'ഇറാനിയന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിടുന്നു'; വ്യാജപ്രചരണങ്ങള്‍ക്കിടെ പുതിയ ചിത്രം പങ്കുവെച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് - Kerala Times    

Advertisement

Tuesday, March 17, 2026
Dark
Light

Advertisement

AD

AD

‘ഇറാനിയന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിടുന്നു’; വ്യാജപ്രചരണങ്ങള്‍ക്കിടെ പുതിയ ചിത്രം പങ്കുവെച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്

March 17, 2026
20260317 212220

ടെല്‍ അവീവ്> ഇറാന്റെ ആക്രമണത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടെന്ന തരത്തില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന അവകാശവാദങ്ങള്‍ തള്ളി ഇസ്രായേല്‍. നെതന്യാഹു ഫോണില്‍ സംസാരിക്കുന്നതിന്റെ പുതിയ ചിത്രം പുറത്തുവിട്ടു. ഇറാന്റെ മുതിര്‍ന്ന നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്ക് നെതന്യാഹു നേരിട്ട് ഉത്തരവ് നല്‍കുന്ന ചിത്രമാണിതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ചൊവ്വാഴ്ച ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നെതന്യാഹുവിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടയിലാണ് നാടകീയമായ ഈ നീക്കം.

‘ഇറാനിയന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിടുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലാണ് ഈ ചിത്രം പങ്കുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഒരു കമാന്‍ഡ് സെന്ററില്‍ ഇരുന്നാണ് അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതെന്നാണ് സൂചന.

ഇറാന്‍ നടത്തിയ ആക്രമണത്തില്‍ നെതന്യാഹു കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, ഇസ്രായേല്‍ അധികൃതരും സ്വതന്ത്ര ഫാക്ട് ചെക്കര്‍മാരും ഈ വാര്‍ത്തകള്‍ നേരത്തെ തന്നെ തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി ആരോഗ്യവാനാണെന്നും ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലാണെന്നും ഇസ്രായേല്‍ ആവര്‍ത്തിച്ചു.

ഇറാനിലെ സൈനിക-തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തുന്ന മിസൈല്‍-വ്യോമാക്രമണങ്ങള്‍ക്കിടയിലാണ് തീരുമാനങ്ങള്‍ നെതന്യാഹു നേരിട്ട് വിലയിരുത്തുന്നു എന്ന രീതിയിലുള്ള ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ഇരുപക്ഷവും തമ്മിലുള്ള പോരാട്ടം ഇപ്പോഴും അയവില്ലാതെ തുടരുകയാണ്. അതിനിടെ ഇറാന്‍ നേതാവ് അലി ലാറിജാനി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഉന്നത സൈനിക-ഭരണ നേതൃത്വങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രയേല്‍ പ്രതിരോധ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാനിയന്‍ അര്‍ദ്ധസൈനിക വിഭാഗമായ ബാസിജിന്റെ കമാന്‍ഡര്‍ ഗുലാംറേസ സുലൈമാനിയും കൊല്ലപ്പെട്ടു.

ബാസിജിന്റെ ആസ്ഥാനങ്ങള്‍ തകര്‍ത്തതിനെത്തുടര്‍ന്ന് പുതുതായി നിര്‍മ്മിച്ച താല്‍ക്കാലിക ക്യാമ്പില്‍ വെച്ചാണ് സുലൈമാനിയെ ഇസ്രയേല്‍ വകവരുത്തിയത്. അദ്ദേഹത്തോടൊപ്പം ബാസിജിന്റെ ഡെപ്യൂട്ടി കമാന്‍ഡറും മറ്റ് നിരവധി ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഐഡിഎഫ് അവകാശപ്പെടുന്നു. ഇറാനിലെ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പങ്ക് വഹിച്ചിരുന്ന വിഭാഗമാണ് ബാസിജ്. അതേസമയം ഇക്കാര്യത്തില്‍ ഇറാന്റെ സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഇറാനിയന്‍ ഭരണകൂടത്തിലെ അതിശക്തനായ കൊല്ലപ്പെട്ട പരമോന്നത നേതാവ് അലി ഖമനേയിയുടെ വലംകൈയുമായിരുന്ന അലി ലാരിജാനിയെ ലക്ഷ്യമിട്ടാണ് ടെഹ്റാനില്‍ രണ്ടാമത്തെ ആക്രമണം നടന്നത്.

ഇറാനിയന്‍ നേതാക്കള്‍ക്ക് പുറമെ, പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് നേതാവ് അക്രം അല്‍-അജൗറിയെയും സംഘത്തെയും ഇസ്രയേല്‍ ലക്ഷ്യം വെച്ചു. ബുധനാഴ്ച നടന്ന ആക്രമണത്തില്‍ അല്‍-അജൗറി കൊല്ലപ്പെട്ടതായി സൈന്യം വിശ്വസിക്കുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഗാസയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇവര്‍ ടെഹ്റാനിലെ ഒരു സുരക്ഷിത കേന്ദ്രത്തില്‍ ഒളിച്ചു കഴിയുമ്പോഴാണ് ആക്രമണം ഉണ്ടായത്.

ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ ഈ സൈനിക വിജയങ്ങളെ ശരിവെച്ചു. രാത്രിയില്‍ നടന്ന ഓപ്പറേഷനുകള്‍ വഴി ശത്രുപക്ഷത്തെ നിര്‍ണ്ണായക നേതാക്കളെ വകവരുത്താന്‍ സാധിച്ചുവെന്നും, ഇത് വരാനിരിക്കുന്ന സൈനിക നീക്കങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനുമായി ബന്ധപ്പെട്ട വിദേശ ശക്തികളെ ഇറാന്റെ മണ്ണില്‍ തന്നെ നേരിടുന്നത് സൈന്യത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മറുപടിയായി ഇറാന്‍ മേഖലയിലുടനീളം ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ തുടരുകയാണ്. അതിനിടെ ഇറാനെതിരെയുള്ള യുദ്ധത്തിനിടയിലും ഇറാന്‍ ജനതയ്ക്ക് നെതന്യാഹു പുതുവത്സരാശംസ നേര്‍ന്നു. ഇറാനിയന്‍ പുതുവര്‍ഷമായ നൗറൂസ് പ്രമാണിച്ചാണ് തിങ്കളാഴ്ച നെതന്യാഹു ഇറാന്‍ ജനതയ്ക്ക് വീഡിയോയിലൂടെ ആശംസയറിയിച്ചത്.

‘ധീരരായ ഇറാനിയന്‍ ജനതയ്ക്ക്, ഞാന്‍ എല്ലാ കൊല്ലവും പറയുന്നതുപോലെ, പ്രകാശത്തിന്റെ ഉത്സവത്തോടുകൂടിയ ഈ ആഘോഷകാലം നിങ്ങള്‍ക്ക് സന്തോഷകരമാകട്ടെ,’ നെതന്യാഹു പറഞ്ഞു. ബുധനാഴ്ച ആഘോഷിക്കപ്പെടുന്ന പുരാതന ഇറാനിയന്‍ ഉത്സവമായ ചാഹര്‍ഷാന്‍ബെ സൂറിയെയാണ് അദ്ദേഹം പരാമര്‍ശിച്ചത്. ”ഇരുട്ടിന്മേല്‍ പ്രകാശത്തിന്റെ വിജയം, തിന്മയുടെമേല്‍ നന്മയുടെ വിജയം എന്ന ഇറാനിയന്‍ ജനതയുടെ പുരാതന വിശ്വാസത്തെ ഇത് സൂചിപ്പിക്കുന്നു,’ ഫാര്‍സിയില്‍ ഉപശീര്‍ഷകങ്ങളോടെ അദ്ദേഹം ഇംഗ്ലീഷില്‍ പറഞ്ഞു,

‘ഈ വര്‍ഷം ഈ അവധിക്കാലത്തിന് പ്രത്യേക അര്‍ഥമുണ്ട്… ഞാന്‍ ഈ അവസരം പ്രയോജനപ്പെടുത്തി നിങ്ങള്‍ക്ക് സന്തോഷകരമായ നൗറൂസ് ആശംസിക്കുന്നു – സ്വാതന്ത്ര്യത്തിന്റെ ഒരു വര്‍ഷം. നിങ്ങള്‍ക്കെല്ലാവര്‍ക്കും പ്രതീക്ഷയുടെ ഒരു പുതിയ തുടക്കം,’ വെള്ളിയാഴ്ച ആഘോഷിക്കപ്പെടുന്ന ഈ ആഘോഷത്തെക്കുറിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.

Categories

Advertisement

AD

AD

Ad

Latest from Blog

error: Content is protected !!

AD

Don't Miss