ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും സ്‌ഫോടനം: ദുബായിലും അബുദാബിയിലും സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകള്‍; ബുര്‍ജ് ഖലീഫയ്ക്ക് സമീപമെത്തിയ ഡ്രോണുകള്‍ തകര്‍ത്തു - Kerala Times    

ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും സ്‌ഫോടനം: ദുബായിലും അബുദാബിയിലും സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകള്‍; ബുര്‍ജ് ഖലീഫയ്ക്ക് സമീപമെത്തിയ ഡ്രോണുകള്‍ തകര്‍ത്തു

March 1, 2026
IMG 20260301 224802

ദുബായ്: മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണം തുടരുന്നതിനിടെ ദുബായ്, അബുദാബി, ദോഹ, മനാമ എന്നിവിടങ്ങളില്‍ നിന്നും പുതിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകള്‍. ദുബായില്‍ നിരവധി സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയും റിപ്പോര്‍ട്ട് ചെയ്തു. മനാമയിലും ഖത്തറിലും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാനിയന്‍ ആക്രമണം നടന്ന ഒരു ഹോട്ടലില്‍ സൈറണുകള്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇറാന്റെ ആണവ പദ്ധതിക്കെതിരെ അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണം ആരംഭിച്ചതിനുശേഷം രണ്ടാം ദിവസവും സ്‌ഫോടനങ്ങള്‍ തുടരുകയാണ്.

അതിനിടെ ഇറാന്റെ ഡ്രോണുകള്‍ ബുര്‍ജ് ഖലീഫക്ക് സമീപം എത്തിയെങ്കിലും പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചു അത് തകര്‍ത്തു. ഇതിന് പിന്നാലെ ദുബായിലെ ബുര്‍ജ് ഖലീഫ ഒഴിപ്പിച്ചു. ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഒഴിപ്പിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക മാധ്യമങ്ങളിലെല്ലാം ഇത് വലിയ വാര്‍ത്തയാകുകയും ചെയ്തു.

പാം ജുമൈറയിലെ ഫെയര്‍മോണ്ട് ഹോട്ടലില്‍ ഡ്രോണ്‍ പതിച്ചതിനെത്തുടര്‍ന്ന് കെട്ടിടത്തിന്റെ താഴ്ന്ന നിലകളില്‍ തീഉയര്‍ന്നും ആശങ്കയിലായിരുന്നു. സംഭവസമയത്ത് ഹോട്ടലിലുണ്ടായിരുന്ന വിദേശ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബേസ്മെന്റുകളില്‍ അഭയം തേടി. അതിനിടെ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായി ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചിട്ടു. സന്ദര്‍ശകരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം. തുറക്കുന്ന സമയം പിന്നീട് അറിയിക്കും.

ഗ്ലോബല്‍ വില്ലേജ് വീണ്ടും തുറക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക ചാനലുകള്‍ വഴി ഉടന്‍ അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും അഭ്യര്‍ഥിച്ചു.

പതിച്ചത് 165 മിസൈലുകളും 541 ഡ്രോണുകളും; 3 മരണം

അതേസമയം ഇറാന്റെ തിരിച്ചടിയില്‍ രൂക്ഷമായ ആക്രമണമാണ് യു എ ഇ നേരിടുന്നത്. യു എ ഇയ്ക്ക് നേരെ ഇറാന്റെ അതിശക്തമായ മിസൈല്‍ – ഡ്രോണ്‍ ആക്രമണമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. 165 ബാലസ്റ്റിക് മിസൈലുകളും 2 ക്രൂസ് മിസൈലുകളും 541 ഡ്രോണുകളുമാണ് ഇതിനകം യു എ ഇ ലക്ഷ്യമാക്കി എത്തിയത്. ഇതില്‍ ഭൂരിഭാഗവും പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെങ്കിലും മിസൈല്‍ അവശിഷ്ടങ്ങള്‍ ജനവാസ മേഖലകളില്‍ പതിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. ആക്രമണങ്ങളില്‍ 58 പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നുവെന്ന് യു എ ഇ അധികൃതര്‍ വ്യക്തമാക്കി. യു എ ഇ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 152 ബാലസ്റ്റിക് മിസൈലുകളും 506 ഡ്രോണുകളും ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചു. 21 ഡ്രോണുകള്‍ ജനവാസ കേന്ദ്രങ്ങളില്‍ പതിച്ചതാണ് നാശനഷ്ടങ്ങള്‍ക്കും മരണത്തിനും കാരണമായത്. മേഖലയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ യു എ ഇ അതീവ ജാഗ്രതയിലാണ്.

Latest from Blog

error: Content is protected !!