ഇസ്രായേല്‍ അയേണ്‍ ഡോമിനെയും ഭേദിച്ച് ഇറാന്റെ മിസൈലുകള്‍; ബെയ്ത് ഷെമേമില്‍ മിസൈല്‍ പതിച്ച് ഒമ്പത് പേര്‍ കൊല്ലപ്പെട്ടു; 28 പേര്‍ക്ക് പരിക്കേറ്റു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

ഇസ്രായേല്‍ അയേണ്‍ ഡോമിനെയും ഭേദിച്ച് ഇറാന്റെ മിസൈലുകള്‍; ബെയ്ത് ഷെമേമില്‍ മിസൈല്‍ പതിച്ച് ഒമ്പത് പേര്‍ കൊല്ലപ്പെട്ടു; 28 പേര്‍ക്ക് പരിക്കേറ്റു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

March 1, 2026
IMG 20260301 205156

ടെല്‍അവീവ്> ഇസ്രായേലിനെതിരെ ഇറാന്‍ ആക്രമണം ശക്തമാക്കിയതോടെ ഇസ്രായേലില്‍ പലയിടത്തും മിസൈല്‍ പതിച്ചു. ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇസ്രായേലില്‍ ഒമ്പത് പേര്‍ കൂടി കൊല്ലപ്പെട്ടു. 28 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ മിസൈല്‍ വീണാണ് മരണം. ജറുസലേമില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെ ബെയ്ത് ഷെമേമില്‍ മിസൈല്‍ പതിച്ചാണ് അപകടം ഉണ്ടായത്. ഇവിടെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് ഇറാന്റെ മിസൈല്‍ ഇസ്രയേലില്‍ പതിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇറാന്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേലിലെ ജനവാസ കേന്ദ്രങ്ങളിലാണ് പതിച്ചത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നഗരത്തിലെ ഒരു പൊതു ബോംബ് ഷെല്‍ട്ടറിന് മുകളിലാണ് മിസൈല്‍ നേരിട്ട് പതിച്ചത്.

തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഇറാന്റെ പരമാധികാരി അയത്തൊള്ള അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാന്‍ പ്രത്യാക്രമണം ശക്തമാക്കിയത്. ഇസ്രായേലിലെ വിവിധ നഗരങ്ങളില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. ഇസ്രായേല്‍ പ്രതിരോധ സേനയുടെയും (IDF) മാഗന്‍ ഡേവിഡ് അഡോം ആംബുലന്‍സ് സര്‍വീസിന്റെയും നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. പരിക്കേറ്റവരില്‍ നാലു വയസ്സുകാരനും സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്.

ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, അമേരിക്കക്കും ഇസ്രായേലിനും കടുത്ത ഭാഷയില്‍ മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തുവന്നിരുന്നു. ഇതുവരെ അവര്‍ അനുഭവിച്ചിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് ആക്രമിക്കുമെന്ന് ഇറാന്‍ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് മുന്‍ സൈനിക ഉദ്യോഗസ്ഥനും സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയുമായ അലി ലാരിജാനി വ്യക്തമാക്കി. ‘ഇന്നലെ അമേരിക്കയിലും ഇസ്രായേലിലും ഇറാന്റെ മിസൈലുകള്‍ വര്‍ഷിച്ചു, അവര്‍ക്ക് പരിക്കേറ്റു. ഇന്ന് അവര്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് നമ്മള്‍ ആക്രമിക്കും’ -അദ്ദേഹം എക്‌സില്‍ കുറിച്ചു. നേരത്തെ, ഇറാനെ അതിശക്തമായ രീതിയില്‍ ആക്രമിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനാണ് അതേ നാണയത്തില്‍ ലാരിജാനി മറുപടി നല്‍കിയത്.

അതേസമയം മറ്റു ഗള്‍ഫ് രാജ്യങ്ങളും ജാഗ്രത തുരുകയാണ്. മിസൈല്‍ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് യുഎഇയില്‍ മൂന്ന് ദിവസത്തേക്ക് സ്‌കൂളുകള്‍ അടയ്ക്കുകയും പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിക്കുകയും ചെയ്തു. മാര്‍ച്ച് 2, 3, 4 തീയതികളില്‍ രാജ്യത്തെ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവെച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സ്വകാര്യ – സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’ അനുവദിക്കാനും തീരുമാനിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും യു എ ഇ ഭരണകൂടം അറിയിച്ചു. ദുബായ് ഗ്ലോബല്‍ വില്ലേജടക്കം താത്കാലികമായി അടച്ചിട്ടുണ്ട്.

പശ്ചിമേഷ്യയില്‍ യുദ്ധഭീതി പടര്‍ത്തിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയായി ദുബായ് ഗ്ലോബല്‍ വില്ലേജ് താത്കാലികമായി അടച്ചു. സന്ദര്‍ശകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്ലോബല്‍ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിപ്പ്. ഇറാന്റെ തിരിച്ചടിയുടെ ഭാഗമായി ഗള്‍ഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈല്‍ ആക്രമണങ്ങളും യു എ ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിനോദസഞ്ചാരികളും പ്രവാസികളും ധാരാളമായി എത്തുന്ന കേന്ദ്രമായതിനാല്‍ ജനക്കൂട്ടം ഒഴിവാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

ഇറാന്റെ ഭാഗത്ത് നിന്നും തുടര്‍ച്ചയായ മിസൈല്‍ – ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ കടുത്ത മുന്നറിയിപ്പുമായി നേരത്തെ യു എ ഇ രംഗത്തെത്തിയിരുന്നു. ഇനിയും ആക്രമണം ഉണ്ടായാല്‍ രാജ്യം ശക്തമായ പ്രതിരോധത്തിലേക്കും തിരിച്ചടിയിലേക്കും നീങ്ങുമെന്ന് യു എ ഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അല്‍ ഹാഷിമി മുന്നറിയിപ്പ് നല്‍കി. ‘സിഎന്‍എന്നി’ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി യുഎഇയുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss