യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഇറാന് 700 മീറ്റര്‍ ദൂരത്തില്‍; പോര്‍മുഖം തുറന്ന് യുഎസ്; തൊടുക്കാന്‍ മിസൈലുകള്‍ സജ്ജം - Kerala Times    

യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഇറാന് 700 മീറ്റര്‍ ദൂരത്തില്‍; പോര്‍മുഖം തുറന്ന് യുഎസ്; തൊടുക്കാന്‍ മിസൈലുകള്‍ സജ്ജം

February 18, 2026
file 000000003cbc71fa943524e7980ee56b

അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഇറാന്‍റെ തീരപ്രദേശത്തോട് തൊട്ടടുത്തെത്തിയതായി റിപ്പോര്‍ട്ട്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഇറാന്‍റെ പ്രവര്‍ത്തനപരിധിക്കുള്ളിലേക്ക് അമേരിക്ക മാറ്റി. 700 മീറ്റര്‍ മാത്രം മാറിയാണിപ്പോള്‍ അമേരിക്കന്‍ യുദ്ധസന്നാഹങ്ങളുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു യുദ്ധക്കപ്പല്‍ ഗള്‍ഫ് മേഖലയിലുടനീളമുള്ള അമേരിക്കയുടെ സൈനികസാന്നിധ്യം ശക്തിപ്പെടുത്താനായും അയച്ചിരിക്കുകയാണ്. എന്നാല്‍ ഒരു അമേരിക്കന്‍ യുദ്ധക്കപ്പലിനും തങ്ങളെ മുക്കിക്കളയാനാവില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി അതിശക്തമായ ഭാഷയില്‍ തന്നെ പ്രതികരിച്ചു. യഥാര്‍ത്ഥ യുദ്ധത്തിലേക്കുള്ള സൂചനയാണോ ഇതെന്ന സംശയത്തോടെയാണ് ഈ നീക്കങ്ങളെ ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്. ഒമാനില്‍ നടന്ന യുഎസ്– ഇറാന്‍ മധ്യസ്ഥ ചര്‍ച്ചകളിലൊന്നും ക്രിയാത്മകമായ ഒരു പരിഹാരം കാണാന്‍ സാധിക്കാതെ വന്നതോടെയാണ് യുദ്ധസമാനമായ സാഹചര്യം വീണ്ടും ഉടലെടുക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ചര്‍ച്ചകളിലൂടെ എന്താണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് വ്യക്തമല്ലാത്തതാണ് പ്രതിസന്ധിയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കരാറിന്റെ പരിധിയെന്താണെന്നോ അജണ്ട നിശ്ചയിക്കുന്നതാരാണെന്നോ വ്യക്തമല്ല. ഇതൊരു ‘കോര്‍സീവ് ഡിപ്ലോമസി’ അതായത് ‘സമ്മര്‍ദം ചെലുത്തുന്ന നയതന്ത്രം’ മാത്രമാണെന്ന് പറയുകയാണ് ലങ്കാസ്റ്റാര്‍ സര്‍വകലാശാല ഇന്റര്‍നാഷണല്‍ പൊളിറ്റിക്സ് വിദഗ്ധന്‍ സൈമണ്‍ മാബണ്‍. എന്‍ഡിടിവിയോടാണ് പ്രതികരണം. സൈനികശക്തി തുറന്നുകാണിച്ച് ഇറാനെ ഭയപ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം. പക്ഷേ ആ നയതന്ത്രം പലപ്പോഴും തെറ്റായ കണക്കുകൂട്ടലുകളിലേക്കും തെറ്റിദ്ധാരണകളിലേക്കും വഴിയൊരുക്കിയേക്കാമെന്നും അദ്ദേഹം പറയുന്നു. കടുത്ത സമ്മര്‍ദത്താല്‍ ഇറാനും ചിലപ്പോള്‍ യുഎസ് താവളങ്ങളെ ആക്രമിക്കാന്‍ സാധ്യതയുണ്ടെങ്കിലും നിരവധി പ്രായോഗിക പ്രശ്നങ്ങള്‍ ഈ നീക്കത്തിനുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

യുഎസ് താവളങ്ങള്‍ കൂടുതലും ഇറാനുമായി നല്ല ബന്ധമുള്ള ഗള്‍ഫ് രാജ്യങ്ങളിലാണ്. ഖത്തറിലെ യുഎസ് താവളങ്ങള്‍ ആക്രമച്ചതോടു കൂടിയാണ് അവരുടെ സൗഹൃദബന്ധം തകരാറിലായതെന്നും ഓര്‍ക്കേണ്ടതാണ്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ അടിയന്തര നയതന്ത്ര സംവാദങ്ങള്‍ക്ക് അതിവേഗത്തില്‍ തയാറാകുന്നതെന്നും അദ്ദേഹം പറയുന്നു. നിലവിലെ ഇറാന്‍റെ ആഭ്യന്തരപ്രശ്നങ്ങളും വലിയ വെല്ലുവിളിയാണ് ആ രാജ്യത്തിന് ഉയര്‍ത്തുന്നത്. സാമ്പത്തിക തകര്‍ച്ചയും വിലക്കയറ്റവും വ്യാപക പ്രതിഷേധങ്ങളും അടിച്ചമര്‍ത്തലുകളും ഇറാനെ അസ്വസ്ഥമാക്കുന്നുണ്ട്. ഉപരോധങ്ങളെല്ലാം നീക്കം ചെയ്യുകയെന്ന ഇറാന്റെ പ്രധാന ലക്ഷ്യം അത്ര എളുപ്പത്തില്‍ നടപ്പാക്കാവുന്നതല്ലെന്നും അദ്ദേഹം പറയുന്നു. നിലവില്‍ വിട്ടുവീഴ്ചയാണ് അമേരിക്കന്‍ സൈനിക നടപടികളേക്കാള്‍ മികച്ചതെന്നും അതിന് ഇറാന്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Latest from Blog

error: Content is protected !!