ന്യൂഡൽഹി> അമേരിക്കയും ഇറാനും യുദ്ധഭൂമിയിൽ ചാവേർ ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. യുക്രൈൻ യുദ്ധകാലത്താണ് ഡ്രോണുകൾ യുദ്ധഭൂമിയിലെ നിർണായക ആയുധമായി മാറിയത്. ഓപ്പറേഷൻ സിന്ദൂർ കാലത്തും ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. യുക്രൈൻ യുദ്ധകാലത്ത് ഇറാനിൽ നിന്ന് സ്വന്തമാക്കിയ ഷഹീദ് ഡ്രോണുകളുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് റഷ്യ വ്യാപകമായി ഇത്തരം ഡ്രോണുകൾ നിർമിക്കുകയും യുക്രൈനെതിരെ പ്രയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ നിരവധി പരിഷ്കാരങ്ങളും റഷ്യ നടത്തിയിട്ടുണ്ട്. സമാനമായി ലൂകാസ് ( ലോ കോസ്റ്റ് അൺക്രൂവ്ഡ് കോംബാറ്റ് സിസ്റ്റം) എന്ന ഡ്രോണുകൾ അമേരിക്കയും വികസിപ്പിച്ചിരുന്നു. ഇവയെ യുഎസ് ആദ്യമായി യുദ്ധത്തിൽ പ്രയോഗിക്കുന്നത് ഇറാന് നേരെയാണ്.
ചെലവ് കുറഞ്ഞ മാരകമായ ദീർഘദൂര ആക്രണ ശേഷിയുള്ള ചാവേർ ഡ്രോണുകൾ സ്വന്തമായി വികസിപ്പിച്ച് ഇന്ത്യയും ഇക്കാര്യത്തിൽ സ്വയംപര്യാപ്തത നേടിയിരിക്കുകയാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതിരോധ സ്റ്റാർട്ടപ്പ് ആയ ന്യൂസ്പേസ് റിസർച്ച് ടെക്നോളജീസ് ആണ് ‘ശേഷ്നാഗ്-150’ നിർമ്മിക്കുന്നത്. 1,000 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയുള്ള ഈ ഡ്രോണിന് അഞ്ച് മണിക്കൂറിലധികം വായുവിൽ തങ്ങിനിൽക്കാൻ (endurance) സാധിക്കും. 25 മുതൽ 40 കിലോഗ്രാം വരെ ഭാരമുള്ള സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ള ഇവയ്ക്ക് ശത്രുവിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും വാഹനങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്താൻ കഴിയും. മനുഷ്യ ഇടപെടലില്ലാതെ തന്നെ ശത്രുലക്ഷ്യങ്ങളെ കണ്ടെത്താനും പിന്തുടരാനും ആക്രമിക്കാനും ഈ ഡ്രോണുകൾക്ക് സാധിക്കും.
ജിപിഎസ് (GPS) സിഗ്നലുകൾ തടസ്സപ്പെടുന്ന സാഹചര്യങ്ങളിൽപ്പോലും പ്രവർത്തിക്കാൻ സഹായിക്കുന്ന വിഷ്വൽ നാവിഗേഷൻ സിസ്റ്റം ശേഷ്നാഗിലുണ്ട്. ചിലവ് കുറഞ്ഞതും എന്നാൽ പ്രഹരശേഷി കൂടിയതുമായ ഇത്തരം ആയുധങ്ങൾ ഭാവിയിലെ യുദ്ധങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
