നോർവേ തലസ്ഥാനമായ ഓസ്ലോയിലെ യുഎസ് എംബസിയിൽ ഞായറാഴ്ച പുലർച്ചെ സ്ഫോടനം ഉണ്ടായതായി പോലീസ് അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ ഒരു മണിയോടെയാണ് (0000 GMT) സംഭവം നടന്നതെന്ന് ഓസ്ലോ പോലീസ് വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും എന്നാൽ എംബസി കെട്ടിടത്തിന് നേരിയ നാശനഷ്ടങ്ങൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു.
എംബസിയുടെ കോൺസുലാർ വിഭാഗത്തിന്റെ പ്രവേശന കവാടത്തിലാണ് സ്ഫോടനം നടന്നതെന്ന് ഇൻസിഡന്റ് കമാൻഡർ മൈക്കൽ ഡെല്ലിമൈറിനെ ഉദ്ധരിച്ച് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻആർകെ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ ലഭിച്ചതായും ഉടൻ തന്നെ സ്ഥലത്തെത്തി സ്ഫോടനം സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ സ്ഫോടനത്തിന്റെ സ്വഭാവത്തെക്കുറിച്ചോ ഉപയോഗിച്ച വസ്തുക്കളെക്കുറിച്ചോ കൂടുതൽ വെളിപ്പെടുത്താൻ പോലീസ് തയ്യാറായിട്ടില്ല.
സ്ഫോടനം ഒരാൾ ആസൂത്രിതമായി ചെയ്തതാണെന്ന് കരുതുന്നതായി മൈക്കൽ ഡെല്ലിമൈർ പിന്നീട് ടിവി2-നോട് പറഞ്ഞു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണെന്നും സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തെത്തുടർന്ന് എംബസിക്ക് ചുറ്റുമുള്ള വലിയൊരു പ്രദേശം പോലീസ് അടച്ചുപൂട്ടുകയും ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുകയും ചെയ്തു.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎസ് എംബസികൾക്ക് നേരത്തെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഓസ്ലോയിലെ സംഭവത്തിന് നിലവിലെ യുദ്ധസാഹചര്യങ്ങളുമായി ബന്ധമുള്ളതായി ഇതുവരെ സൂചനകളൊന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇക്കാര്യം സ്ഥിരീകരിക്കാൻ ഇപ്പോൾ കഴിയില്ലെന്നും അന്വേഷണം തുടരുകയാണെന്നും മൈക്കൽ ഡെല്ലിമൈർ അറിയിച്ചു.
