പല ഉന്നത നേതാക്കളുടെയും നിക്ഷേപങ്ങള്‍ ഷിബു തെക്കുംപുറം നിയന്ത്രിക്കുന്ന കെ.എല്‍.എം ആക്സിവ എന്ന സ്ഥാപനത്തില്‍ ഉണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് ഇദ്ദേഹത്തിന് കോതമംഗലം സീറ്റ് പതിച്ചുനല്‍കാന്‍ യു.ഡി.എഫിലെ ചിലര്‍ കൂട്ടുനിന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Latest from Blog

error: Content is protected !!